കാസർകോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയർ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം 50 ദിവസം പിന്നിട്ടു. 49ാം ദിവസ സത്യഗ്രഹ സമരം ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല കമ്മിറ്റി,ചേരൂർ കുന്നാർ ഫാമിലി,ഖത്തർ കെഎംസിസി ,കൈതക്കാട് തർബിയതഹ്ഫിളുൽ ഖുർആൻ അക്കാദമി പ്രവർത്തകർ ഐക്യദാർഢ്യവുമായി സമരവേദി സന്ദർശിച്ചു. പിതാവിന്റെ മരണ കാരണം അറിയാൻ ഖാസിയുടെ മകൻ സി എ മുഹമ്മദ് ഷാഫി കഴിഞ്ഞ എട്ട് വർഷമായി നിയമപോരാട്ടം നടത്തുകയാണ്.

ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവി മരണപ്പെടുമ്പോൾ കാസർഗോഡും മാംഗ്ലൂരുവുമുള്ള 140 മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു. വീടിന് സമീപമുള്ള ചെമ്പരിക്കയിലെ കടൽത്തീരത്ത് 2010 ഫെബ്രുവരി 15-ന് വെളുപ്പാൻ കാലത്താണ് ഖാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. പക്ഷേ ഫെബ്രുവരി 28-നാണ് മൊഴി എടുക്കാനായി പൊലീസ് വീട്ടിലേക്ക് എത്തുന്നത് എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. എന്തുകൊണ്ട് മൊഴിയെടുക്കാൻ താമസിച്ചുവെന്ന ചോദ്യത്തിന് മരണം നടന്ന വീടായതുകൊണ്ടാണ് താമസിച്ചതെന്നാണ് പൊലീസ് മറുപടി നൽകിയത്. അത് തന്നെ വിചിത്രമായ സംഗതിയായിരുന്നു എന്നാണു ഖാസിയുടെ ചെറുമകൻ മുഹമ്മദ് റഷീദ് പറയുന്നത്.

2010 മാർച്ച് 2-ന് പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഇല്ലാതെ ബേക്കൽ പൊലീസിൽ നിന്ന് ക്രൈം ഡിറ്റാച്‌മെന്റ് സെൽ കേസ് ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വീണ്ടും കേസ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തങ്ങൾ തൃപ്തരായിരുന്നു എന്ന് ഖാസിയുടെ കുടുംബം പറയുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മാർച്ച് 24ന് കേസ് സിബിഐ ഏറ്റെടുത്തു. ഖാസി തനിയെ പാറപ്പുറത്ത് നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് 2011-ൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. അതിന് ശേഷമാണ് ഖാസിയുടെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നത്.

സിബിഐയുടെ ഈ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകൻ മുഹമ്മദ് ഷാഫി സമർപ്പിച്ച ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ നേരത്തെ തന്നെ കോടതി നിർദേശിച്ചിരുന്നു. 2016 ഫെബ്രുവരി 12-ൽ സിബിഐയുടെ ആദ്യ റിപ്പോർട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളി. സിറോസിസ് രോഗബാധിതനായ ഖാസി അസഹനീയമായ വേദന കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ ആദ്യം നിഗമനത്തിലെത്തിയത്. ആത്മഹത്യക്ക് മുമ്പ് തന്റെ സാമ്പത്തിക ഇടപാടുകളുടെയും ബാധ്യതകളുടെയും ലിസ്റ്റ് എഴുതിവെച്ചുവെന്നും സിബിഐ വാദിച്ചു. ചെമ്പരിക്ക കടൽത്തീരത്തുള്ള പാറക്കെട്ടുകൾ കയറാൻ തക്കവണ്ണം അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനായി അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് പറയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഖാസിയുടെ പിതാവിന്റെ സ്മാരകത്തിനടുത്തേക്ക് മുപ്പത് പടികൾ ഖാസി നടന്നു കയറിയെന്നും സി ബി ഐ വാദിച്ചു.

എന്നാൽ വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങാൻ തന്നെ ഖാസിക്ക് പരസഹായം ആവശ്യമായിരുന്നു. കാറിലാണ് പുറത്തു പോകുക. നടക്കാൻ വടിയുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ വഴുക്കലുള്ള പാറക്കെട്ടുകളിലേക്ക് കയറാനാകും എന്നാണ് ഷാഫിയും കുടുംബവും ഉന്നയിക്കുന്ന മറുവാദം. നീന്തൽ അറിയുന്ന ഒരാൾ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം തന്നെ വിശ്വസിക്കാൻ പറ്റാത്തതാണെന്ന് ഖാസിയുടെ കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട് പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടുമ്പോൾ പിന്നിലെ കഴുത്തെല്ലിന് പൊട്ടാൻ സാധ്യത ഇല്ല എന്നാണ് കുടുംബം വാദിക്കുന്നത്. കൂടാതെ ശരീരത്തിന്റെ അകത്താണ് പരിക്ക്. പുറത്ത് പരിക്കില്ല. കണ്ണിന്റെ രണ്ട് വശത്തെയും മുറിവുകൾ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല എന്നും അവർ പറയുന്നു. ആത്മഹത്യ ഹറാം എന്ന് വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത മതപണ്ഡിതനാണ് അദ്ദേഹമെന്നും അതുകൊണ്ട് അങ്ങനെയൊരു തെറ്റ് ഒരിക്കലും അദ്ദേഹം ചെയ്യില്ല എന്നും ഖാസിയുടെ കുടുംബം പറയുന്നു.

