രണത്തിന്റെ രസതന്ത്രത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മരണത്തോടെ ശരീരത്തിൽ സംഭവിക്കുന്ന രാസമാറ്റങ്ങൾ എന്തെല്ലാമാണ്? ഇതിനൊരു ഉത്തരവുമായാണ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മരണത്തോടെ ശരീരത്തിനുള്ളിൽ സംഭവിക്കുന്ന രാസമാറ്റങ്ങൾ ഓരോന്നായി ഈ വീഡിയോയിൽ വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതു തൊട്ട് ശവസംസ്‌കാരം നടക്കുന്നത് വരെ മൃതദേഹം കേടു കൂടാതിരിക്കാൻ എംബാം ചെയ്യുന്നതു വരെയുള്ള രാസപ്രവർത്തനങ്ങളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നതോടെ ശരീരത്തിലുടനീളമുള്ള രക്ത പ്രവാഹവും നിലയ്ക്കുന്നു. അതോടെ രക്തം കട്ടപിടിക്കുന്നു. രക്ത പ്രവാഹം ഇല്ലാതാകുമ്പോൾ ശരീരോഷ്മാവും കുറഞ്ഞു വരുന്നു. പേശികൾ ഉറച്ച നിലയിലാകുകയും ചെയ്യും. ഇത് ശ്വാസോഛ്വാസം നിൽക്കാനും കാരണമാകുന്നു. അതോടെ കോശങ്ങൾക്ക് ഓക്‌സിജൻ ലഭിക്കുന്നതും അവസാനിക്കും. ഇതോടെ പല രാസപ്രവർത്തനങ്ങളും നടക്കാതാകും. ഇതിന്റെ ഫലമായി ലൈസോസോമൽ എൻസൈം പോലുള്ള പല എൻസൈമുകളും പുറത്തു വരികയും ബാക്ടീരിയകൾക്കും ഫംഗസിലും വളരാൻ അനുകൂലമായ സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. ഈ ബാക്ടീരികളുടെ പ്രവർത്തന ഫലമായി ശരീരം ജീർണിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.

ശവസംസ്‌കാരം നടത്തുന്നതിന് മുമ്പ് ശരീരം ജീർണിക്കാതിരിക്കാനാണ് എംബാം ചെയ്യുന്നത്. രാസ വസ്തുക്കൾ കടത്തി വിട്ട് രണ്ട് ഘട്ടങ്ങളായാണ് ഇത് ചെയ്യുന്നത്. ആദ്യം ഫോർമാൽഡിഹൈഡ്, ഗ്രൂട്ടറൽഡിഹൈഡ് പോലുള്ള രാസ പഥാർത്ഥം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നു. രണ്ടാം ഘട്ടത്തിൽ വയറ്റിലുള്ള എല്ലാ വസ്തുക്കളും പുറത്തെടുത്ത് ഇതേ രാസവസ്തുക്കൾ അവിടെയും നിറയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതോടെ മൃതദേഹം കേടുകൂടാതെ ഒരാഴ്ചയോളം ഇരിക്കും. പീന്നീട് പല രാസ്പ്രവർത്തനങ്ങളുടെയും ഫലമായി രൂക്ഷമായ ഗന്ധം പുറത്തു വരും. ശരീരം വീർക്കുകയും ജീർണിക്കൽ പ്രക്രിയ തുടരുകയും ചെയ്യും. ഒരു വർഷം പിന്നിടുന്നതോടെ ശരീരത്തിലെ മാംസഭാഗം പൂർണമായും ജീർണിച്ചു പോകും. 50 വർഷം വരെ അസ്ഥികൾ വേഗത്തിൽ പൊട്ടുന്ന അവസ്ഥയിലിരിക്കും. പക്ഷേ ഇത് നൂറ്റാണ്ടുകൾ കേടു കൂടാതെയും ഇരിക്കാം.

മറ്റൊരു തെറ്റിദ്ധാരണയാണ് മരണ ശേഷം തലമുടിയും നഖങ്ങളും വീണ്ടും വളരുമെന്നത്. നിർജ്ജലീകരണം സംഭവിച്ച് തൊലി ചുരുങ്ങുന്നതോടെ നഖങ്ങളും മുടിയും കുടുതൽ പുറത്തേക്ക് തള്ളി നിൽക്കുന്നത് സ്വാഭാവികമാണ്. ഇത് വളരുന്നതല്ല. വിശദമായ മരണ വിവരണം വീഡിയോയിൽ ഉണ്ട്.