- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്പോലയിൽ വ്യാജവാർത്ത നൽകിയ ട്വന്റിഫോർ അടക്കമുള്ള ചാനലുകൾക്കെതിരെയുള്ള പൊലീസ് അന്വേഷണത്തിന് സ്ഥിരീകരണം; അന്വേഷിച്ചു വരുന്നുവെന്ന് ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുന്നത് മുഖ്യമന്ത്രി; എഫ് ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന് പരാതിക്കാരും; മാവുങ്കൽ ചെമ്പോലയിൽ സത്യം തെളിയുമോ?
തിരുവനന്തപും: ശബരിമല വ്യാജ ചെമ്പോല വാർത്തയിൽ ട്വന്റി ഫോർ ന്യൂസിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് നിയമസഭയിൽ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രേഖാമൂലമാണ് ഇക്കാര്യത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയത്. ഐസി ബാലകൃഷ്ണൻ, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി ആർ മഹേഷ് എന്നിവർക്കാണ് മുഖ്യമന്ത്രി ഉത്തരം നൽകിയത്.
പുരാവസ്തുക്കൾ എന്ന പേരിൽ വ്യാജ വസ്തുക്കൾ പ്രദർശിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യക്തി ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ ചെമ്പോല മാധ്യമങ്ങൾക്ക് നൽകി സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന പരാതി ശ്രദ്ധയിൽ പെട്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച പ്രസ്തുത ചെമ്പോല ചില മാധ്യമങ്ങൾ ആധികാരിക രേഖയാണെന്ന് കാണിച്ച് വ്യാജ വാർത്ത നൽകിയത് ഗൗരവമായി കാണുന്നുണ്ടോ എന്നും ചോദ്യമുണ്ടായിരുന്നു. ഇതും പൊലീസ് അന്വേഷിച്ചു വരുന്നു എന്ന് മുഖ്യമന്ത്രി മറുപടി നൽകി.
വ്യാജ ചെമ്പോല കാട്ടി വാർത്ത നൽകിയ ഏക മലയാളം ചാനൽ ട്വന്റി ഫോർ ന്യൂസാണ്. ദേശാഭിമാനി ഇതിന്റെ വാർത്തയും നൽകി. അവർ ചെമ്പോല കാണിച്ചിരുന്നില്ല. ട്വന്റി ഫോർ ന്യൂസിലെ സഹിൻ ആന്റണിയാണ് വ്യാജ ചെമ്പോല ഉയർത്തിക്കാട്ടി വാർത്ത നൽകിയത്. സഹിന് മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടിക്ക് പ്രസക്തി കൂട്ടുന്നത്. ആരാണ് വാർത്ത നൽകിയതെന്ന് വിശദീകരിക്കാതെയാണ് നിയമസഭയിൽ ചോദ്യം എത്തിയത്. അതേ രീതിയിൽ മറുപടിയും നൽകി. അതുകൊണ്ട് തന്നെ ചാനലിന്റെ പേര് നിയമസഭാ ചോദ്യത്തിലും ഉത്തരത്തിലും ഇല്ല.
മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം സർക്കാരിനോട് ചോദിച്ചത്. ഇത്തരത്തിൽ സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന വ്യാജ വാർത്തകൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കമോ എന്നതായിരുന്നു അത്. അങ്ങനെ ഉള്ളവർക്കെതിരെ നിയമാനുസൃത വകുപ്പുകൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ വ്യാജ ചെമ്പോലയിൽ ഇത്തരത്തിൽ കേസുകൾ എടുത്തതായി ആർക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത.
പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല ചെമ്പോല പരിശോധിക്കാൻ പ്രത്യേക സംഘം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) വിശദീകരിച്ചിരുന്നു. തൃശൂരിലെ ആർക്കിയോളജിക്കൽ യൂണിറ്റാണ് എഎസ്ഐ ഡയറക്ടർക്ക് കത്ത് നൽകിയത്. എഎസ്ഐ ഉദ്യോഗസ്ഥരും ഒപ്പം സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മോൻസന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളുടെ പരിശോധന നടത്തിയത്.
എഎസ്ഐ തൃശ്ശൂർ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ശബരിമല സംബന്ധിച്ച വിഷയമായതിനാൽ ചെമ്പോല തിട്ടൂരത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാൻ വിശദമായ പരിശോധന വേണമെന്നും ഇതിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്നുമാണ് കത്തിൽ പറയുന്നത്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. എല്ലാ മേഖലയിലേയും വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ശബരിമല പ്രക്ഷോഭവേളയിലാണ് ചെമ്പോല പുറത്ത് വന്നത്.
ചെമ്പോല മോൻസന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂർ സ്വദേശി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു. 300 വർഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ചെമ്പോല യഥാർത്ഥമാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