ചെന്നൈ: തമിഴ് സിനിമയിലാണ് വ്യാജന്മാരുടെ കടന്നു കയറ്റം കൂടുതൽ. ഏത് പുതിയ സിനിമ ഇറക്കിയാലും താമസിയാതെ വെബ് സൈറ്റിലെത്തും. നടികർ സംഘവും പ്രൊഡ്യൂസേഴ്സ് കൗൺസിലും ശ്രമിച്ചിട്ടും സിനിമ ചോർത്തുന്ന വെബ്‌സൈറ്റുകളായ തമിൾ റോക്കേഴ്സ്, തമിൾ ഗൺ എന്നിവരെയൊന്നും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

വിശാലിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് കൗൺസിൽ മുന്നിട്ടിറങ്ങി സെറ്റുകളുടെ ചില അഡ്‌മിനുകളെ പിടികൂടി. അതിന് അപ്പുറം ഒന്നും നടന്നില്ല. സംവിധായകരേയും നടന്മാരേയും തെരഞ്ഞു പിടിച്ച് തമിൾ റോക്കേഴ്സ് പണികൊടുത്തു. എന്നാൽ ഒരു പാവം സംവിധായകൻ തമിൾ റോക്കേഴ്‌സിനെ തനിക്കൊപ്പം ചേർത്തു. ഭീഷണിയല്ല. തന്റെ അവസ്ഥ പറഞ്ഞായിരുന്നു ഇടപെടൽ.

എന്നാൽ, ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമ ഒരുക്കിയ സംവിധായകൻ അബ്ബാസ് അക്‌ബർ തമിൾ റോക്കേ്സിനെ ഭീഷണിപ്പെടുത്താനൊന്നും നിന്നില്ല. പകരം തന്റെ സിനിമയ്ക്ക് ഒരു മാസത്തെ സമയം നൽകണമെന്ന് താണുകേണ് അപേക്ഷിക്കുകയാണ് അബ്ബാസ് ചെയ്തത്. ഒരു മാസമെങ്കിലും സിനിമ ഓടിയാൽ മാത്രമേ മുടക്കുമുതൽ തിരിച്ചു കിട്ടുകയുള്ളൂവെന്നും അതിനാൽ സിനിമ ചോർത്തരുതെന്നും അബ്ബാസ് പറഞ്ഞു.

സംവിധായകന്റെ അപേക്ഷ തമിൾ റോക്കേ്സ് അംഗീകരിച്ചു. ആ സിനിമയുടെ എല്ലാ ഡൗൺലോഡ് ലിങ്കുകളും വെബ്‌സൈറ്റിൽ നിന്ന് എടുത്തുമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. തമിൾ റോക്കേഴ്സിന്റെ പാത പിന്തുടർന്ന് തമിൾ ഗൺ, തമിൾ എംവി എന്നീ സെറ്റുകളും ലിങ്കുകൾ നീക്കം ചെയ്തു.