തിരുവനന്തപുരം: പാലക്കാട് വി ടി ബൽറാം എംഎൽഎയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവം പ്രാകൃതമാണ്. ഇതിന് പൊലീസ് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംഭവം അപലപനീയമാണ്. സംസ്ഥാന വ്യാപകമായി സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ തലക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പൊലീസ് നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട. പ്രതിഷേധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ട. അതിക്രമം നടത്തുന്ന പൊലീസ് നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.