കാസർഗോഡ്: മറ്റു പാർട്ടികൾക്കു കടന്നുവരാൻ ധൈര്യമില്ലാത്ത സിപിഐ(എം) പാർട്ടിഗ്രാമത്തിൽ ബിജെപി നേതാവ് നടത്തിയ വെല്ലുവിളി ആശങ്കയുയർത്തിയിരിക്കുകയാണ്. കയ്യൂർ ചീമേനി പഞ്ചായത്ത് വീണ്ടും രാഷ്ട്രീയസംഘർഷഭൂമിയായി മാറുമോയെന്ന ഭയപ്പാടിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ബിജെപി.യുടെ പോഷക സംഘടനയായ എസ്.സി.-എസ്.ടി മോർച്ചയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.സുധീറിനേയും മറ്റു ഭാരവാഹികളേയും അക്രമിച്ച സംഭവത്തോടെയാണ് ചീമേനി വീണ്ടും പുകയുന്നത്.

സംഘടന യോഗം സംഘടിപ്പിച്ചപ്പോൾത്തന്നെ പാർട്ടിപ്രവർത്തകർ ചുറ്റും കൂടിയിരുന്നു. യോഗം കഴിഞ്ഞു പോയവരെയാണ് സിപിഎമ്മുകാർ ആക്രമിച്ചത്. പാർട്ടിചെങ്കോട്ടയിൽ തിരിച്ചുചോദിക്കാൻ ധൈര്യമുള്ളവരില്ലെന്ന സാഹചര്യത്തിലാണ് ബിജെപി. നേതാവ് പി.കെ. കൃഷ്ണദാസ് തന്നെ സ്ഥലത്തെത്തി ചീമേനിയിൽ പ്രതിഷേധസംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസോ സിപിഐ.(എം.) കാരോ പ്രതിഷേധസംഗമം തടയാൻ വരുന്നതു കാണട്ടെയെന്നും കൃഷ്ണദാസ് വെല്ലുവിളിച്ചിരിക്കയാണ്. ചീമേനിയിലെ പഴയ കഥകളറിയാവുന്നവർ ബിജെപി.യുടെ പോർവിളിയിൽ ഭയവിഹ്വലരായിരിക്കയാണ്.

കയ്യൂർ -ചീമേനി പഞ്ചായത്തിന് സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ തന്നെ ചോരയിൽ കുതിർന്ന ചരിത്രമുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കയ്യൂരിലെ കർഷകയുവാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങി. ബ്രിട്ടീഷ് പൊലീസുകാരനായ സുബ്ബരായന്റെ ക്രൂരമായ മർദ്ദനമുറകൾ സമരക്കാർക്ക് നേരെ അഴിച്ചു വിട്ടു. അക്രമം അസഹനീയമായപ്പോൾ മഠത്തിൽ അപ്പുവിന്റേയും പി.കുഞ്ഞമ്പു നായരുടേയും നേതൃത്വത്തിൽ ജനക്കൂട്ടം സുബ്ബരായനെന്ന പൊലീസുകാരനെ അക്രമിച്ചു പുഴയിൽ ചാടിച്ചു. തുടർന്ന് കല്ലെറിഞ്ഞുകൊന്നു. ഈ സംഭവത്തിൽ മഠത്തിൽ അപ്പു, കുഞ്ഞമ്പു നായർ, ചിരുകണ്ടൻ, അബൂബക്കർ എന്നിവരെ തൂക്കിലേറ്റി. മൈനറായതിനാൽ പ്രതികളിലൊരാളായ ചൂരിക്കാടൻ കൃഷ്ണൻ നായരെ ജയിലടക്കുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരവും കയ്യൂർ ചീമേനിയിലെ മണ്ണ് ചുവന്നുതന്നെ കിടന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യത്തിലായിരുന്നു ഈ ഗ്രാമം. ചെങ്കൊടികളും പാർട്ടിസ്മാരകങ്ങളും സ്തൂപങ്ങളും പാർട്ടിയുടെ ശക്തി വിളിച്ചോതുന്നു. കോൺഗ്രസ്സിനു പോലും അപൂർവ്വം അണികൾ മാത്രമാണുണ്ടായത്. അവരുടെ പ്രവർത്തനവും ശക്തമായിരുന്നില്ല. 1962 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ.(എം.) യുടെ കുത്തകഗ്രാമമായി ഈ പ്രദേശം മാറി. കോൺഗ്രസ്സിന്റെ ബാലികേറാമലയായിത്തന്നെ ഈ പ്രദേശം നില നിന്നു. അന്ന് കണ്ണൂർ ജില്ലയിലായിരുന്ന ചീമേനിയിലെ കോൺഗ്രസ്സുകാരെ സംഘടിപ്പിക്കാൻ അന്നത്തെ ഡി.സി.സി. പ്രസിഡണ്ട് എൻ. രാമകൃഷ്ണൻ പ്രത്യേക താത്പര്യമെടുത്തു.

