പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട കേരളത്തെ കരകയറ്റാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്തങ്ങളായ ശ്രമം നടക്കുന്നുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച ചാലക്കുടിയിൽ പുഴയോരത്തുള്ള 72 വീടുകളിൽ ശുദ്ധജലമെത്തിക്കാൻ വഴിയൊരുക്കിയത് ബ്രിട്ടനിലെ ഒരു മലയാളി വീട്ടമ്മയുടെ വേറിട്ട പരിശ്രമം. പ്രിയ കിരൺ എന്ന വീട്ടമ്മയാണ് തന്റേതായ രീതിയിൽ കേരളത്തിന് കൈത്താങ്ങൊരുക്കിയത്.

ബിബിസി മാസ്റ്റർഷെഫ് പരിപാടിയിലൂടെ പ്രശസ്തനായ സുരേഷ് പുള്ളയുടെ ആഹ്വാനമനുസരിച്ച് വീക്കെൻഡിൽ സുഹൃത്തുക്കൾക്കായി ഭക്ഷണം പാകം ചെയ്താണ് പ്രിയ കേരളത്തിനായി പണം കണ്ടെത്തിയത്. സുരേഷ് പിള്ളയുടെ കുക്ക് ഫോർ കേരള എന്ന കാമ്പെയിനിന്റെ ഭാഗമായാണ് പ്രിയ തന്റെ പാചകവൈഭവം പുറത്തെടുത്തത്.

പ്രിയ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനെത്തിയവർ കേരളത്തിനായി സംഭാവനകളും നൽകി. ഈ രീതിയിലൂടെ 700 പൗണ്ടാണ് പ്രിയ സമാഹരിച്ചത്(ഏകാണ് 67,000രൂപ). ഇതുപയോഗിച്ച് വാങ്ങിയ 72 വാട്ടർ പ്യൂരിഫയർ മെഷിനുകൾ ചാലക്കുടി പുഴയോരത്ത് പ്രളയം ബാധിച്ച വീടുകളിലെത്തിച്ചു. പ്രാദേശിക പഞ്ചായത്തുകളുടെ സഹകരണത്തോടെ മാള, അന്നമനട എന്നിവിടങ്ങളിലും ചെങ്ങന്നൂരിലും ഉപകരണങ്ങൾ നൽകി.

തൃശൂർ സ്വദേശിയാണ് പ്രിയ. എഴുത്തുകാരി കൂടിയായ അവർ,, ഭർത്താവ് കിരണിനും രണ്ടുമക്കൾക്കുമൊപ്പം മിൽട്ടൺ കെയ്ൻസിലാണ് ഇവർ താമസിക്കുന്നത്. പ്രളയബാധിത കേരളത്തെ സഹായിക്കുന്നതിനായി കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് പ്രിയയുടെ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു. ചെലവുകുറഞ്ഞ രീതിയിൽ ശുദ്ധജലവിതരണം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന വാട്‌സൺ കമ്പനിയുടെ സഹായത്തോടെയാണ് പ്രിയ ശുദ്ധജല ഉപകരണങ്ങൾ ശേഖരിച്ചത്.