കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി. ഇതോടെ 24 ന്യൂസിൽ ശബരിമല വിവാദകാലത്ത് കാട്ടിയ വാർത്തയും വ്യാജമാണെന്ന് വ്യക്തമാകുകയാണ്. സഹിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഈ വാർത്ത നൽകിയത്.

24 ന്യൂസിലെ സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായി വ്യക്തി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. പുരാവസ്തു തട്ടിപ്പിൽ മോൻസൺ പിടിയിലായതിന് പിന്നാലെയാണ് സഹിൻ ആന്റണിയുടെ അടുപ്പവും പുറത്തായത്. ഇതിനൊപ്പം 24 ന്യൂസിന്റെ തന്നെ ഗ്രൂപ്പിന്റെ ചാനലായ ഫ്‌ളവേഴ്‌സിൽ എംജി ശ്രീകുമാർ മോൻസണിന്റെ മോതിരം അണിഞ്ഞെത്തിയതും ചർച്ചയായി. പിന്നാലെ സഹിൻ ആന്റണിയെ ചാനലിൽ നിന്ന് സസ്‌പെന്റ് ചെയ്തു. പിന്നീട് സഹിൻ ആൻണി രാജിയും വച്ചു.

ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ നിയോഗിച്ച സമിതിയാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. ഏറെ വിവാദങ്ങൾക്കിടയാക്കിയ ചമ്പോല പുരാവസ്തുവല്ലെന്ന റിപ്പോർട്ടാണ് അന്വേഷണത്തിനൊടുവിൽ എഎസ്ഐ തയ്യാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോൻസൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോർട്ടിൽ എഎസ്ഐ പറയുന്നത്.

ഇതോടെ ശബരിമല വിവാദക്കാലത്ത് ആളുകൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് വ്യാജ ചെമ്പോല വാർത്ത നൽകിയതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ദേശാഭിമാനിയും ഇതേ വാർത്ത നൽകിയിരുന്നു. ഈ അടുത്ത കാലത്ത് ഫ്‌ളവേഴ്‌സിൽ ഗുരുവായൂരപ്പനെ ബീഡി വലിയുമായി ബന്ധപ്പെട്ട് അപമാനിച്ചതിന് ചാനൽ മേധാവിയായ ആർ ശ്രീകണ്ഠൻ നായർ മാപ്പു പറഞ്ഞിരുന്നു. എന്നാൽ 24 ന്യൂസിൽ കാട്ടിയ വ്യാജ ചെമ്പോല വാർത്തയിൽ ഇതുവരെ 24 ന്യൂസോ ശ്രീകണ്ഠൻ നായരോ മാപ്പു പറഞ്ഞിട്ടില്ല.

ഇതു സംബന്ധിച്ച് ശങ്കു ടി ദാസ് നൽകിയ പരാതിയിൽ പൊലീസ് എഫ് ഐ ആർ പോലും ഇട്ടില്ല. ഈ വിഷയത്തിലെ കേസ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ. സ്വാഭാവികമായി വ്യാജ രേഖയുണ്ടാക്കിയതിന് പൊലീസ് കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നതാണ് വസ്തുത. ദേശാഭിമാനിയുടെ വെബ് സൈറ്റിൽ നിന്നും ഈ വാർത്ത പിന്നീട് നീക്കിയിരുന്നു. ഈ ചെമ്പോലയാണ് വ്യാജമെന്ന് തെളിയുന്നത്.

ചെമ്പോലയടക്കം മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അപ്പീൽ കമ്മിറ്റി പരിശോധിച്ചത്. ഈ പരിശോധനയിൽ രണ്ട് വെള്ളിനാണയങ്ങൾക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോൻസൻ അവതരിപ്പിച്ചിരുന്നത്.

എന്നാൽ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാൻ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തൽ. മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.