കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജയാൽ പല ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഡിക്ക് മുന്നിൽ ഹാജരാവാൻ പറയുമ്പോൾ സ്ഥിരം അസുഖം വരുന്നത് അതുകൊണ്ടാണെന്നും കുറ്റപ്പെടുത്തി.

സി.എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. സുരക്ഷ നൽകാനും എയിംസിലെ ഉന്നത മെഡിക്കൽ സംഘത്തെ കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിക്കാനും സർക്കാർ തയ്യാറാവണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. രവീന്ദ്രന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്.

സ്വർണക്കള്ളക്കടത്ത് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതരുടെ പേര് വെളിപ്പെടുത്തിയാൽ കൊലപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. സി.എം രവീന്ദ്രന്റ അസുഖവും, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും അതാണ് ചൂണ്ടിക്കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

റിവേഴ്സ് ഹവാല കേസിലെ ഉന്നതൻ ആരാണെന്ന് വെളിപ്പെടുത്താൻ താൻ വീണ്ടും ആവശ്യപ്പെടുകയാണ്. ഇത് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആർ എസ് എസിന്റെ സ്വരമാണ്. അവർ ആഗ്രഹിക്കുന്നത് കോൺഗ്രസിന്റെ തകർച്ചയാണ്. ബിജെപിയും സിപിഎമ്മും കേരളത്തിൽ ഒരേ തൂവൽ പക്ഷിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.