കാസർഗോഡ്: രണ്ടു ദിവസം തുടർച്ചയായി കാസർഗോഡ് ജില്ലയിൽ നടന്ന അക്രമസംഭവങ്ങളിൽ ബിജെപി. പ്രതിക്കൂട്ടിൽ. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിൽ ഗുരുതരമായ പരിക്കോ ആളപായമോ ഇല്ലാതെ ബിജെപി. പദയാത്ര  പര്യവസാനിച്ചെങ്കിലും അടുത്ത ദിവസം തന്നെ ഹർത്താലിന് ആഹ്വാനം ചെയ്തത് തീർത്തും ജനവിരുദ്ധമായി.

പുതുവർഷത്തിലെ ആദ്യത്തെ രണ്ടു ദിവസവും കാസർഗോഡ് ജില്ലയെ മുൾമുനയിലാക്കിയതിന് ബിജെപി.യെ പഴിക്കുകയാണ് ജനങ്ങൾ. നാടിനെ ആശങ്കയിലാഴ്‌ത്തി സംഘർഷം ഉടലെടുത്തെങ്കിലും സുരക്ഷാ വലയം തീർത്ത് ഒതുക്കി നിർത്തിയത് പൊലീസിന്റെ മാത്രം മികവിലായിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങിയാൽ എത്രവരേയാവാമെന്ന തിരിച്ചറിയലിലായിരുന്നു ചെറുവത്തൂർ സംഭവവും ഇന്നലെ ഹർത്താൽ ദിനത്തിൽ അരങ്ങേറിയ ആക്രമമവും.

ഹർത്താലിന് ആഹ്വാനം ചെയ്യേണ്ട ഒരു അവസ്ഥയും ബിജെപി.ക്ക് നേരിടേണ്ടി വന്നിരുന്നില്ല. ചീമേനിയിൽ പ്രതിഷേധ സംഗമം നടത്താൻ പൊലീസ് നിർദ്ദേശിച്ച വഴി ലംഘിച്ച് ബസ്സ് സ്റ്റാൻഡിൽ കയറിയതായിരുന്നു കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തിയത്. പോരാത്തതിന് പ്രകോപന മുദ്രാ
വാക്യങ്ങളും. അണികൾ പ്രകോപിതരാകുന്നത് തടയാൻ നേതാക്കൾ ഒട്ടേറെ ഉണ്ടെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ നവംബർ 21 ന് കണ്ണൂർ ജില്ലയിലേതുൾപ്പെടെ രാഷ്ട്രീയ അക്രമങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സർവ്വ കക്ഷി യോഗം തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രിയും സിപിഐ.(എം.) , ബിജെപി. , കോൺഗ്രസ്സ് തുടങ്ങിയ കക്ഷികൾ സംയുക്തമായി ചേർന്ന യോഗത്തിൽ അക്രമികളെ അതാത് പാർട്ടികൾ തള്ളിപ്പറയണമെന്നും നിർദ്ദേശമുയർന്നിരുന്നു. ബോധപൂർവ്വം അക്രമം നടക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നും യോഗം നിർദ്ദേശിച്ചിരുന്നു. ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ഈ യോഗത്തിൽ സന്നിഹിതനായിരുന്നു. എന്നാൽ കാസർഗോഡ് സംഭവത്തിൽ ഈ തീരുമാനത്തിൽ നിന്നും ബിജെപി.യുടെ ഭാഗത്തു നിന്നും വ്യതിചലനമുണ്ടായെന്നു വേണം കരുതാൻ.

ബിജെപി. പഥയാത്രയുടെ ആരംഭത്തിൽ ചെറുവത്തൂരിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ഹർത്താൽ ആചരിക്കപ്പെട്ടത്. എന്നാൽ ബിജെപി. പാർട്ടി ഗ്രാമങ്ങളുള്ള മഞ്ചേശ്വരത്ത് കടകൾ തുറന്ന് പ്രവർത്തിച്ചു. ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടി. തങ്ങൾക്ക് എന്തുമാവാം എന്ന നിലപാടാണ് ഇവിടെ സ്വീകരിക്കപ്പെട്ടത്. സിപിഐ.(എം.) ശക്തി കേന്ദ്രങ്ങളായ ചീമേനി, ചെറുവത്തൂർ എന്നിവിടങ്ങളിൽ കടകളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്തു. പാർട്ടി ഗ്രാമങ്ങൾ ആര് കാത്തു സൂക്ഷിച്ചാലും ഇത് തന്നെയാണ് അവസ്ഥ.

സിപിഐ.(എം.) നെപ്പോലെ ബിജെപി.യും പാർട്ടി ഗ്രാമങ്ങൾ തീർക്കുകയാണ്. മാവുങ്കാൽ, പൈവെളികെ, കാറടുക്ക, എന്മകജെ, മീഞ്ച, തുടങ്ങിയവയാണ് നിലവിലുള്ള പാർട്ടി ഗ്രാമങ്ങൾ. ഇവിടങ്ങളിൽ മറ്റു പാർട്ടികളുടെ പ്രവർത്തനത്തെ അവർ അസഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നത്. മഞ്ചേശ്വരവും കാസർഗോഡും തങ്ങളുടെ മേഖലയെന്ന് ബിജെപി. നേതാക്കൾ തന്നെ അവകാശപ്പെടുന്നു. ഏത് പാർട്ടിയെ വിശ്വസിക്കുന്ന ആളായാലും ഭൂരിപക്ഷമുള്ള പാർട്ടിയെ അനുസരിച്ചുവേണം ഇവിടങ്ങളിൽ കഴിയാൻ.  ഇന്നലെ നടന്ന ഹർത്താലിലും പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് അക്രമത്തിനായി പ്രവർത്തകർ എത്തിയത്.

കെ.സുരേന്ദ്രനും കെ.പി. ശ്രീശനും, എം ടി. രമേശും ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ ജില്ലയിലുണ്ടായിട്ടും അക്രമങ്ങൾ അരങ്ങേറുക തന്നെ ചെയ്തു. അണികളെ വികാരം കൊള്ളിച്ച് പറഞ്ഞയക്കുന്നവരോട് ജനങ്ങൾക്കൊന്നേ പറയാനുള്ളൂ. ഞങ്ങളെ സ്വൈര്യമായി ജീവിക്കാനനുവദിക്കണം.