2017 ജനുവരി 23-ലാണ് സിബിഐ രണ്ടാമത്തെ റിപ്പോർട്ട് നൽകുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രണ്ടാമത്തെ റിപ്പോർട്ടും നവംബർ 16-ന് സിജെഎം കോടതി തള്ളുകയായിരുന്നു. ഖാസിയുടേത് അപകടമരണമല്ലെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. മറ്റുള്ള കാര്യങ്ങളെ കുറിച്ചാണ് കോടതി അന്വേഷിക്കാൻ നിർദേശിച്ചത്. പുനരന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകുകയും പുനരന്വേഷണം നടത്തിയ ശേഷം 2017-ൽ മുൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്നെ ആവർത്തിച്ച് സിബിഐ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്. കോടതി നിർദേശിച്ച രീതിയിലുള്ള അന്വേഷണങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ റിപ്പോർട്ടിലില്ലാത്തതു കൊണ്ടാണ് തള്ളിയതെന്നാണ് വിവരം.

നിയമപോരാട്ടത്തിനൊപ്പം നീതിക്കായി ഖാസിയുടെ കുടുംബം കാസർഗോഡ് പുതിയ സ്റ്റാൻഡിനടുത്തുള്ള ഒപ്പുമരത്തിനടുത്തായി (എൻഡോസൾഫാൻ ഇരകൾക്ക് പിന്തുണ നൽകുന്നതിനായി ഒത്തുകൂടി ഒപ്പ് ശേഖരണം നടത്തിയ മരച്ചുവട്) നടത്തുന്ന ധർണ അമ്പത് ദിവസം പിന്നിടുകയാണ്. അതിനിടെ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇ.കെ വിഭാഗം സമസ്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഖാസിയുടെ കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന ചിലർ സമസ്തയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റിയിലും മുസ്ലിം ലീഗിലുമാണെന്നും അവരെ സമസ്തയുടെ നേതൃത്വം സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. മരണം നടന്ന ആദ്യമണിക്കൂറിൽ തന്നെ കേസ് സിബിഐയ്ക്ക് വിടാൻ വേണ്ടിയുള്ള ശ്രമങ്ങളുണ്ടായെന്നും അതിന് യു.ഡി.എഫ് സർക്കാറിന്റെ കാലത്തെ ചിലമന്ത്രിമാർ കൂട്ടുനിന്നെന്നും കുടുംബം ആരോപിക്കുന്നു.

എം.ഐ.സി സ്ഥാപനത്തിന്റേയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർക്ക് കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാൻ ആദ്യം മുതലേ ശ്രമിച്ചത് ഇയാളെന്നും കുടുംബം ആരോപിച്ചു. ലോക്കൽ പൊലീസിന് ഏൽപ്പിക്കുന്നതിന് മുമ്പ് തന്നെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. പിന്നീട് സമ്മർദ്ദത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും സമസ്ത നേതാക്കൾ ഇടപെട്ട് കേരള നിയമസഭ വഴി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരായിട്ടും അണികളെ കൊണ്ട് സമരം ചെയ്യിപ്പിച്ചാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്ന് സി.എം മൗലവിയുടെ പേരമകൻ റാഷിദ് നേരത്തെ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു.

സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രക്ഷോഭത്തിന് തയ്യാറായെങ്കിലും അവരെ സമസ്ത നേതാവ് പിന്തിരിപ്പിച്ചുവെന്നും നിയമപരമായി കേസിനെ നേരിടാൻ സമസ്ത മുൻകൈ എടുത്തിട്ടില്ലെന്നും റാഷിദ് പറയുന്നു. സമസ്ത ജില്ലാ നേതൃത്വം ഇന്നേവരെ പ്രക്ഷോഭങ്ങൾക്ക് താൽപര്യം കാണിച്ചിട്ടില്ല. ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ല്യാരും പ്രഖ്യാപിച്ച സമരപോരാട്ടങ്ങൾ കടലാസിലൊതുങ്ങി. കാസർഗോഡ് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു അനുശോചനയോഗം പോലും മിനുട്സിലില്ലെന്നും റാഷിദ് ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് മകനയച്ച മൂന്നു കത്തിനും മറുപടി നൽകിയിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട ഒരു വിഷയത്തിനും സമസ്തയ്ക്ക് കൃത്യമായ മറുപടിയില്ലെന്നും റാഷിദ് കൂട്ടിച്ചേർത്തു.

എന്നാൽ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സമസ്ത ഏതറ്റം വരെയും പോകുമെന്ന് സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ പറഞ്ഞു. ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സാരഥി സംഗമവും,പി.ബി.അബ്ദുൽ റസാഖ് എംഎ‍ൽഎ.അനുസ്മരണ ചടങ്ങും ആലംപാടി മദ്റസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാൻ നിയമപരമായും മറ്റും ഏതറ്റം വരെ പോകാനും സമസ്ത തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാൻ സമസ്തയുടെ ഓരോ പ്രവർത്തകനും എന്നും മുന്നിലുണ്ടാകുമെന്നും ഉമർ മുസ്ലിയാർ പറഞ്ഞു.