തൊടുപഴ:ഇഷ്ടദാനം നൽകിയ 22 സെന്റ് സ്ഥലം തിരിച്ച് ആവശ്യപ്പെട്ടിട്ടും എഴുതി നൽകാതിരുന്നതിലുള്ള പകയാണ് മകനെയും കുടുബത്തെയും കൊല്ലാൻ കാരണമായതെന്ന് അറസ്റ്റിലായ ചീനിക്കുഴി ഹമീദ്. ഭാര്യ മരിച്ച ശേഷം മക്കളുമായി അകലം പാലിച്ചിരുന്നു ഇയാൾ. ഈ അടുത്ത കാലത്താണ് കൊലപ്പെടുത്തിയ മകനൊപ്പം താമസമാക്കുന്നത്. അന്ന് മുതൽ എന്നും വഴക്കായിരുന്നു.

മകൻ തന്നെ നോക്കുന്നില്ലന്നാണ് ഇതിന് കാരണമായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ടക്കേറിൽപ്പരം സ്ഥലം ഉള്ളതിൽ നിന്നാണ് ഹമീദ് ഷിബു എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസലിന് 22 സെന്റ് സ്ഥലം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനമായി എഴുതിക്കൊടുത്തത്. ഇത് തിരികെ എഴുതിക്കിട്ടണമെന്ന് താൻ പലതവണ മകനോട് ആവശ്യപ്പെട്ടിരുന്നെന്നും അപ്പോഴെല്ലാം അവഗണിക്കുകയായിരുന്നെന്നും തുടർന്നാണ് കുടംബത്തോടെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് ഹമീദിന്റെ കുറ്റസമ്മതം. ഇന്നലെ പകൽ മുഴുവൻ ഇതിനുള്ള തയ്യാറെടുപ്പായിരുന്നു.

6 കുപ്പി പെട്രോൾ ഇതിനായി വാങ്ങി സൂക്ഷിച്ചു. വെള്ളം എത്തിച്ച് തീ കെടുത്താനുള്ള സാധ്യതകളും തീ പടർന്നാൻ രക്ഷപെടാനുള്ള വഴികളും നേരത്തെ മനസ്സിലാക്കി. തുടർന്ന് ഈ സാഹചര്യം എങ്ങിനെ തരണം ചെയ്യണമെന്നും മനസ്സിൽ കണക്കുകൂട്ടി. കൃത്യത്തിന് മുമ്പ വെള്ളമെത്തിച്ച് തീകെടുത്തുന്നതിനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തി. രക്ഷപെടുന്നതിനുള്ള വാതിലുകളും ഭദ്രമായി അടച്ചു. മൂന്നു കുപ്പി പെട്രോൾ മുറിയിലേയ്ക്ക് ഒഴിച്ചു. പിന്നാലെ തീകൊളിത്തി. ഉടൻ തീ ആളിപ്പടർന്നു, പിന്നാലെ മുറിയിൽ നിന്നും നിലവിളികൾ ഉയർന്നു.

നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാമ്പലായി. 4 ജീവനുകൾ വെന്തുമരിക്കുന്നത് നോക്കി നിന്ന നാരധമൻ ഇവിടെ നിന്നും രക്ഷ പെട്ടെങ്കിലും താമസിയാതെ പൊലീസ് പിടിയിലായി. ബന്ധു വീട്ടിലേക്കാണ് ഹമീദു മുങ്ങിയത്. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ (16), അസ്‌ന(13), എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഓടി വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നും കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു. വീടിന്റെ വാതിലുകൾ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത്.

ഇതാണ് കുടുംബത്തിന് രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വാതിൽ തകർത്താണ് അകത്തു കയറിയത്. ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീയണയ്ക്കതിരിക്കാൻ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴുക്കിവിട്ടെന്നാണ് നിഗമനം. തുടർന്ന് നാട്ടുകാരാണ് തീയണച്ചത്. ഫെസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്താണ് വീടിന് തീവച്ചതെന്നാണ് വിവരം.

കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയൽവീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഇയാൾ അടച്ചിരുന്നു. വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം മുഴുവനായി ചോർത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറഞ്ഞു.