കൊല്ലം: സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. ഞങ്ങൾ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സിപിഎം. അംഗീകാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് ഒരു അന്വേഷണവും പാടില്ല. ഏതുതരത്തിലുള്ള കൊള്ള നടന്നാലും ആരും അന്വേഷിക്കാൻ പാടില്ല. ഞങ്ങൾക്കിഷ്ടമുള്ളതുപോലെ ഞങ്ങൾ ചെയ്യും ആരും ചോദിക്കാൻ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വവും ഇടതുമുന്നണിയും ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് സിപിഎം. എത്തിച്ചേർന്നിട്ടുള്ളത്. അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന പാർട്ടി കേന്ദ്ര ഏജൻസികൾ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു.

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീർത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോൾ അന്വേഷണ ഏജൻസികളെ നിശിതമായി വിമർശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വർണക്കള്ളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.

ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകൾക്കും ഭരണത്തിന്റെ തണൽ ഉണ്ടായിരുന്നു. പാർട്ടി സെക്രട്ടറിയുടെ തണലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.