- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുമക്കൾക്ക് പൊലീസ് വിലയിട്ട സംഭവം; എഎസ്ഐ. വിനോദ് കൃഷ്ണയ്ക്കെതിരെ കൂടുതൽ നടപടികൾ; സസ്പെൻഷന് പിന്നാലെ 27 ലക്ഷം രൂപയുടെ വഞ്ചനക്കേസും; കേസ് രജിസ്റ്റർ ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം
കൊച്ചി: അഞ്ചുമക്കൾക്ക് പൊലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തിൽ ആരോപണ വിധേയനും സസ്‌പെൻഷനിലുമുള്ള എഎസ്ഐ. വിനോദ് കൃഷ്ണയ്‌ക്കെതിരേ 27 ലക്ഷം രൂപയുടെ വഞ്ചനക്കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് വിനോദ് കൃഷ്ണയ്‌ക്കെതിരേ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വാഴക്കാല സ്വദേശി അസ്ലം ഉളിക്കുന്നോൻ നൽകിയ പരാതിയിലാണ് കേസ്. വിനോദ്കൃഷ്ണ ഒന്നാംപ്രതിയായ കേസിൽ സതീഷ് കുമാർ, സായി ശങ്കർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. വിനോദ് കൃഷ്ണയുടെ സുഹൃത്തുക്കളായ സതീഷ്‌കുമാറും സായി ശങ്കറും ചേർന്നു നടത്തുന്ന ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് ആദ്യം 18 ലക്ഷം രൂപ വാങ്ങി. മാർച്ച് 13 നായിരുന്നു ഇത്.
പിന്നീട് മാർച്ച് 15-ന് ചെന്നൈയിൽ കസ്റ്റംസിന്റെ ലേലത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ഒമ്പതുലക്ഷം കൂടി വാങ്ങി. ചെന്നൈയിലെ ബാങ്കിൽ വെച്ച് വിനോദ്കൃഷ്ണ തന്നെ പണം കൈപ്പറ്റിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പരാതിക്കാരനിൽനിന്ന് കൈപ്പറ്റിയ പണം തിരികെ നൽകാതെ ചതിച്ചുവെന്നാണ് കേസ്.ഐ.പി.സി. 406, 420, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ശക്തമായ ആരോപണങ്ങൾ വന്നതോടെ, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എഎസ്ഐ. ആയിരുന്ന വിനോദ് കൃഷ്ണയെ വെള്ളിയാഴ്ച അന്വേഷണവിധേയമായി ജില്ലാ സായുധസേനാ ക്യാമ്പിലേക്കു സ്ഥലംമാറ്റിയിരുന്നു.തുടർന്നായിരുന്നു സസ്‌പെൻഷൻ.മകളെ സഹോദരന്മാർ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിനോദ് കൃഷ്ണയ്ക്കുനേരെയുള്ള ആരോപണം. ഇതോടൊപ്പം, ബലാത്സംഗക്കേസിൽ ഇരയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ എഎസ്ഐ. നിർബന്ധിച്ചതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
വിനോദ് കൃഷ്ണയ്ക്കുനേരെ ഉയർന്ന മറ്റാരോപണങ്ങളിലും രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹത്തിനു നിർബന്ധിച്ചതിൽ വിനോദ് കൃഷ്ണയോടൊപ്പമുണ്ടായിരുന്ന മറ്റുപൊലീസുകാർക്കും പങ്കുള്ളതായി മാതാപിതാക്കൾ ആരോപിച്ചു. ഇവർക്കെതിരേ അന്വേഷണമോ മറ്റുനടപടികളോ ഉണ്ടായിട്ടില്ല. ഈ ഉദ്യോഗസ്ഥരെ മാറ്റിനിർത്താതെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നാണ് ആരോപണം.
എഎസ്ഐ.ക്കെതിരേ മാത്രം നടപടിയെടുത്ത് പ്രശ്‌നങ്ങൾ ഒതുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. പൊലീസ് തങ്ങളുടെ ഭാഗം കേൾക്കാതിരിക്കുകയും ഭാഷാപ്രശ്‌നവുമുള്ളതിനാൽ, മറ്റൊരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്
മറുനാടന് മലയാളി ബ്യൂറോ