ചെന്നൈ: മഴക്കെടുതിയിൽ ചെന്നൈയ്ക്ക് താങ്ങും തണലുമായത് സോഷ്യൽ മിഡിയയാണ്. നവമാദ്ധ്യമങ്ങളുടെ കരുത്തിൽ സഹായങ്ങൾ ഒഴുകിയത്തി. ട്വിറ്ററിലേയും ഫെയ്‌സ് ബുക്കിലേയും ആഹ്വാനങ്ങൾ ഏറ്റെടുത്ത് യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിൽ നിറഞ്ഞു. ഇതിനിടെയും ചിലർ സോഷ്യൽ മിഡിയയെ തെറ്റായ രീതിയിലും ഉപയോഗിച്ചു. ഇത് ആളുകളിൽ ഭീതിയും പടർത്തി. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കാനാണ് ചെന്നൈ പൊലീസിന്റെ തീരുമാനം.

ചെന്നൈയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വ്യാജ സന്ദേശങ്ങളാണ് വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ വഴി പ്രചരിച്ചത്. എന്നാൽ ഇത്തരം വ്യാജ വാർത്തകൾ ആളുകളിൽ ഭീതിയുണ്ടാക്കുകയും ചെയ്തു. മൃഗശാലയിൽ വെള്ളം കയറിയതോടെ ഇവിടത്തെ മുതലകൾ നഗരത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു ആദ്യ വ്യാജ വാർത്ത. ഇതിന്റെ വ്യാജ ചിത്രങ്ങൾ വരെ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിച്ചു. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു.

ചെന്നൈയിലെ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചും വ്യാജവാർത്തയെത്തി. നാസയുടെ പേരിലുള്ള ഈ സന്ദേശങ്ങളും വാട്‌സ് ആപ്പിൽ നിറഞ്ഞത് ആശങ്ക കൂട്ടി. നാസയുടെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ചെന്നൈയിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചെന്നെയിൽ വലിയ കൊടുങ്കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും ചിലർ പ്രചരിപ്പിച്ചു. എല്ലാ ദുരിതാശ്വാസ പ്രവർത്തനവും താളം തെറ്റുമെന്നായിരുന്നു ഇത്.

എന്നാൽ ഇത്തരം വ്യാജ പ്രവചനങ്ങളും വാർത്തകളും വിശ്വസിക്കരുതെന്ന് കലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന് ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.ബി. തമ്പി പറഞ്ഞു.