- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീ ആളിക്കത്തിയപ്പോൾ മക്കളെ നെഞ്ചോടു ചേർത്തു പിടിച്ചു ഷിബു; കക്കൂസിന്റെ കതക് തുറന്നപ്പോൾ പൊലീസ് കണ്ടത് മക്കളെ ചേർത്തു പിടിച്ച് അനക്കമറ്റ ഷിബുവിനെ; മകൾ മെഹ്റിന്റെ ഉടുപ്പ് ഭാഗീകമായി കത്തിയ നിലയിൽ; ചീനിക്കുഴിയിൽ പൊലീസിനെയും നടുക്കിയ ദുരന്തക്കാഴ്ച്ചകൾ ഇങ്ങനെ
തൊടുപുഴ: ചീനിക്കുഴിയിൽ കൂട്ടക്കൊലപാതകം നടന്ന ആലിയക്കുന്നേൽ വീട്ടിൽ ദുരന്തത്തിന് തൊട്ടുപിന്നാലെ പൊലീസും രക്ഷപ്രവർത്തകരും കണ്ടത് കരളലിയിക്കും ദൃശ്യങ്ങൾ. തൊടുപുഴ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവസ്ഥലത്ത് ആദ്യം എത്തുന്നത്. പൊലീസ് സംഘം മുറിക്കുള്ളിൽ കണ്ട് കാഴ്ച ഹൃദയഭേദകമായിരുന്നു. പൊലീസ് എത്തുമ്പോഴും മുറിയിൽ പുകയുണ്ടായിരുന്നു. ഒപ്പം കത്തിക്കരിഞ്ഞതിന്റ വല്ലാത്ത ഗന്ധവും. മുറിയിലുണ്ടായിരുന്നവർ രക്ഷയ്ക്കായി കക്കൂസിൽ ഓടിക്കയറിയെന്ന് സമീപവാസി രാഹുൽ പൊലീസിനെ ധരിപ്പിച്ചിരുന്നു.
പൊലീസ് എത്തി കക്കൂസിന്റെ കതക് തുറന്നപ്പോൾ ഷിബു മക്കളെയും ചേർത്ത് പിടിച്ച് നിലത്തിരിക്കുന്ന നിലയിലും ഭാര്യ ഷീബ അടുത്ത് നിലത്ത് കിടക്കുന്ന നിലയിലും കണ്ടെത്തി. തീ ആളിക്കത്തിയപ്പോൾ ഭയന്നുപോയ മക്കളെ ഷിബു ആശ്വസിപ്പിക്കാൻ ചേർത്തുപിടിച്ചിട്ടുണ്ടാവണമെന്നാണ് നിഗമനം. ഷീബയുടെ മൃതദ്ദേഹം പൊള്ളലേറ്റ് വികൃതമായിരുന്നു. ഷിബുവിന്റെ വസ്ത്രം ഏറെക്കുറെ പൂർണ്ണമായി കത്തിയ നിലയിലും മകൾ മെഹ്റിന്റെ ഉടുപ്പ് ഭാഗീകമായി കത്തിയ നിലയിലുമായിരുന്നു. അസ്നയുടെ ഉടുപ്പിൽ തീപടർന്നതിന്റെയോ ദേഹത്ത് പൊള്ളലേറ്റതിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.
തീ കെടുത്തിയെങ്കിലും പുലർച്ചെയും മുറിയിൽ നല്ല ചൂടുണ്ടായിരുന്നു. നേരം പുലർന്ന് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചപ്പോഴാണ് ഷിബുവിന്റെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ ആഴം പൊലീസിന് ബോദ്ധ്യമായത്. കൈ പിടിക്കുന്ന ഭാഗത്തെ മാംസം അടർന്നുപോകുന്ന സ്ഥിതിയിലേക്ക് വെന്തുപോയിരുന്നു. കുട്ടികളുടെയും സ്ഥിതി ഇതുതന്നെയിരിന്നു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ഇത്തരത്തിൽ ഒരു ദാരുണ സംഭവം പൊലീസും ഇവിടെ പ്രതീക്ഷിച്ചില്ലന്നാണ് സൂചന. കക്കൂസ്സിൽ അഭയം തേടിയതിനാൽ താമസക്കാരുടെ ജീവൻ രക്ഷപെട്ടേക്കുമെന്നുള്ള ധാരണയായിരുന്നു വീടെത്തും വരെ പൊലീസുകാരിൽ പലർക്കും ഉണ്ടായിരുന്നത്. കേസ്സ് നടപടികൾ ഏറെക്കുറെ അവസാന ഘട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ്.
പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം.ഇതിന്റെ ഭാഗമായുള്ള ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഒരു സംഘം വിദഗ്ധ സർജന്മാരാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന്റെ വിശദമായ റിപ്പോർട്ടും ഇനി ലഭിക്കാനുണ്ട്.ദൃക്‌സാക്ഷികളടക്കം പരമാവധി പേരുടെ മൊഴിയെടുക്കുന്ന നപടിയാണ് നിലവിൽ പുരോഗമിക്കുന്നത്. ചീനിക്കുഴി ആലിയക്കുന്നേൽ വീട്ടിൽ ഷിബുവും ഭാര്യ ഷീബയും മക്കളായ മെഹ്റിനും അസ്നയുമാണ് പൊള്ളേലേറ്റ് മരിച്ചത്.
ഷിബുവിന്റെ പിതാവ് ഹമീദ് ഇവർ കിടന്നിരുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹമീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ ഹമീദ് ആക്രണത്തിനായി നടത്തിയ തയ്യാറെടുപ്പിന്റെ കൂടുതൽ വിവരങ്ങളും മറുനാടന് ലഭിച്ചു.അര ലിറ്ററിന്റെ 10 ശീതള പാനിയ കുപ്പികളിൽ പെട്രോൾ നിറച്ച് സൂക്ഷിച്ചിരുന്നെന്നും ഇതിൽ 6 എണ്ണം ഉപയോഗിച്ചെന്നും ഹമീദ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.കുപ്പിയിൽ നിന്നും അൽപ്പം പെട്രോൾ ഊറ്റിക്കളഞ്ഞ് , മുകളിൽ പിരിയുള്ള ഭാഗത്ത് തുണി ചൂറ്റിയ ശേഷമാണ് അടപ്പ് മുറുക്കിയത്.
ഇങ്ങിനെ അടപ്പ് മുറുക്കിയാൽ എറിയുന്ന പെട്രോൾ നിറച്ച കുപ്പികൾ പൊട്ടിത്തെറിക്കുമെന്ന് തോന്നിയെന്നും അത് യാഥാർത്ഥ്യമായെന്നും ഹമീദ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. പെട്രോൾ നിറച്ച 2 കുപ്പികൾ വീതം 3 തവണ മുറിയിലേക്ക് എറിഞ്ഞെന്നും ഹമീദ് പൊലീസിനോ സമ്മതിച്ചു. വീട്ടിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ കാണിച്ച്,പൊലീസ് ഉദ്യഗസ്ഥർ ആക്രമണത്തിന്റെ ഭീകരതയും ചെയ്ത കൃത്യത്തിലെ ക്രൂരതയും മറ്റും ഹമീദിനോട് വിവരിച്ചിരുന്നു.ഇത് തെല്ലും കൂസലില്ലാതെ കേട്ടിരിക്കുകയായിരുന്നു ഇയാൾ. ചിത്രങ്ങൾ കാണിപ്പോൾ ഒരു മടിയും കൂടാതെ എല്ലാം വിശദമായി കാണാനും ഇയാൾ മടിച്ചില്ല.
മറുനാടന് മലയാളി ലേഖകന്.