- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ല; ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല; ഗുജറാത്തുകാരനെ തുറമുഖ സെക്രട്ടറിയാക്കിയതും കള്ളക്കളി; സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല; വിമാനത്താവളത്തിൽ അദാനിയെ രഹസ്യമായി പിണറായി സഹായിച്ചെന്ന് ആരോപണം; വിമാനത്താവളത്തിലെ നിയമസഭാ സംയുക്ത പ്രമേയം പ്രതിസന്ധയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പോയതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിർത്ത സർക്കാർ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ചെന്നിത്തല പറഞ്ഞു. നാളെ വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംയുക്ത പ്രമേയം പാസാക്കാൻ സർക്കാരും പ്രതിപക്ഷവും ചേർന്ന് തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമോ എന്ന കാര്യത്തിലും സംശയമാണ്. നാളെയാണ് നിയമസഭ. യുഡിഎഫ് നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
വിമാനത്താവള ലേലത്തിൽ കേരളത്തിനായി കെ എസ് ഐ ഡി സിയും പങ്കെടുത്തിരുന്നു. ഇവർക്ക് നിയമോപദേശം നൽകിയത് അദാനിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ സ്ഥാപനമാണ്. ഇത് സംസ്ഥാന സർക്കാരിന്റെ ഇരട്ടാപ്പിന് തെളിവായി പ്രതിപക്ഷം കാണുന്നു. ഈ സാഹചര്യത്തിലാണ് അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷം എത്തുന്നത്. ലേലത്തിൽ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണെന്നും ചെന്നിത്തല ചോദിച്ചു. സർക്കാരിന്റെ സമിതിയാണ് ടെൻഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കൺസൾട്ടന്റാക്കായില്ലെന്നതാണ് ചെന്നിത്തല ഉയർത്തുന്ന ചോദ്യം.
ലാഭകരമായി വിമാനത്താവളം നടത്തി പരിചയമുള്ള സിയാലിനെ ഒഴിവാക്കിയത് വളരെ ഗൗരവമല്ലേ. കെപിഎംജിയുടെ കൺസൾട്ടൻസിയായുള്ള വരവ് തന്നെ ദുരൂഹമാണ്. ഇതിൽ ടെൻഡറുണ്ടോ. 10 ശതമാനം പ്രൈസ് പ്രിഫറൻസുണ്ടായിട്ടും കേരളം ടെൻഡറിൽ പരാജയപ്പെടുകയുണ്ടായി. വളരെ ദുരൂഹമായ ഇടപാടുകളാണ് നടന്നത്. ആര് നിർദേശിച്ചിട്ടാണ് ടെൻഡറില്ലാതെ ഈ രണ്ട് കമ്പനിയെ കൺസൾട്ടന്റാക്കിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദാനിക്ക് താത്പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് തന്നെ സംശയാസ്പദമാണെന്ന് ചെന്നിത്തല പറയുന്നു.
ഈ ടെൻഡർ നടപടികൾ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. ഞാൻ മനസ്സിലാക്കുന്നത് ഈ ലേലത്തിന്റെ സമയത്ത് ഇദ്ദേഹമായിരുന്നു എംഡി. ലേലം കഴിഞ്ഞതോടെ അദ്ദേഹത്തെ ആ ചുമതലയിൽ നിന്ന് മാറ്റി. ഇത് യാദൃച്ഛികമല്ല. അദാനിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ ഇത്. നമ്മൾ ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയർന്ന തുക ലേലത്തിൽ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്-ചെന്നിത്തല ആരോപിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുള്ള സെക്രട്ടറിയായി ഇപ്പോൾ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രവർത്തിക്കുകയാണ്. വലിയ ഉഡായിപ്പായിട്ടാണ് ഇത് ഉയർന്നുവരുന്നത്. ഈ സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ല. അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ല. ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല. വ്യാപകമായ അഴിമതിയും കൊള്ളയുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതോടെ അതീവ ഗൗരവമുള്ള ആരോപണങ്ങൾ ചെന്നിത്തല ഉയർത്തുകയാണ്. സഞ്ജയ് കൗളാണ് ഇപ്പോൾ തുറമുഖ സെക്രട്ടറി. എന്നാൽ കേരളാ കേഡറിലെ ഐഎഎസുകാരനാണ്.
മറുനാടന് മലയാളി ബ്യൂറോ