തിരുവനന്തപുരം: സ്വർണക്കടത്തിലെ ഉന്നതൻ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്സ് ഹവാലയിൽ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാൽ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വപ്നയും സരിത്തും കോടതിക്ക് നൽകിയ രഹസ്യ മൊഴിയിൽ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്. ഭരണഘടനാ പദവി വഹിക്കുന്ന ഈ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന മൊഴിയാണ് സ്വപ്‌ന നൽകിയിരിക്കുന്നത്. എന്നാൽ ആരോപണം സ്ിപിഎമ്മും സ്പീക്കറും നിഷേധിക്കുകയാണ്. ഇതിനിടെയാണ് മുഖ്യധാരാ മാധ്യമങ്ങൾ പേരു വയ്ക്കാതെ പറയുന്ന ഉന്നതൻ ആരെന്ന് മുഖ്യമന്ത്രി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത് നാണക്കേടു കൊണ്ടാണെന്നും പരാജയഭീതിയാണ് കാരണമെന്നും ചെന്നിത്തല പരിഹസിച്ചു. വിജയരാഘവന്റെ സ്വരം ആർ.എസ്.എസിന്റെ സ്വരമാണ്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് ആർട്ടിക്കിൾ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടുന്നില്ലെന്നും സ്വപ്നയും ശിവശങ്കറും സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ തിരിച്ചും ഇവരെ സംരക്ഷിക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രയുടെ വിവരങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ സ്വർണക്കടത്തു കേസിൽ ഉന്നത നേതാവിന്റെ പങ്ക് വ്യക്തമാക്കി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഇഡി പരിശോധിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം ഏതാനും പ്രമുഖരെപ്പറ്റി സ്വപ്ന 'ഞെട്ടിപ്പിക്കുന്നമൊഴി' നൽകിയെന്നു സൂചന. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയതായി സൂചനയുണ്ട്. ഇദ്ദേഹം തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തി.

ഈ യാത്രകളിൽ ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ചു സ്വന്തം ബാഗിൽ ഡോളർ കടത്തിയോ എന്നു പരിശോധിക്കുകയാണ്. ചില വിവരങ്ങൾ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണു വിവരം. ഏതാനും വർഷങ്ങൾക്കിടെ നടത്തിയ നിരവധി വിദേശയാത്രകളുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ ചാറ്റുകളിലുണ്ടെന്നാണു സൂചന. ഇതാണ് ഞെട്ടിപ്പിക്കുന്നതെന്ന് കോടതിയും പറഞ്ഞത്. കോടതിയിൽ സ്വപ്‌ന നൽകുന്ന രഹസ്യമൊഴി അതിനിർണ്ണായകമാണ്. സ്വപ്‌ന കേസിൽ മാപ്പു സാക്ഷിയാകാനും സാധ്യതയുണ്ട്. സരിത്തും സമാന മൊഴിയാണ് നൽകുന്നത്.

രണ്ട് മൊഴികളും തമ്മിൽ സാമ്യമുള്ളതു കൊണ്ട് തന്നെ രാഷ്ട്രീയ ഉന്നതൻ കുടുങ്ങുമെന്നാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് ഇഡിയും മറ്റും പരിശോധിക്കും. സ്വപ്‌നയുമായുള്ള ഗൾഫ് യാത്രകൾക്ക് സ്ഥിരീകരണം ഉണ്ടാക്കാനാണ് ഇത്. ഒരു പ്രമുഖ വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാർജയിൽ തുടങ്ങാൻ നേതാവിന് ഉദ്ദേശ്യമുണ്ടായിരുന്നതായാണു സ്വപ്ന നൽകിയ വിവരം. ഇതിനാണ് ഡോളറാക്കി പണം നൽകിയത്. ബെംഗളൂരുവിൽ വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന മലയാളി യുഎഇയിലെ തന്റെ ബന്ധങ്ങൾ വച്ച് നേതാവിനു വേണ്ട സഹായം ചെയ്തിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിനു കൈമാറി.നേതാവുമായുള്ള ബന്ധത്തെക്കുറിച്ചു സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഇദ്ദേഹത്തിനു വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്യപ്പെട്ടതായി അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നുവെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്.

സ്വർണ്ണ കടത്തു കേസിൽ ഭരണ ഘടനാ പദവിയിലുള്ള ഉന്നതിന് കുരുക്കു മുറുകുന്നുവെന്ന് റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്‌സ് ആപ് സന്ദേശങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തതാണ് നിർണ്ണായകമാകുന്നത്. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളർ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവയെന്നും വാർത്തകളെത്തി. ഇതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലും. ഇതിൽ കേന്ദ്ര ഏജൻസികൾ എടുക്കുന്ന തുടർ നീക്കം നിർണ്ണായകമാകും.

സ്വപ്നയ്‌ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര നടത്തിയെന്നാണ് സൂചന. ഇതിനൊപ്പം ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെയും വിവരങ്ങൾ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണ് വിവരം. ഏതാനും വർഷങ്ങൾക്കിടെ 20 തവണത്തെ വിദേശയാത്രയുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ ചാറ്റുകളിലുണ്ടെന്നാണ് സൂചന. ഭരണഘടനാ പദവിയിലുള്ള ഉന്നതനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം കേന്ദ്ര ഏജൻസികൾ എടുത്തിട്ടില്ല.

രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയെന്ന കണ്ടെത്തൽ നടത്തിയത് കസ്റ്റംസാണ്. ഇഡിയും ഇത് സ്ഥിരീകരിച്ചു. അതിനിടെ റിവേഴ്‌സ് ഹവാല ഇടപാടിലുൾപ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശവും ഏജൻസികൾക്ക് കിട്ടിയിട്ടുണ്ട്. ഇതോടെ വൻ സ്രാവുകൾ കുടുങ്ങുമെന്നാണ് സൂചന. കസ്റ്റംസും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക.

സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വമ്പൻ സ്രാവുകളിൽ കസ്റ്റംസ് കടുത്ത നടപടികൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങൾക്ക് മുമ്പേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയതോടെ എല്ലാം ഡൽഹിയും വീക്ഷിക്കുന്നുണ്ട്.