പ്രകൃതിയുടെ കാടത്തരത്തിന് ഇരയാകേണ്ടി വന്ന ഒരുപാട് രാജ്യക്കാരും ദേശക്കാരും ഉണ്ട് നമ്മുടെ ഈ ലോകത്ത്. അങ്ങനെ അരങ്ങേറിയ ഒരു കാടത്തരമായിരുന്നു 2015 ഡിസംബർ മൂന്നാം തിയ്യതി ചെന്നൈ നഗരത്തിൽ നമ്മൾ കണ്ടത്. പ്രകൃതിയുടെ ധാർഷ്ട്യം അതിന്റെ പാരമ്യതയിൽ എത്തിയപ്പോൾ കനത്ത മഴയും വെള്ളപ്പൊക്കവും പ്രളയവുമായിരുന്നു ചെന്നൈ നിവാസികൾക്ക് നേരിടേണ്ടി വന്നത്. അതിന് അവർ കൊടുക്കേണ്ടി വന്ന വില ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

നൂറു കണക്കിന് ആളുകൾ അതി ദാരുണമായി കൊല്ലപ്പെട്ടു, കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായി , ആയിരങ്ങൾക്ക് അവരുടെ പാർപ്പിടം നഷ്ടപ്പെട്ടു, പതിനായിരങ്ങൾ ജോലി പോലും ചെയ്യാൻ കഴിയാത്ത രീതിയിൽ അസുഖ ബാധിതരായി. ആ ദുരന്തത്തിന്റെ രക്ത സാക്ഷികളായി ഇപ്പോഴും ജീവിച്ചിരിക്കുന്ന തെളിവുകളായി ഒരു കൂട്ടം മനുഷ്യർ അവിടെ കഷ്ടപ്പാടും യാതനയും അനുഭവിക്കുന്നുണ്ട്.

കണ്ടത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും പല രീതിയിലുള്ള സഹായങ്ങൾ ഇവരെ തേടിയെത്തി.സാമ്പത്തികമായി സഹായിച്ചവരുണ്ട്, വസ്ത്രങ്ങളും മറ്റു അത്യാവശ്യ സാധങ്ങളും അയച്ചു കൊടുത്തവരുണ്ട്, ഭക്ഷണ സാധനങ്ങളായ ബ്രഡ്, റസ്‌ക്, ബിസ്‌കറ്റ് മുതലായവ എത്തിച്ചു കൊടുത്തവരുണ്ട്, പല ചരക്കു സാധനങ്ങൾ ലോഡ് കണക്കിന് അയച്ചു കൊടുത്തവരുണ്ട്, മരുന്നുകളും മറ്റു അസുഖ നിവാരണത്തിനാവശ്യമായ ചികിത്സാ സഹായ ഔഷധങ്ങളുടെയെല്ലാം നീണ്ട ലിസ്റ്റുമായി ചെന്നൈയിലേക്ക് വണ്ടി കയറിയവരുണ്ട്. അങ്ങനെ കയ്യിൽ കിട്ടുന്നതെല്ലാം പെറുക്കിയെടുത്തും സൂക്ഷിച്ച് വച്ചും ആ ദുരിതത്തിൽ അകപ്പെട്ട ഒരാളെയെങ്കിലും സഹായിക്കാമല്ലോ, ഒരാളെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാമല്ലോ, ഒരാളുടെ വിശപ്പെങ്കിലും എനിക്ക് മാറ്റാമല്ലോ എന്ന ദൃഢ നിശ്ചയത്തോടെയും സദുദ്ദേശത്തോടെയും പല ദിക്കുകകളിൽ നിന്ന് പലരും പലതുമായി അന്ന് ചെന്നൈയിലേക്ക് തിരിച്ചു. ജാതിക്കും മതത്തിനും
വേഷത്തിനും ദേശത്തിനുമെല്ലാം അതീതമായി നില കൊണ്ട മനുഷ്യത്വപരമായ ഈ ദാന ധർമ്മത്തേയും രക്ഷാ മാർഗ്ഗത്തെയും ലോകം പ്രശംസിക്കുകയും വാനോളം പുകഴ്‌ത്തുകയും ചെയ്തു.