കയ്യൂർ ചീമേനിയിൽ സിപിഐ.(എം.) ഓഫീസിന് ഒരു വിളിപ്പാടകലെ കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസ് ആരംഭിച്ചു. അതിന് താഴെ ത്രിവർണ്ണപതാകയും പാറി. അപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ്സ് ബൂത്ത് ഏജന്റുമാർക്കും പോളിങ് ഏജന്റുമാർക്കും നേരെ സിപിഐ.(എം.) പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ചീമേനിയിൽ സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ കോൺഗ്രസ്സുകാർ സിപിഐ.(എം.) ഓഫീസിൽ കയറി തീയിട്ടു. നാല് സിപിഐ.(എം.) പ്രവർത്തകർ കുത്തേറ്റും വെന്തും ഓഫീസിനകത്തു മരിച്ചുവീണു. ഇതേ തുടർന്ന് ഏറെക്കാലം ഈ മേഖലയിൽ അക്രമങ്ങളുടെ പരമ്പര തന്നെ അരങ്ങേറി.

കോൺഗ്രസ്സിന് തീരാകളങ്കമായിമാറിയ ഈ സംഭവം ചീമേനിയെ കലാപകലുഷിതമാക്കി. രാഷ്ട്രീയകുടിപ്പകക്ക് ശമനമുണ്ടായില്ല. കോൺഗ്രസ്സുകാരായ എബ്രഹാം തുടങ്ങിയ പ്രതികളെ കോടതി വിട്ടയച്ചു. എന്നാൽ ഈ പ്രതികളെ ഓരോരുത്തരേയായി സിപിഐ.(എം.) വക വരുത്തുക തന്നെ ചെയ്തു. ആ അദ്ധ്യായം അങ്ങനെ പര്യവസാനിച്ചുവെങ്കിലും ചീമേനി ഇന്നും പാർട്ടിഗ്രാമമായി തന്നെ തുടരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പാർട്ടി ഗ്രാമത്തിൽ നിന്നും ഒരു കോൺഗ്രസ്സുകാരൻ മത്സരിച്ചു ജയിച്ചു. സിപിഐ.(എം) ക്കകത്തെ വിഭാഗീയതയാണ് ഇതിനു കാരണമായതെന്നാണ് പറയുന്നത്. എന്നാൽ സിപിഐ.(എം.) യും കോൺഗ്രസ്സും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല.

പാർട്ടി ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ചീമേനിയിൽ ഇപ്പോൾ ബിജെപി.യുടെ കടന്നുവരവാണ് ചർച്ച ചെയ്യപ്പെടുന്നത്. ബിജെപി. തത്വത്തിൽ ചീമേനി കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തീരുമാനമെടുത്തിരിക്കയാണ്. പോഷകസംഘടനയുടെ പരിപാടി കഴിഞ്ഞ ഉടനെ അവരെ ആക്രമിച്ച സംഭവം ഉയർത്തിക്കാട്ടി സിപിഐ(എം) പാർട്ടി തട്ടകത്തിൽ തന്നെ പ്രതിഷേധസംഗമം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന താക്കീതും പി.കെ. കൃഷ്ണദാസ് നൽകിക്കഴിഞ്ഞു. ചീമേനി സംഭവം ഒരു സംസ്ഥാന വിഷയമാക്കി ഉയർത്തിക്കാട്ടാനാണ് ബിജെപി.യുടെ ശ്രമം. ചീമേനിയുടെ പഴയ ചരിത്രമറിയാവുന്നവർ ഈ സംഭവങ്ങളെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്.