തിരുവനനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണ്ണർക്ക് കത്ത് നൽകും.

ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും നിർണ്ണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണം എന്നും ആവശ്യപ്പെടും. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ഇന്നലെ രാത്രി പ്രതിപക്ഷനേതാവും കോൺഗ്രസ് നേതാക്കളും ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്വർണ്ണക്കടത്ത് അടക്കമുള്ള നിർണ്ണായക കേസുകളുമായി ബന്ധപ്പെട്ട രേഖകളാണ് കത്തി നശിച്ചതെന്നും തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണുണ്ടായതെന്നും അട്ടിമറിയുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരി ദിനം ആചരിക്കുകയാണ്.