കോഴിക്കോട്: ലൈഫ് മിഷൻ അന്വേഷണം അട്ടിമറിക്കാൻ നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ സ്പീക്കർ കരുവാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി നേരത്തെ വിളിച്ചത് തെറ്റാണെന്നും സ്പീക്കർ പക്ഷം പിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് പോലും കണക്കിലെടുക്കാതെയാണ് പ്രവിലേജ് കമ്മിറ്റി നേരത്തെ വിളിച്ചതെന്നും ചെന്നിത്തല വിമർശിച്ചു.

സ്പീക്കർക്ക് ഇതുസംബന്ധിച്ച് ഇന്ന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കെ സി ജോസഫ് ഒമ്പത് മാസം മുമ്പ് പരാതി നൽകിയിട്ടും നിയമസഭ പ്രിവിലേജ് കമ്മറ്റി ഇതുവരെ പരിഗണിച്ചില്ലെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു. കേരളത്തിൽ വ്യാപകമായി അനധികൃത നിയമനം നടക്കുകയാണ്.

സംസ്ഥാനത്ത് മുഴുവൻ സി പി എമ്മുകാർക്കും ജോലി കൊടുക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.ബിനീഷിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അപാകതയില്ല. മുഖ്യമന്ത്രിക്ക് പോലും ബിനീഷിന്റെ കാര്യത്തിൽ വിശ്വാസമില്ല. ബിനീഷിന്റെ കാര്യത്തിൽ സി പി എമ്മിന് ഇരട്ടത്താപ്പാണ്.

ഒരു ഭാഗത്ത് ബിനീഷ് ഒരു വ്യക്തി മാത്രമെന്ന് പറയുകയും മറു ഭാഗത്ത് സർക്കാർ ഏജൻസികളെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിയമാനുസൃതമാണ്. ഇ ഡി കോടതിയിൽ കൊടുത്ത റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.

സംസ്ഥാന സർക്കാരിന്റെ പദ്ധതി വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകി എന്നാണ് ഇ ഡി റിപ്പോർട്ടിൽ പറയുന്നത്. ബാലവകാശ കമ്മിഷനിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.