ധനസഹായം ചെയ്തവരും ദാന ധർമം ചെയ്തവരും ഒരു സൽക്കർമമെങ്കിലും ചെയ്തല്ലോ എന്ന ആത്മ നിർവൃതിയിലും ചൈതന്യത്തിലും ജീവിതം മുന്നോട് നയിക്കുമ്പോൾ ഈ ഒരു സത്യം വെളിപ്പെടുത്തുന്നതിൽ അതൃപ്തി തോന്നരുത്. കാരണം, ഒരിക്കൽ കൂടി ഇങ്ങനെയൊരു നിരുത്തരവാദിത്തപരമായ ഒരു സമീപനം ഭരണകൂട വർഗ്ഗത്തിൽ നിന്നും അധികാരികളിൽ നിന്നും ഉണ്ടായിക്കൂടരുത് എന്ന ആഗ്രഹം കൊണ്ടാണ് പറയുന്നത്.

ചെന്നൈ മൗണ്ട് റോഡി'ൽ 'സിംപ്‌സൺ' എന്നൊരു സ്ഥലമുണ്ട്. ചെന്നൈയിൽ താമസിക്കുന്നവർക്ക് അറിയാം. അവിടെ സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരു വിശാലമായ റൂം ഇന്ന് ദുർഗന്ധം വമിക്കുകയാണ്. ചെന്നൈ പ്രളയ സമയത്ത് നാനാ ദിക്കിൽ നിന്നും
കൊടുത്തയക്കപ്പെടുകയും അയക്കുകയും ചെയ്ത ഭകഷണ സാധങ്ങൾ, മരുന്നുകൾ, അരി പഞ്ചസാര തുടങ്ങിയ പല ചരക്കു സാധങ്ങൾ എല്ലാം ഉപയോഗിക്കാതെയും അർഹത്തെപ്പെട്ടവർക്കും അവകാശികൾക്ക് എത്തിച്ച് കൊടുക്കാതെയും നശി(പ്പി)ച്ച് കൊണ്ടിരിക്കുകയാണ്. പലരിൽ നിന്നായി കടം വാങ്ങിയും സ്വരൂപിച്ച് കൂട്ടിയും ഊണും ഉറക്കവുമില്ലാതെ ഒരുപാട് നല്ലയാളുകളുടേയും ചില ചാരിറ്റി സംഘടനകളുടെയും അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമായി ശേഖരിച്ചു വച്ച കോടിക്കണക്കിന് രൂപയുടെ സാധങ്ങൾ ഉപയോഗ ശൂന്യമായി നശിപ്പിച്ചു കൊണ്ടിരിക്കുക എന്ന് പറയുമ്പോൾ അത് എത്രത്തോളം വേദനാജനകമാണ് എന്ന് ആലോചിച്ചാൽ തന്നെ മനസ്സിലാകുന്നതാണ്.

ഗവണ്മെന്റിന്റെ അറിവില്ലായ്മയോ അഹങ്കാരമോ അതോ അത്രയൊക്കെ മതി എന്നുള്ള സമീപനമോ ആണ് ഈ ക്രമക്കേടിന് പിന്നിൽ. ഒന്ന് എത്തി നോക്കിയാൽ 24 മണിക്കൂറും പട്ടിണിയും ദുരിതവുമായി കഴിയുന്ന ആളുകൾ ഇഷ്ടം പോലെയുള്ള ഒരു നഗരമാണ് ചെന്നൈ. എന്നിട്ടും ഇത്തരമൊരു ക്രമക്കേട് നടന്നത് തികച്ചും ദുഃഖകരമാണ്. അന്നത്തെ പ്രളയ ദുരിതത്തിൽ നിന്നും ഇപ്പോഴും കര കേറാതെ ഒരു നേരത്തെ ആഹാരത്തിനു പോലും വഴി മുട്ടി കഷ്ടപ്പെടുന്ന നൂറു കണക്കിനാളുകൾ കണ്ണിന് മുന്നിലൂടെ നടന്നു നീങ്ങുമ്പോഴാണ് തൊട്ടടുത്തു ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും മരുന്നുകളും ഒരു കൂസലുമില്ലാതെ നശിപ്പിക്കുന്നത്. ഇതിനെയൊക്കെ എന്ത് പേരിട്ട് വിശേഷിപ്പിക്കണമെന്ന് പോലും അറിയില്ല.

