തിരുവനന്തപുരം: അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ നാറിയ ഭരണം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ദുർഗന്ധം കാരണം കേരള ജനതയ്ക്ക് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

നേരത്തേ പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു. ഇപ്പോൾ മന്ത്രി പുത്രനെതിരെ ആരോപണം ഉയർന്നിരിക്കുന്നു. വരുംദിവസങ്ങളിൽ മന്ത്രിപുത്രന്മാർക്കും പുത്രിമാർക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയായ ലൈഫ്മിഷനിൽ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുള്ള കാര്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയേറെ ആരോപണങ്ങൾ ഉയരുമ്പോൾ കാനം രാജേന്ദ്രൻ ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ഈച്ചപോലും അറിയാതെ കാര്യങ്ങൾ ചെയ്യുന്നവരെയാണ് പഠിച്ച കള്ളന്മാർ എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ധാരാളം കള്ളന്മാർ ഉണ്ട്. താൻ അവരേക്കാൾ മിടുക്കനാണെന്ന് ജലീൽ തെളിയിച്ചിരിക്കുന്നു.

മന്ത്രിസഭ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും സെപ്റ്റംബർ 22-ന് യുഡിഎഫ് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റിന്റെ മുന്നിലും യു.ഡി.എഫ്. സത്യാഗ്രഹമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.