- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കോടിയേരി വർഗീയത പറയുന്നത്; പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചെന്ന് രമേശ് ചെന്നിത്തല; അടുത്ത യു.ഡി.എഫ് സർക്കാർ പിണറായി സർക്കാരിന്റെ അഴിമതികൾ എണ്ണി എണ്ണി അന്വേഷിക്കുമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീൽ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുള്ളവരുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യ സംവിധാനത്തിൽ സത്യസന്ധതയും ആത്മാർത്ഥതയും ഇല്ലാതെയാണ് സിപിഎം പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോൾ കോടിയേരി ബാലകൃഷ്ണൻ ഒന്നും പറഞ്ഞില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാൽ സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് വർഗീയത പറയുന്നത്. ഇത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ട്.
ആദ്യം എന്നെ ആർഎസ്എസ് ആയി മുദ്ര കുത്താൻ ശ്രമിച്ചു. അത് ഫലിക്കില്ലായെന്ന് ബോധ്യപ്പെട്ടു. പിന്നീട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയാണ് യഥാർത്ഥത്തിൽ ആർ.എസ്.എസുമായി ബന്ധമുള്ളയാളെന്ന് തെളിഞ്ഞു. അപ്പോഴാണ് മറ്റൊരു വർഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും ശ്രമിക്കുന്നത്. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വർഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത് അങ്ങേയറ്റത്തെ പ്രതിഷേധാത്മകമായ കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
പമ്പയിലെ മണൽ കടത്തൽ വിവാദത്തിൽ സർക്കാരുമായി ഇടഞ്ഞ മുതിർന്ന ഉദ്യോഗസ്ഥ അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ വനം വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥ ഭരണ വകുപ്പിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതു സംബന്ധിച്ച് പത്രസമ്മേളനത്തിലെ ചോദ്യത്തിൽ ആയിരുന്നു വരുന്ന സർക്കാർ പിണറായി സർക്കാരിന്റെ അഴിമതികൾ ഓരോന്നും എണ്ണി എണ്ണി അന്വേഷിക്കും എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
പമ്പയിലെ മണൽ വനാതിർത്തിക്കുള്ളിൽ തന്നെ നിക്ഷേപിക്കണം എന്ന ആശാ തോമസിന്റെ ഉത്തരവിട്ടത് മണൽ മാഫിയക്ക് കിട്ടിയ തിരിച്ചടി ആയിരുന്നു. മുഖ്യമന്ത്രി ആശാ തോമസിന്റെ നടപടിയിൽ അന്ന് തന്നെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടർന്ന് വിജിലൻസ് കോടതി പമ്പയിലെ മണൽ കടത്തിലെ അഴിമതി അന്വേഷിക്കാൻ ഉത്തരവിട്ടു. ഗവൺമെന്റ് ഇതിനെതിരെ ഹൈക്കോടതിയിൽ രണ്ട് മാസത്തെ സ്റ്റേ വാങ്ങി.
എന്നാൽ വനം വകുപ്പിൽ സത്യസന്ധയായ ഉദ്യോഗസ്ഥയായ ആശാ തോമസ് തുടർന്നാൽ കേസിൽ തിരിച്ചടി നേരിടും എന്ന് മനസിലാക്കിയാണ് താരതമ്യേന അപ്രധാന വകുപ്പായ ഉദ്യോഗസ്ഥ ഭരണപരിഷ്‌കര വകുപ്പിലേക്ക് മാറ്റിയത്.