തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജുവിന്റെ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.

രോഗമുള്ള ആളാണ് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ടാണ് 164 മൊഴിയിൽ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റായിരിക്കെയാണ് പണം വാങ്ങിയത്. ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. നിരവധിത്തവണ ആവർത്തിച്ച ആരോപണമാണ്. അതിൽ ഒരു കാര്യവും മാറ്റി പറഞ്ഞില്ല. പിണറായി വിജയനെ കെ.എം.മാണി വീട്ടിൽപ്പോയി കണ്ടതിനുശേഷം വിജിലൻസ് കേസ് ഇല്ലാതായി. എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പരസ്പരം ഒത്തുതീർപ്പുണ്ടാക്കില്ലെന്ന് ഒരുറപ്പുമില്ല. ബാർ കോഴ വിഷയത്തിൽ സിപിഎമ്മിന് ഒരു ആദർശവുമില്ല. തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുതെന്നും ബിജു രമേശ് പറഞ്ഞു.