- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡലകാലത്തെ വരവേല്ക്കാൻ ചെന്നൈയിലെ ക്ഷേത്രങ്ങളൊരുങ്ങി; സംഗീത സദസ്സുകളും, പ്രത്യേക പൂജകളും ഒരുക്കി സംഘാടകർ
ചെന്നൈ: വൃശ്ചികം പിറക്കുന്നതോടെ നാടെങ്ങും ശരണംവിളികളാൽ മുഖരിതമാകുമ്പോൾ ഒപ്പം വ്രതശുദ്ധിയോടെ മണ്ഡലകാലത്തെ വരവേൽക്കാൻ ചെന്നൈയിലെ ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങൾ. കലാസംഗീത സദസ്സുകൾക്കായി വേദിയൊരുക്കിയും പ്രത്യേക പൂജകൾ നടത്തിയുമാണ് വൃശ്ചികകാലത്തെ വരവേൽക്കുന്നത്. ശബരിമലയിലെ പൂജാചിട്ടകൾതന്നെയാണ് ചെന്നൈയിലെ പല അയ്യപ്പക്ഷ
ചെന്നൈ: വൃശ്ചികം പിറക്കുന്നതോടെ നാടെങ്ങും ശരണംവിളികളാൽ മുഖരിതമാകുമ്പോൾ ഒപ്പം വ്രതശുദ്ധിയോടെ മണ്ഡലകാലത്തെ വരവേൽക്കാൻ ചെന്നൈയിലെ ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങൾ. കലാസംഗീത സദസ്സുകൾക്കായി വേദിയൊരുക്കിയും പ്രത്യേക പൂജകൾ നടത്തിയുമാണ് വൃശ്ചികകാലത്തെ വരവേൽക്കുന്നത്. ശബരിമലയിലെ പൂജാചിട്ടകൾതന്നെയാണ് ചെന്നൈയിലെ പല അയ്യപ്പക്ഷേത്രങ്ങളിലും തുടരുന്നത്.
രാവിലെ നാലുമുതൽ 11 വരെയും വൈകിട്ട് അഞ്ചുമുതൽ 8.30 വരെയും മാലയിടുന്നതിനുള്ള സൗകര്യങ്ങൾ മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. മഹാലിംഗപുരം ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ വൈകിട്ട് ആറുവരെ കെട്ടുനിറയ്ക്കുള്ള സൗകര്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലകാലത്ത് വൈകിട്ട് 6.45 മുതൽ ദിവസവും നെയ്യ് ജ്യോതിയും കലാപരിപാടികളും അരങ്ങേറും. അയ്യപ്പന്മാർക്ക് മൂന്നുനേരം അന്നദാനവും കലാപരിപാടികളുടെ ഭാഗമായി ജനവരി അഞ്ചിന് യേശുദാസിന്റെ സംഗീതക്കച്ചേരിയും നടക്കും.
മണ്ഡലകാല ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ നാലുമണിയോടെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ നട തുറക്കും. അഞ്ചുമണിയോടെ മാലധാരണം തുടങ്ങും. ആറ് ഗുരുസ്വാമിമാരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. പതിനൊന്നുമുതൽ ഒന്നുവരെ ക്ഷേത്രത്തിൽ അന്നദാനം നടക്കും. വൈകിട്ട് ഏഴുമുതൽ ഭജന, ഭക്തിഗാനപരിപാടികൾ എന്നിവ അരങ്ങേറും. 17ന് ശുഭഅയ്യരുടെ ഭജന. യേശുദാസിന്റെ സംഗീതക്കച്ചേരി ഡിസംബർ ഒമ്പതിന് അരങ്ങേറും. ആദംപാക്കം ക്ഷേത്രം മണ്ഡലകാലത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മാലയിടൽ, കെട്ടുനിറ എന്നിവയ്ക്കായി ക്ഷേത്രത്തിൽ കൗണ്ടറുകൾ പ്രവർത്തിക്കും.
നെയ്യഭിഷേകവും പുഷ്പാഭിഷേകവുമാണ് മിക്ക അയ്യപ്പക്ഷേത്രങ്ങളിലേയും പ്രധാന വഴിവാടുകൾ. ഭക്തിഗാനസുധയാണ് കലാപരിപാടികളുടെ മുഖ്യ ആകർഷണം. ശബരീകീർത്തനങ്ങളും ഭക്തിഗാനങ്ങളും ചേർന്നുള്ള രണ്ടരമണിക്കൂർ പരിപാടികളാണ് മണ്ഡകാലത്ത് ചെന്നൈയിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളിലെല്ലാം നടക്കുന്നത്.