തൃശൂർ: ചെങ്ങാലൂരിൽ ഭാര്യ ജീതുവിനെ തീവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ വിരാജ് തന്റെ ബാഗിൽ സൂക്ഷിച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അതിനിടെ കൊലപാതകത്തിന് അവസരമൊരുക്കിയ കുടുംബ ശ്രീ പ്രവർത്തകരെ നാട്ടുകാരാക്കി മാറ്റി റൂറൽ എസ് പി യതീഷ് ചന്ദ്രയും രംഗത്ത് വന്നു. യുവതിയെ ചുട്ടുകൊന്ന സംഭവത്തിൽ നാട്ടുകാർ തെറ്റുകാരല്ലെന്ന് എസ് പി യതീഷ് ചന്ദ്ര പ്രതികരിച്ചു. പ്രതിയെ രക്ഷപെടാൻ നാട്ടുകാർ സഹായിച്ചെന്ന വാദം തള്ളുകയാണ് പൊലീസ്. 24 മണിക്കൂറിനകം ബിരാജുവിനെ പിടികൂടുമെന്നും എസ്‌പി അറിയിച്ചു.

കൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു എന്ന് വെളിവാക്കുന്നതാണ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്. സംഭവം നടന്ന സ്ഥലത്ത് വിരാജ് ഉപേക്ഷിച്ചതായിരുന്നു ഈ ബാഗ്. ജീതു തന്നെ ചതിച്ചുവെന്നും അവൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും വിരാജ് കുറിപ്പിൽ എഴുതിയിട്ടുള്ളതായി പുതുക്കാട് പൊലീസ് പറഞ്ഞു. ജീതു മൂലം തനിക്ക് വലിയ സാമ്പത്തിക ബാധ്യതകൾ വന്നുവെന്നും താനീ ലോകം വിടുകയാണെന്നും വിരാജിന്റെ കുറിപ്പിലുണ്ട്. തന്റെ കുടുംബത്തോടും അയൽക്കാരോടും വിരാജ് മാപ്പപേക്ഷിക്കുന്നുമുണ്ട്. വിരാജിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ട് മൂന്നു ദിവസമായി. ആളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.

ജീതുവിനെ വിരാജ് മറ്റൊരാളുടെ കൂടെ കണ്ടതിനു ശേഷമാണ് ഇരുവരുടെയും ബന്ധം വഷളായതെന്ന് പൊലീസ് പറയുന്നു. ഒരു മാസം മുമ്പാണ് ഇത് സംഭവിച്ചത്. അന്ന് ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും പരസ്പര സമ്മതത്തോടെ പിരിയാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് കൊല നടന്നത്. കുടുംബശ്രീ യോഗത്തിലേക്ക് ജീതുവിനേയും അച്ഛനേയും വിളിച്ചു വരുത്തുകയായിരുന്നു. സിപിഎം അനുഭാവിയായ വിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. കുടുംബശ്രീയിലെ ചിലരും വിരാജും ചേർന്നായിരുന്നു ജീതുവിനേയും അച്ഛനേയും അവിടെ എത്തിച്ചത്. എന്നാൽ ഇവരെയൊക്കെ രക്ഷിക്കാനാണ് പൊലീസ് ശ്രമം.

സിപിഎം കൗൺസിലറുടെ മുന്നിലിട്ടായിരുന്നു കൊല. എന്നാൽ അതൊന്നും അന്വേഷണത്തിന്റെ ഭാഗമാക്കി പൊലീസ് മാറ്റില്ലെന്ന സൂചനയാണ് യതീഷ് ചന്ദ്രയുടെ വാക്കുകളിൽ ഉള്ളത്. ആത്മഹത്യാകുറിപ്പോടെ തന്നെ കൊലപാതകം ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വ്യക്തമായി കഴിഞ്ഞു. സംഭവത്തിൽ നാട്ടുകാർ കാഴ്ചക്കാരായി നോക്കിനിന്നിട്ടില്ലെന്ന് വിശദീകരണം. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയപ്പോൾ ആരും തടഞ്ഞില്ലെന്നും, എല്ലാവരും നോക്കിനിന്നെന്നും ആരോപണമുയർന്ന സാഹചര്യത്തിലാണ് പ്രദേശത്തെ പഞ്ചായത്തംഗം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകി എസ് പിയും എത്തിയത്. നേരത്തെ വരാപ്പുഴയിലെ കസ്റ്റഡി മരണത്തിലും പൊലീസിന് എസ് പിയായിരുന്ന എവി ജോർജ് ക്ലീൻ ചിറ്റ് കൊടുത്തിരുന്നു.