ഈ അനാസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്. സാധന പദാർത്ഥങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ സാമ്പത്തികമായി ലഭിച്ച സഹായങ്ങളുടെ സ്ഥിതിയെന്താകും? കോടിക്കണക്കിന് രൂപ മുഖ്യ മന്ത്രിയുടെയും കളക്ടറുടെയും ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയിട്ടുണ്ട്. ഈ പണമൊക്കെ അർഹതപ്പെട്ടവർക്ക് കിട്ടിയിട്ടുണ്ടോ? എത്ര പേർ ഇനിയും സാമ്പത്തിക സഹായം പോലും കിട്ടാത്തവരായുണ്ടെന്ന് ആർക്കെങ്കിലും അറിയുമോ? ഇതിന്റെ കണക്കുകൾ ഗവണ്മെന്റിന്റെ കയ്യിലുണ്ടോ? അതോ ഈ സാധങ്ങളും കൂടെ അതും നശിപ്പിച്ചു കാണുമോ? ഇങ്ങനെയുള്ള കുറെ ദുരിതങ്ങൾ വന്നാൽ ഗവണ്മെന്റ് പച്ച പിടിക്കും. ജനങ്ങൾ മരിച്ചാലെന്ത് നരകിച്ചാലെന്ത് ? നമ്മൾക്ക് പൈസ ഉണ്ടാക്കണം എന്നൊരു ചിന്തയാണ് സർക്കാരിന്റെ ഇത്തരം അഹങ്കാരത്തിന് കാരണം. ലോക ജനങ്ങളുടെ ഇത് പോലെയുള്ള മനുഷ്യത്വപരമായ നടപടിക്കും ധാർമിക ഉത്തരവാദിത്തത്തിനും നേരെയുള്ള വെല്ലുവിളിയും കൊല വിളിയുമല്ലേ സർക്കാരിന്റെ ഈ ഉത്തരവാദിത്തമില്ലായ്മയിൽ നിന്നും തെളിവാകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

മെബൈൽ നമ്പർ പോർട്ട് ചെയ്യുന്നത് പോലെ ഇഷ്ടമില്ലാത്ത ഭരണം കാഴ്ച വെക്കുന്ന ഗവണ്മെന്റിനെതിരെ തങ്ങളുടെ ചെയ്ത വോട്ട് പിൻവലിക്കാം എന്ന് ഏതൊരു ഇന്ത്യൻ പൗരനും അവകാശം കൊടുത്തുകൊണ്ടുള്ള ഒരു നിയമം ഇന്ത്യയുടെ നിയമ പുസ്തകത്തിലും ഭരണ ഘടനയിലും എഴുതി ചേർക്കേണ്ട സമയം ഇപ്പോൾ തന്നെ അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഭയം വന്നു ചേർന്നാൽ അൽപം കൂടി ഉത്തരവാദിത്തത്തോടെയും ചുമതലയോടും ഭരണം കാഴ്ച വെക്കുകയും ജനങ്ങളെ സേവിക്കുന്നതിൽ കുറച്ചെങ്കിലും ശ്രദ്ധ കൊടുക്കുകയും ചെയ്യും. മനുഷ്യരിൽ അൽപമെങ്കിലും അവശേഷിക്കുന്ന ധാർമിക ബോധത്തെയും സ്‌നേഹത്തേയും മനുഷ്യത്വത്തേയും ഗവണ്മെന്റിന്റെ നിരുത്തരവാദിത്തപരമായ ഇത്തരം ധാർഷ്ട്യ സമീപനങ്ങൾ കൊണ്ട് നശിപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്.