ബെംഗളൂരു: കലാശ പോരാട്ടത്തിൽ അവസാനവാക്ക് പറഞ്ഞത് ചെന്നൈയിൻ എഫ്‌സി. ബെംഗളൂരുവിനെ തകർത്ത് ഐഎസ്എൽ നാലാം സീസൺ കിരീടം ചെന്നൈ സ്വന്തമാക്കി.ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ കലാശപ്പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം പിടിച്ചെടുത്താണ് ചെന്നൈയ്ൻ വീണ്ടും ഐഎസ്എൽ കിരീടം ചൂടിയത്.

ബ്രസീലിയൻ താരങ്ങളുടെ മികവിലാണ് ചെന്നൈയിന്റെ കിരീടനേട്ടം. ചെന്നൈയിനായി പ്രതിരോധനിരയിലെ ബ്രസീലിയൻ താരം മെയ്ൽസൻ ആൽവസ് ഇരട്ടഗോൾ നേടി. 17, 45 മിനിറ്റുകളിലായിരുന്നു ആൽവ്‌സിന്റെ ഗോളുകൾ. അവരുടെ മൂന്നാം ഗോൾ ബ്രസീലിൽനിന്നു തന്നെയുള്ള റാഫേൽ അഗസ്റ്റോയുടെ (67) വകയാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രി , മിക്കു എന്നിവരാണ് ബെംഗളൂരുവിന്റെ ഗോളുകൾ നേടിയത്.

ഐഎസ്എൽ രണ്ടാം സീസണിലും ചെന്നൈയ്ൻ ആയിരുന്നു ജേതാക്കൾ. 17, 45 മിനിറ്റുകളിൽ ഇരട്ട ഗോൾ നേടിയ മെയിൽസൺ ആൽവ്സും 67-ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയ റാഫേൽ അഗസ്റ്റോയുമാണ് ചെന്നൈയ്ന് വിജയം എളുപ്പമാക്കിയത്.

ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് മൂന്നു ഗോളുകൾ വഴങ്ങി ബെംഗളൂരു തോൽവി സമ്മതിച്ചത്. 3-1 എന്ന നിലയിൽ ചെന്നൈയൻ വിജയം ഉറപ്പിച്ച അവസാന മിനിറ്റിൽ മിക്കു ബെംഗളൂരുവിനായി രണ്ടാം ഗോൾ വലയിലാക്കിയെങ്കിലും സമനില പിടിക്കാനുള്ള സമയം പിന്നീടുണ്ടായില്ല. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡർ ഗോളിലാണ് ബെംഗളൂരു ആദ്യ ഗോൾ വലയിലാക്കിയത്. ഉദാന്ത സിങ് പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് നീട്ടി നൽകിയ ക്രോസ് മനോഹമായ ഹെഡ്ഡറിലൂടെയാണ് ബെംഗളൂരു ക്യാപ്റ്റൻ പോസ്റ്റിലെത്തിച്ചത്.

ആദ്യ ഗോളിന്റെ ചൂടാറും മുമ്പ് ചെന്നൈയ്ന് അനുകൂലമായി പതിനേഴാം മിനിറ്റിൽ ലഭിച്ച കോർണറിൽ നെൽസൺ തൊടുത്ത ഷോട്ട് മെയിൽസൺ ആൽവ്‌സ് ഉയർന്നുചാടി ഹെഡ് ചെയ്ത് പോസ്റ്റിലെത്തിച്ച് ചെന്നൈയ്ൻ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ വിണ്ടും ആദ്യ ഗോളിനെ ഓർമ്മിപ്പിക്കും വിധം മികച്ച ഹെഡ്ഡറിലൂടെയാണ് നെൽസണിന്റെ കോർണർ കിക്കിൽ മെയിൽസൺ ഇരട്ട ഗോൾ തികച്ചത്. 67-ാം മിനിറ്റിൽ റാഫേൽ ആഗസ്റ്റോയുടെ ഗോളിൽ ചെന്നൈയ്ൻ മൂന്നാം ഗോളും പോസ്റ്റിലെത്തിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.