തൊടുപുഴ: ആശിച്ച് പണികഴിപ്പിച്ച വീട്ടിലേയ്ക്ക് മാറാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ഷിബുവും കുടുംബവും അതിക്രൂരമായി കൊല്ലപ്പെടുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടടുത്താണ് ചീനിക്കൂഴി ആലിയേക്കുന്നേൽ ഷിബു എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസൽ, ഭാര്യ സീബ ,മക്കളായ മെഹറിൻ ,അസ്ന എന്നിവരെ ഷിബുവിന്റെ പിതാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തു നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ ഷിബുവിന്റെ പിതാവ് ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു വർഷം മുമ്പാണ് ചീനിക്കുഴിയിൽ നിന്നും കഷ്ടി ഒന്നര കിലോമീറ്റർ അകലെ മഞ്ചിക്കല്ലിൽ 10 സെന്റ് സ്ഥലം വാങ്ങുന്നതി. 6 മാസം മുമ്പാണ് വീട് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ ഒട്ടുമുക്കാലും പൂർത്തിയായിരുന്നു. ഏതാണ്ട് ഒരാഴ്ചകൂടി കഴിഞ്ഞാൽ വീട് താമസത്തിന് റെഡിയാകുമെന്ന് ഷിബു പലരോടും പറഞ്ഞിരുന്നു. വീടുമാറ്റം അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം ഷിബു സൂചിപ്പിക്കുന്നുമുണ്ടായിരുന്നു. ചീനിക്കുഴി കവയിൽ മെഹറിൻ സ്റോഴ്സ് എന്ന പേരിൽ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു ഷിബു.

ഷിബുവിനെ കടയിൽ സഹായിക്കാൻ ഭാര്യയും മക്കളുമെല്ലാം മിക്കപ്പോഴും എത്തിയിരുന്നു. വീടുപണി നടന്നിരുന്ന അവസരത്തിലും കുടുംബം ഒന്നടങ്കമാണ് മഞ്ചിക്കല്ലിൽ എത്തിയിരുന്നതെന്നാണ് അയൽവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വീടിനുതൊട്ടടുത്തുള്ള കുടുംബങ്ങളുമായി ഷിബുവും കുടുബവും അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയപ്പോൾ ഉടൻ താമസിക്കാനെത്തുന്നതിന്റെ സന്തോഷം തങ്ങളുമായി പങ്കിട്ടിരുന്നെന്ന് അയൽവാസി തങ്കൻ പറഞ്ഞു.

നന്നേ ചെറുപ്പം മുതൽ ഷിബുവുനെ അറിയാം. ഷിബുവിന്റെ പിതാവുമായും സൗഹൃദമുണ്ടായിരുന്നു. ഈ കുടുംബത്തെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. തങ്കച്ചൻ കൂട്ടിച്ചേർത്തു. ഈ കുടുംബത്തിന്റെ വേർപാട് തങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടെന്നാണ് വ്യാപാര സ്ഥാപനത്തിലെ നിത്യസന്ദർശകരായിരുന്ന നാട്ടുകാരുടെ പ്രതികരണം. രാവിലെ 9 മണിയോടെ ഇൻക്വസ്റ്റിന് ശേഷം മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള പ്രകോപനത്തെത്തുടർന്നാണ് താൻ കൃത്യം ചെയ്തതെന്നാണ് ഹമീദ് പൊലീസിൽ സമ്മതിച്ചിട്ടുള്ളത്.


അതേസമയം മട്ടൻ വാങ്ങാൻ നൽകാത്തതിലെ പ്രതികാരമാണ് കൊലാപാതകത്തിന് പ്രേരിപ്പിച്ചതെന്ന വിധത്തിലും ഹമീദ് മൊഴി നൽകുന്നുണ്ട്. മകനോട് ഇന്നലെ മട്ടൻ വാങ്ങി നൽകാൻ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകൻ അതിന് തയാറായിരുന്നില്ല. ജയിലിൽ മട്ടൻ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു. ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി ഹമീദ്കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ തെളിവെടുപ്പിനെത്തിച്ച ഹമീദിനു നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു.

കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു.

വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്. മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ പ്രതികരിച്ചത്.