വാഷിങ്ടൺ ഡി.സി: അമേരിക്കയിൽ വ്യാപകമായ പാൻഡമിക്കിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും താത്കാലിക ആശ്വാസം നൽകുന്നതിന് ട്രംപും ഡമോക്രാറ്റിക് പാർട്ടിയും തത്വത്തിൽ യോജിച്ച രണ്ടായിരം ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്ന പ്രതീക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് പൂർണമായും അസ്തമിച്ചു.

യുഎസ് ഹൗസ് പാസാക്കിയ ബിൽ യുഎസ് സെനറ്റിൽ ബുധനാഴ്ച ചർച്ചയ്ക്കെത്തിയപ്പോൾ, സെനറ്റ് ഭൂരിപക്ഷകക്ഷിയുടെ (റിപ്പബ്ലിക്കൻ) നേതാവ് മിച്ച് മെക്കോണൽ അനുമതി നൽകിയില്ലെന്നു മാത്രമല്ല, വോട്ടെടുപ്പ് വേണമെന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ ആവശ്യം തള്ളിക്കളയുകയും ചെയ്തു. ട്രംപ് ഒപ്പിട്ട സ്റ്റിമുലസ് ചെക്ക് പാക്കേജിൽ 600 ഡോളർ നൽകുന്നതിനുള്ള തീരുമാനമുണ്ടെന്നും, ഇനിയും തുക വർധിപ്പിക്കുന്നത് അനർഹരായ നിരവധി ആളുകൾക്ക് സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിനും തടസമാകുമെന്നും മെക്കോണൽ പറഞ്ഞു.

സ്റ്റിമുലസ് ചെക്ക് പല അമേരിക്കൻ കുടുംബങ്ങൾക്കും ആവശ്യമില്ലാത്തതാണെന്നും, യഥാർഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കാര്യം അനുഭാവപൂർവം പിന്നീട് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. വർഷാവസാനം നടന്ന യുഎസ് സെനറ്റ് യോഗത്തിൽ മറ്റു പല വിഷയങ്ങളും ചർച്ച ചെയ്യണമെന്നും അതിനാൽ ഇതിനു സമയം ചെലവഴിക്കാനാവില്ലെന്നും മെക്കോണൽ കൂട്ടിച്ചേർത്തു.