ചെന്നൈ: ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സം നിന്ന അമ്മയെ മകൾ കുത്തിക്കൊന്നു. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിയായ 19കാരിയാണ് നേരിൽ കാണാത്ത കാമുകന് വേണ്ടി സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. മകളുടെ കുത്തേറ്റ ഭാനുമതി(50)യാണ് മരിച്ചത്. ബി.കോം രണ്ടാംവർഷ വിദ്യാർത്ഥിയായ ദേവിപ്രിയ കുംഭകോണം സ്വദേശി വിവേകുമായി ആറുമാസം മുമ്പാണ് ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ചെയ്തു.

ദേവപ്രിയയും വിവേകും നേരിൽ കാണാതെയാണ് പ്രണയിച്ചത്. എന്നാൽ ഇരുവരുടേയും പ്രണയം ദേവപ്രിയയുടെ അമ്മ അറിയുകയും മകളുടെ മൊബൈൽ വാങ്ങി വയ്ക്കുകയും ചെയ്തു. മകളെ പ്രണയത്തിൽ നിന്നും പിന്തിരിക്കാനായിരുന്നു ഭാനുമതിയുടെ ശ്രമം. എന്നാൽ മകൾ ഇതിന്റഎ പേരിൽ അമ്മയുമായി നിരന്തരം കലഹിച്ചു. മൊബൈൽ ഫോൺ വാങ്ങിവെച്ചെങ്കിലും ദേവിപ്രിയ വിവേകുമായുള്ള ബന്ധം തുടരുകയും ചെയ്തു. പ്രണയം വളർന്നപ്പോൾ ഇരുവരും ഒളിച്ചോടാനും തീരുമാനിച്ചു. എന്നാൽ അതിനും അമ്മ തടസ്സമായതോടെയാണ് കലിപൂണ്ട മകൾ അമ്മയെ അടുക്കളയിൽ നിന്നും കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്തിയത്.

ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചതിന് പിന്നാലെ ദേവിപ്രിയയെ തിരുവള്ളൂരിൽനിന്ന് കൊണ്ടുവരാൻ വിവേക് രണ്ടുസുഹൃത്തുക്കളെ കഴിഞ്ഞദിവസം അയച്ചിരുന്നു. കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്നേഷും സതീഷുമാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാനായി തിരുവള്ളൂരിലെത്തിയത്. എന്നാൽ ഇത് മനസ്സിലാക്കിയ ഭാനുമതി മകളെ തടസ്സപ്പെടുത്തി.

എന്നാൽ കാമുകന്റെ നിർദ്ദേശമനുസരിച്ച് ദേവിപ്രിയ ഇവരോടൊപ്പം പോകാൻ തന്നെ തീരുമാനിച്ചു. ഇതോടെ ബാഗുമായി വീട് വിട്ടിറങ്ങാൻ നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചു. ഇതോടെ അരിശംപൂണ്ട മകൾ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാനുപ്രിയ തൽക്ഷണം മരിച്ചു. വിവേകിന്റെ സുഹൃത്തുക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ഭാനുപ്രിയ കൊല്ലപ്പെട്ടതോടെ ഇരുവരും ഓടിരക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിലേൽപ്പിച്ചത്. സംഭവത്തിൽ ദേവിപ്രിയയെയും പൊലീസ് അറസറ്റ് ചെയ്തിട്ടുണ്ട്.