കുടുംബശ്രീ യോഗത്തിനിടെയായിരുന്നു വിരാജ് എന്നയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവസമയത്ത് സ്ത്രീകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഭയാനകമായ രംഗങ്ങൾ കണ്ട് സ്ത്രീകളെല്ലാം ശരിക്കും പകച്ചുപോയി. ഇതുകൊണ്ടാണ് ആർക്കും ഇടപെടാൻ കഴിയാതിരുന്നതെന്നും, ആരും കാഴ്ചക്കാരായി നിന്നിട്ടില്ലെന്നും പുതുക്കാട് പഞ്ചായത്തംഗമായ ഗീത സുകുമാരൻ പറഞ്ഞു. എന്നാൽ കുടുംബശ്രീ പ്രവർത്തകരാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാവരും സിപിഎമ്മുകാരാണ്. ഇവർ തന്ത്രപരമായി വായ്പ സംബന്ധിച്ച വിഷയം പറഞ്ഞു തീർക്കാൻ വിജുവിനെ വിളിച്ചു വരുത്തുകയായിരുന്നു. കടം തീർക്കാനുള്ള മോഹത്തിലാണ് അച്ഛനുമായി യുവതി എത്തിയത്. അപ്പോഴാണ് അക്രമം നടന്നത്. അതുകൊണ്ട് തന്നെ കുടുംബശ്രീയിലെ ചിലരും ഗൂഡോലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.

തൃശൂർ കുണ്ടുകടവിലാണ് ചെങ്ങാലൂർ സ്വദേശിനിയായ ജീതു(29)വിനെ ഭർത്താവ് വിരാജ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കുടുംബശ്രീ യോഗത്തിനിടെയായിരുന്നു സംഭവം. ദേഹമാസകലം മാരകമായി പൊള്ളലേറ്റ ജീതുവിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണപ്പെട്ടു. ഇതോടെയാണ് നാടിനെ നടുക്കിയ അരുംകൊലയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്. ഭർത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പാക്കാനായിരുന്നു ജീതുവിനെ കുടുംബശ്രീ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് വായ്പയുടെ കുടിശിക അടച്ചുതീർത്ത് മടങ്ങുന്നതിനിടെയായിരുന്നു ഭർത്താവ് വിരാജ് ജീതുവിനെ ആക്രമിച്ചത്. ജീതുവിന്റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച ശേഷം ഇയാൾ തീകൊളുത്തുകയായിരുന്നു.

ജീതുവിനെ തീകൊളുത്തിയ ശേഷം വിരാജ് സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ഇതുവരെയും ഇയാളെ പിടികൂടാനായിട്ടില്ല. അതേസമയം, കുടുംബശ്രീ ഭാരവാഹികളും പഞ്ചായത്തംഗവും നോക്കിനിൽക്കെയാണ് മകൾ ആക്രമിക്കപ്പെട്ടതെന്ന് ജീതുവിന്റെ പിതാവ് ആരോപിച്ചിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ടിട്ട് ആരും തടഞ്ഞില്ലെന്നും, ശരീരമാസകലം പൊള്ളലേറ്റ മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും സഹായിച്ചില്ലെന്നും പിതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. വിരാജ്-ജീതു ദമ്പതികൾ നിയമപരമായി വിവാഹമോചനം നേടാനിരിക്കെയാണ് ജീതുവിന് നേരെ ആക്രമണമുണ്ടായത്.

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം വിവാഹബന്ധം വേർപ്പെടുത്താൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്ന് വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ യായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്. വിവാഹമോചനത്തിന് ഒരുങ്ങിയിട്ടും ജീതുവും വിരാജും തമ്മിൽ കാര്യമായ വഴക്കോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും പറഞ്ഞത്.