ചെങ്ങന്നൂർ: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായി ഇനി എല്ലാ കണ്ണുകളും ചെങ്ങന്നൂരിലേക്ക് ഉറ്റുനോക്കുമ്പോൾ കോൺഗ്രസുകാർ പതിവ് പോലെ പരിപാടികൾ ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിന്റെ ജില്ലാ കമ്മറ്റിയുടെ ഗ്രൂപ്പിൽ അടി ആരംഭിച്ചു. പിസി വിഷ്ണുനാഥ് തന്നെ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അത് വേണ്ട നാട്ടുകാരായ ചെറുപ്പക്കാർക്ക് അവസരം കൊടുക്കണമെന്നാണ് മറ്റൊരു വിഭാഗം. വിഴുപ്പലക്കൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ ശാസനവുമായി നേതൃത്വവും രംഗത്തെത്തി.

കഴിഞ്ഞ ഒരു മാസമായി ഒളിഞ്ഞും തെളിഞ്ഞും പല പേരുകൾ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി ലിസ്റ്റുകളിൽ വരുന്നുണ്ടെങ്കിലും പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യമായി ഏറ്റുമുട്ടാൻ തുടങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ അതും കൂടി ആയതോടെ നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും കർശനമായ നിർദ്ദേശം നൽകിയിട്ടും സോഷ്യൽ മീഡിയയിലെ യുദ്ധം തുടരുകയാണ്.

പിസി വിഷ്ണുനാഥ് തന്നെ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ശക്തമായ ആവശ്യം. എന്നാൽ വിഷ്ണുനാഥ് മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞതോടെയാണ് മറ്റ് പേരുകൾ ഉയർന്നു വരാൻ തുടങ്ങിയത്. ചെങ്ങന്നൂരിൽ തന്നെ പോസ്റ്ററുകൾ ഒട്ടിച്ചും കൊടിപിടിച്ചും പ്രവർത്തിച്ച ഒരുകൂട്ടം ചെറുപ്പക്കാർ ഉള്ളപ്പോൾ എന്തിനാണ് പുറത്ത് നിന്നും ഒരാളെ കൊണ്ടുവരുന്നതെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ചെങ്ങന്നൂരിലെ കോൺഗ്രസുകാർക്ക് ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ ത്രിപുര ആവർത്തിക്കുമെന്നാണ് ചില യൂത്ത് കോൺഗ്രസുകാരുടെ ഭീഷണി.

ചെറുപ്പക്കാരനായ സ്ഥാനാർത്ഥിയെ വേണമെന്നതാണ് എല്ലാവരുടെയും ആവശ്യം. അതിനിടെയിലാണ് എം മുരളിയുടെ പേര് സജീവമായി ചർച്ചയിൽ വന്നത്. എന്നാൽ പല തവണ മാവേലിക്കര മണ്ഡലത്തിൽ നിന്നും എംഎൽഎ ആകുകയും 65 വയസിന് മുകളിൽ പ്രായവുമുള്ള എം മുരളിക്ക് പകരം യുവാക്കൾ വേണമെന്നതാണ് യൂത്ത് കോൺഗ്രസുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് നൽകുമെന്നുമാണ് യൂത്ത് കോൺഗ്രസുകാരുടെ ഭീഷണി. ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു അംഗമായുള്ള ഗ്രൂപ്പിലാണ് പ്രവർത്തകർ രോഷം അണപൊട്ടിയത്.

സോഷ്യൽ മീഡിയയിൽ വിഴുപ്പലക്കൽ തുടരുന്നതിനിടെ കർശനമായ ശാസനവുമായി നേതൃത്വവും രംഗത്തെത്തി. ചെങ്ങന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അനാവശ്യ പ്രതികരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെ ഇനി ആവർത്തിച്ചാൽ ശക്തമായ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും മാവേലിക്കര പാർലമെന്റ് പ്രസിഡന്റ് സജി ജോസഫ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ എനിക്ക് പുല്ലാണെന്നാണ് ചെങ്ങന്നൂരിലെ കെഎസ്‌യു നേതാവിന്റെ വെല്ലുവിളി.

കെ കെ രാമചന്ദ്രൻ നായർ എംഎൽഎയുടെ അകാല നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന ചെങ്ങന്നൂർ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎമ്മിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ സ്ഥാനാർത്ഥിയെ സംബന്ധിച്ച് വ്യക്തത വന്നത്. സിപിഎം ജില്ല സെക്രട്ടറി സജി ചെറിയാനാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി. എൻഡിഎയിൽ പി എസ് ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകുമെന്നത് ഏകദേശം തീരുമാനമായി. ഇനി കോൺഗ്രസ് കൂടി ഔദ്യോഗികമായി പേര് വ്യക്തമാക്കിയാൽ മാത്രമെ ചെങ്ങന്നൂരിലെ ചിത്രം വ്യക്തമാകു.