ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിനിടെ താരങ്ങൾക്ക് അടക്കം രോഗം ബാധിച്ചതോടെ പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രിമിയർ ലീഗ് 14ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ചെന്നൈ സൂപ്പർ കിങ്‌സ് യുഎഇയിലേക്ക് യാത്ര തിരിച്ചു. മുംബൈ ഇന്ത്യൻസ് സംഘം യുഎഇയിലേക്ക് പോയിരുന്നു. അതേസമയം, രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ്.

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീം, ചെന്നൈയിൽനിന്നാണ് യുഎഇയിലേക്ക് പോയത്. നിലവിൽ വിവിധ രാജ്യാന്തര പര്യടനങ്ങളുടെ ഭാഗമായ ഐപിഎൽ താരങ്ങൾ അതിനുശേഷം യുഇഎയിലെത്തി ടീമിനൊപ്പം ചേരും.

 

സ്യൂട്ട്‌കേസ് ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി നിൽക്കുന്ന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ചിത്രം പങ്കുവച്ചാണ് ടീമംഗങ്ങൾ യുഎഇയിലേക്കു പോകുന്ന കാര്യം ചെന്നൈ സൂപ്പർ കിങ്‌സ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുന്ന ഐപിഎൽ 14ാം സീസണിന്റെ രണ്ടാം ഭാഗത്തിനായി യുഎഇയിലേക്കു പോകുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ.

 

പാതിവഴിയിൽ നിർത്തിവച്ച ടൂർണമെന്റ് പുനരാരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസുമാണ് ഏറ്റുമുട്ടുന്നത്. സെപ്റ്റംബർ 19നാണ് മത്സരം. ഒക്ടോബർ എട്ടിന് ഡൽഹി ക്യാപിറ്റൽസും വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് അവസാന ലീഗ് മത്സരം.

വിവിധ ടീമുകളിലായി ചില താരങ്ങൾക്കും പരിശീലകർക്കും കോവിഡ് ബാധിച്ചതോടെയാണ് മാർച്ചിൽ ഐപിഎൽ നിർത്തിവച്ചത്. ഇനി 31 മത്സരങ്ങളാണു ടൂർണമെന്റിൽ ബാക്കിയുള്ളത്. കഴിഞ്ഞ സീസൺ യുഎഇയിൽ നടത്തിയതിനാൽ അവിടെയുള്ള വേദികളെപ്പറ്റി ബിസിസിഐക്കു മികച്ച ധാരണയിലുള്ളതിനാലാണു ഇത്തവണ മത്സരങ്ങൾ അവിടേക്കു മാറ്റിയത്. ചില മത്സരങ്ങൾക്ക് ഒമാനും വേദിയാകും.