ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വൈകിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചതെങ്കിലും കെ എം മാണി ഒരുങ്ങി തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. കേരളാ കോൺഗ്രസിന് ചെങ്ങന്നൂരിൽ വെറും 500 വോട്ടേയൂള്ളൂ എന്ന് പരിഹസിച്ചവർക്ക് ശക്തമായ മറുപടി നൽകേണ്ടത് മാണിയുടെ കൂടി ആവശ്യമാണ്. അതുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കേണ്ട അനിവാര്യതയെ കുറിച്ചാണ് കേരളാ കോൺഗ്രസുകാർക്ക് ബോധ്യമുണ്ട്. സ്വന്തം നിലയിൽ പ്രചരണവുമായി മുന്നോട്ടു പോകാനാണ് കേരളാ കോൺഗ്രസ് ഒരുങ്ങുന്നത്.

യുഡിഎഫിനു വേണ്ടി പൊതുസമ്മേളനങ്ങളും ഭവന സന്ദർശനങ്ങളും നടത്തി പരമാവധി വോട്ട് പിടിക്കണമെന്നു കേരള കോൺഗ്രസ് (എം) നേതൃത്വം ജില്ലാ നിയോജകമണ്ഡലം നേതാക്കൾക്കു നിർദ്ദേശം നൽകി കഴിഞ്ഞു. യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ ചെങ്ങന്നൂർ മുണ്ടൻകാവിൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എംപിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ നേതാക്കളുടെയും മണ്ഡലം നേതാക്കളുടെയും യോഗത്തിലാണു പാർട്ടി നിർദേശങ്ങൾ വിശദീകരിച്ചത്.

യുഡിഎഫിന്റെ പൊതുയോഗങ്ങളിലും വേദിയിലും കയറാൻ നേതാക്കൾ ശ്രമിക്കരുതെന്നു കർശന നിർദ്ദേശം നൽകി. യുഡിഎഫ് വേദിയിൽ ക്ഷണം ലഭിച്ചാൽ പങ്കെടുക്കണമോയെന്ന അണികളുടെ സംശയത്തിന് ആലോചിച്ചു തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. സ്ഥാനാർത്ഥിയോ യുഡിഎഫ് നേതാക്കളോ കേരള കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലോ വേദികളിലോ എത്തിയാൽ അർഹമായ പരിഗണന നൽകി പ്രസംഗിക്കാൻ അവസരം നൽകണം. നാളെ ചെങ്ങന്നൂർ മാർക്കറ്റ് ജംക്ഷനിൽ പാർട്ടി സമ്മേളനം നടത്തും.

പാർട്ടി ചെയർമാൻ കെ.എം.മാണി പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടുതന്നെ ശക്തി തെളിയിക്കണമെന്നാണു നിർദ്ദേശം. തുടർന്നുള്ള രണ്ടു ദിവസം കൊണ്ടു പാർട്ടിക്കു ശക്തിയുള്ള എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭവനസന്ദർശനമോ കുടുംബയോഗങ്ങളോ നടത്തണം. പാർട്ടിയിലെ ഭൂരിപക്ഷ വികാരവും യുഡിഎഫിനെ പിന്തുണക്കണം എന്നതാണ്. കോൺഗ്രസ് നേതാക്കളും ഇക്കാര്യം നിരന്തരം അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതും. ജോസഫ് വിഭാഗം നേതാക്കൾ തുടക്കം മുതൽ തന്നെ ഈ വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒടുവിൽ മാണിയു യുഡിഎഫിന് അനുകൂലമായി മനസുമാറ്റി.

എൽഡിഎഫിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് കെ എം മാണി യുഡിഎഫ് വിട്ടത്. ഇതോടെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കളെത്തി. കോടിയേരി ബാലകൃഷ്ണനായിരുന്നു ഇക്കൂട്ടരിൽ മുന്നിൽ. എന്നാൽ, മാണിയെ പരിഹസിച്ചു കൊണ്ടും മാണി അധികപ്പറ്റാണെന്നും പരസ്യമായി പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു. ചെങ്ങന്നൂരിൽ പോലും മാണിയുടെ വോട്ട് വേണ്ടെന്ന് കാനം പറഞ്ഞു. എന്നാൽ, ഈ നിലപാടിനെയും തള്ളിപ്പറഞ്ഞു കൊണ്ടാണ് കോടിയേരി രംഗത്തെത്തിയത്. തന്നെ കണ്ട് പിന്തുണ തേടിയ കോടിയേരിക്ക് മാണി പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്തിയ വി എസ് അച്യുതാനന്ദൻ മാണിയെ തള്ളിപ്പറഞ്ഞു കൊണ്ടു രംഗത്തെത്തിയിരുന്നു. അതുകൊണ്ട് ചെങ്ങന്നൂരിൽ തങ്ങൾ നിലപാടു മാറ്റുന്നു എന്നു പറഞ്ഞ് മണി യുഡിഎഫിനെ പിന്തുണച്ചത്. ഈ വിഷത്തിൽ തന്നെ പിന്തുണച്ചു കൊണ്ട് അധികമാരും എത്തിയില്ലെന്ന പരാതിയും മാണിക്കുണ്ട്. വിഎസിന്റെ വിമർശനം ചൂണ്ടിക്കാട്ടി കോടിയേരിയോടു ഒഴിവുകഴിവുകൾ പറയുകയുമാകാം എന്നാണ് മാണി മനസിൽ കാണുന്നത്. വിഎസിന്റെ വിമർശനം കൂടാതെ സിപിഐയുടെ എതിർപ്പും കൂടി കേരളാ കോൺഗ്രസ് തീരുമാനത്തിൽ പ്രതിഫലിച്ചു. ഇനിയും എൽഡിഎഫ് പ്രവേശനത്തിന്റെ പേരിൽ നാണം കെടാൻ ഇല്ലെന്നാണ് കെ എം മാണി തീരുമാനിച്ചിരിക്കുന്നത്.

ബാർകോഴ കേസ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതോടെ ഇനി മുന്നണി രാഷ്ട്രീയം ആകാമെന്നാണ് പാർട്ടി നിലപാടിൽ എത്തിയിരിക്കുന്നത്. എന്തായാലും യുഡിഎഫിലേക്ക് മാണി തിരികെ എത്തുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണക്കും. പതിയെ മാണി മുന്നണിയിലേക്ക് തിരികെ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച് വിജയിക്കാമെന്നുമാണ് പൊതുവിലയിരുത്തൽ. ഇന്നലെ യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ എത്തി മാണിയെ കണ്ടതാണ് ഗുണകരമായി മാറിയത്.