തിരുവനന്തപുരം: കർണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം കേരളത്തിൽ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ തിയതിയും പ്രഖ്യാപിക്കുന്ന പ്രതീക്ഷകൾ അസ്ഥാനത്ത് ആയതോടെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന് ഇലക്ഷൻ കമ്മിഷൻ കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. അതോടൊപ്പം നേരത്തേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞ മുന്നണികളും ഇതോടെ ആശങ്കയിലായി. പ്രചരണ ചെലവ് കൂടുമെന്ന സ്ഥിതി ഉണ്ടായതോടെ ആണ് ഇത്.

കേന്ദ്രസർക്കാരിന് കൂടുതൽ പ്രഖ്യാപനങ്ങൾക്ക് അവസരം നൽകാൻ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം വൈകിപ്പിച്ചത് ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. ചെങ്ങന്നൂരിൽ എങ്ങനേയും വിജയിച്ചുകയറണമെന്ന വാശിയിലാണ് ബിജെപി കേന്ദ്രനേതൃത്വം. കേരളത്തിൽ പാർട്ടിക്ക് ഏറെ ഗുണംചെയ്യുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മെച്ചമാകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിനായി ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിച്ചേ മതിയാകൂ എന്ന നിലയുണ്ട്. മാണി കോൺഗ്രസ് ഉൾപ്പെടെ മറ്റ് പാർട്ടികളെ കൂടെ കൂട്ടാൻ കഴിയുമോ എന്നും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് നോട്ടമുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ ബിജെപിക്ക് കൂടുതൽ സാവകാശം അനുവദിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനും കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പുഫലം വരുന്നതുപോലെയാണ് രാഷ്ട്രീയ പാർട്ടികളെല്ലാം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷന്റെ പത്രസമ്മേളനം വീക്ഷിച്ചത്. ഇതിൽ പക്ഷേ, കർണാടകയുടെ തിയതി മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് എന്നുനടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായതോടെ ഇടതുവലത് മുന്നണി നേതൃത്വങ്ങളും അങ്കലാപ്പിലായി. ജനുവരി 14-നാണ് കെ.കെ. രാമചന്ദ്രൻനായർ മരിച്ചത്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലായ് 14-നകം നടത്തിയാൽ മതി. എന്നാൽ കർണാടകത്തിന് ഒപ്പം ഇവിടെയും തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. മെയ്‌ മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് എല്ലാ കക്ഷികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. എൻ.ഡി.എ. ഒഴികെയുള്ള മുന്നണികൾ തിരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി.

എന്നാൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താത്തതും തിയതി പ്രഖ്യാപനം നടക്കാത്തതും ചേർത്തുവായിച്ചാൽ ഇപ്പോൾ പ്രഖ്യാപനം നടക്കാത്തതിലെ ദുരൂഹത ചർച്ചയാക്കുകയാണ് ഇടതുവലതു മുന്നണികൾ. സംസ്ഥാനത്ത് ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ പത്തുദിവസത്തിനകം വരുതിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ബിജെപി കേന്ദ്രനേതൃത്വം നടത്തുന്നതെന്നും അത് നടന്നാലുടൻ തീയതി പ്രഖ്യാപനം ഉണ്ടാവുമെന്നും ആണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചർച്ച.

പ്രചരണ ചെലവ് കൂടുമെന്ന ആശങ്കയുണ്ട് മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും. തിരഞ്ഞെടുപ്പ് നീണ്ടാൽ ആകെ പ്രശ്നമാകുമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഡി. വിജയകുമാർ പറയുന്നു. ആവേശം ഇതേപടി നിലനിർത്തുന്നതും പണമുണ്ടാക്കുന്നതും പ്രശ്നമാണ്. തീയതി പ്രഖ്യാപിക്കാത്തതിന്റെ പിരിമുറുക്കത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി സജി ചെറിയാനും. തിരഞ്ഞെടുപ്പ് നീണ്ടാൽ ആകെ കുഴയുമെന്ന് അദ്ദേഹവും പറയുന്നു. 164 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലും അഞ്ചും പത്തും വൊളന്റിയർമാരാണ് ഓരോ സ്ഥാനാർത്ഥിക്കുംവേണ്ടി പ്രവർത്തന രംഗത്തുള്ളത്. ഒരു മുന്നണിക്ക് ദിവസം രണ്ടുലക്ഷംരൂപയ്ക്കുമേൽ ചെലവുണ്ട്. അതേസമയം കൂടുതൽ സമയംകിട്ടിയത് അനുഗ്രഹമായെന്നാണ് ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ള പ്രതികരിച്ചിട്ടുള്ളത്.

