- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരിഞ്ഞുമുറുക്കി ചെന്നൈ ബൗളർമാർ; നിലയുറപ്പിക്കാതെ സൺറൈസേഴ്സ് ബാറ്റിങ് നിര; 44 റൺസെടുത്ത സാഹ ടോപ് സ്കോറർ; ചെന്നൈയ്ക്ക് 135 റൺസ് വിജയലക്ഷ്യം; കരുതലോടെ തുടക്കം
ഷാർജ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 135 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മികച്ച ബൗളിങ് കാഴ്ചവെച്ച ചെന്നൈ ബൗളർമാർ സൺറൈസേഴ്സ് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി. 44റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
വൃദ്ധിമാൻ സാഹയ്ക്കൊപ്പം ജേസൺ റോയിയാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ റോയ്ക്ക് ഈ മത്സരത്തിൽ തിളങ്ങാനായില്ല. വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ ജോഷ് ഹെയ്സൽവുഡ് വിക്കറ്റ് കീപ്പർ ധോനിയുടെ കൈയിലെത്തിച്ചു.
റോയ്ക്ക് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ സൺറൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തു. എന്നാൽ പവർപ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഡ്വെയ്ൻ ബ്രാവോ സൺറൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. 11 പന്തുകളിൽ നിന്ന് 11 റൺസെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നിൽ കുടുക്കി. വൃദ്ധിമാൻ സാഹയും പിന്നാലെ പുറത്തായെങ്കിലും നോ ബോളായതിനാൽ രക്ഷപ്പെട്ടു.
അനാവശ്യ ഷോട്ടിന് ശ്രമിച്ച പ്രിയം ഗാർഗും ധോനിക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ സാഹയും പുറത്തായതോടെ സൺറൈസേഴ്സ് തകർച്ചയിലേക്ക് വീണു.
മൂന്നാം ഓവറിൽ ദീപക് ചാഹറിനെ രണ്ട് സിക്സിന് പറത്തിയ സാഹ ഒടുവിൽ പത്താം ഓവറിൽ ജഡേജക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഹൈദരാബാദ് സ്കോർ 74ൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. 46 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് സാഹ 44 റൺസെടുത്തത്.
അഭിഷേക് ശർമയും(18), അബ്ദുൾ സമദും(18) മികച്ച രീതിയിൽ തുടങ്ങിയെങ്കിലും നിലയുറപ്പിക്കാനായില്ല. ഇരുവരെയും മടക്കി ഹേസൽവുഡാണ് ഹൈദരാബാദിന് ഇരട്ടപ്രഹരമേൽപ്പിച്ചത്. വാലറ്റത്ത് റാഷിദ് ഖാൻ(13 പന്തിൽ 17*) നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ 134ൽ എത്തിച്ചത്.
കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയത്. കൊൽക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വയിൻ ബ്രാവോ തിരിച്ചെത്തിയപ്പോൾ സാം കറൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഡേവിഡ് വാർണറെ മാറ്റി ജേസൺ റോയിയെ ഇറക്കിയ പരീക്ഷണം വിജയിച്ചതിനാൽ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡ്വെയ്ൻ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാർദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്പോർട്സ് ഡെസ്ക്