ദോഹ: ഇറച്ചിയും മീനും വാങ്ങുമ്പോൾ ഉപയോക്താക്കൾ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് വ്യക്തമാക്കി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയും അർബൻ പ്ലാനിംഗും ബോധവത്ക്കരണ കാമ്പയിൽ തുടങ്ങി. ഇത്തരം സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ഉപയോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ അവ ബോധിപ്പിക്കുന്നതിനായിപൊതു സ്ഥലങ്ങളിലും രാജ്യത്തെമ്പാടുമുള്ള റോഡുകളുടെ വശത്തും 44266666 എന്ന നമ്പർ വ്യക്തമായി എഴുതിയിട്ടുണ്ട്.

പഴക്കം ചെന്നതും കാലാവധി കഴിഞ്ഞതുമായി ഇറച്ചിയും മീനും വിൽക്കുന്നതായി ആരുടെയെങ്കിലും ശ്രദ്ധയില്പെട്ടാൽ അത് അധികൃതരെ അറിയിക്കുന്നതിനാണ് ഈ നമ്പർ പരസ്യപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ തനിച്ചല്ല, ഞങ്ങളും നിങ്ങൾക്കൊപ്പമുണ്ട് എന്ന പരസ്യവാചകവും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. പഴകിയ സാധനങ്ങൾ വിൽക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരം പരസ്യവാചകവും ചേർത്തിരിക്കുന്നത്.

ആരോഗ്യത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചും ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനാണ് ഇത്തരം കാമ്പയിനുകൾ സംഘടിപ്പിക്കുന്നതെന്ന് ഫുഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഹെഡ് മുഹമ്മദ് അൽ സെയ്ദ് വ്യക്തമാക്കി. മാർക്കറ്റിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടല്ല ഇത്തരം കാമ്പയിനുകൾ ആരംഭിച്ചതെന്നും അൽ സെയ്ദ് വെളിപ്പെടുത്തി.
നിലവിൽ ഇറച്ചിക്കും മീനിനും ക്ഷാമമൊന്നുമില്ലെന്നും ഏറെ നാളത്തേക്ക് ആളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനായി ധാരാളം സാധനങ്ങൾ വാങ്ങിവയ്‌ക്കേണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പഴകിയ ഇറച്ചിയും മീനും വിൽക്കുന്നവർക്കെതിരേ കൂടാതെ ഇവയുടെ മറ്റ് ഉത്പന്നങ്ങളായ സോസേജ്, സ്‌മോക്ക്ഡ് മീറ്റ് തുടങ്ങിയ കാലാവധി കഴിഞ്ഞ് വിൽക്കുന്ന ഫുഡ് ജോയിന്റുകൾ, ഫാസ്റ്റ് ഫുഡ് സെന്ററുകൾ തുടങ്ങിയക്കെതിരേയും ഇതേ നമ്പരിൽ പരാതി സമർപ്പിക്കാമെന്നും അൽ സെയ്ദ് പറഞ്ഞു.