സ്ഥാനമാനങ്ങൾ നൽകി വെള്ളാപ്പള്ളിയേയും തുഷാറിനേയും കൂടെ നിർത്താനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട് ബിജെപി. ഇതിനായി സാവകാശം നൽകാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാനം നീളുന്നതെന്നാണ് സംസാരം. എൻ.ഡി.എയിലെ ഘടകകക്ഷികളോട് സ്ഥാനമാനങ്ങൾ നൽകേണ്ടവരുടെ ലിസ്റ്റ് തേടിയിട്ടുണ്ടെന്നും ഇത്തരത്തിൽ വീതംവയ്പ് നടത്തി എല്ലാവരേയും കൂടെ നിർത്തിയാൽ കാര്യങ്ങൾ മുന്നോട്ടുനീക്കുമെന്നും ആണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കൂടി ഇന്നലെ കർണാടകത്തോടൊപ്പം പ്രഖ്യാപിച്ചിരുന്നെങ്കിൽ ഈ പദവികൾ നൽകുന്നതിന് കേന്ദ്രസർക്കാരിന് തടസമുണ്ടാകുമായിരുന്നു. പെരുമാറ്റചട്ടം നിലവിൽ വന്നാൽ ഇത്തരം പ്രീണനങ്ങൾ ചർച്ചയാകും. വിവാദങ്ങളും ഉണ്ടായേക്കാമെന്ന അഭിപ്രായം ബിജെപിക്കുള്ളിൽ തന്നെയുണ്ട്. പദവികൾ നൽകുന്നതിന് നിയമപരമായി തടസമുണ്ടായില്ലെങ്കിലും അത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കും. അത് ചെങ്ങന്നൂരിൽ ബിജെപിക്ക് കൂടുതൽ ദോഷം ചെയ്യുമെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതാണ് തീയതി വൈകുന്നതിന് പിന്നിലെ രഹസ്യമെന്നാണ് മറ്റ് മുന്നണികളും ആരോപിക്കുന്നത്.

ബി.ഡി.ജെ.എസിന്റെ പിന്തുണയില്ലെങ്കിൽ ചെങ്ങന്നൂരിൽ ബിജെപി പിന്നോട്ടുപോകും. കഴിഞ്ഞ തവണ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് വോട്ട് കൂടിയതും ബി.ഡി.ജെ.എസിന്റെ ശക്തികൊണ്ടാണ്. കഴിഞ്ഞ കുറേക്കാലമായി പറഞ്ഞുപറ്റിക്കുകയാണ് ബിജെപിയെന്ന് വെള്ളാപ്പള്ളിയും തുഷാറും പറയുകയും ചെയ്തു. ഏറ്റവുമൊടുവിൽ എംപി സ്ഥാനം തുഷാറിനെ വെട്ടി മുരളീധരന് നൽകിയതോടെയാണ് കാര്യങ്ങൾ കടുത്തത്. ഇതിനെ സ്വാഗതം ചെയ്‌തെങ്കിലും ബിജെപിക്ക് ചെങ്ങന്നൂരിൽ വോട്ടുകുറയുമെന്നാണ് വെള്ളാപ്പള്ളിയും തുഷാറും ഇതിനോട് പ്രതികരിച്ചത്.

ഇതോടെ ബിഡിജെഎസ് നിലപാട് കടുപ്പിക്കുകയും ചെയ്തു. ബി.ഡി.ജെ.എസ് പ്രദേശിക നേതൃത്വം ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ശക്തമായി പ്രചരണരംഗത്ത് ഇപ്പോൾതന്നെ ഇറങ്ങിയെന്നതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ഈ നില സ്ഥാനങ്ങൾ നൽകി ഇനി മാറ്റാൻ കഴിയുമോ എന്നും ഉറപ്പില്ല. ബി.ഡി.ജെ.എസ് കൂടി വിട്ടുപോയാൽ സംസ്ഥാനത്തെക്കുറിച്ചുള്ള ബിജെപിയുടെ സ്വപ്നങ്ങൾ തകരും. ഇത് ഒഴിവാക്കാനായി ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കുന്നതിനായാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ വൈകിപ്പിച്ചിരിക്കുന്നതെന്നാണ് സൂചനകൾ.