- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബുദ്ധിമുട്ട് കണക്കിലെടുത്ത് സംസ്ഥാന സ്കൂൾ സിലബസ് ലഘൂകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്; പാഠ്യഭാഗങ്ങൾ അടിയന്തിരമായി കുറയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അദ്ധ്യയനത്തിലുണ്ടായിട്ടുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സി.ബി.എസ്.സി - ഐ.സി.എസ്.സി സിലബസുകൾ ലഘൂകരിച്ചതു പോലെ സംസ്ഥാന സിലബസും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
പ്രത്യേകിച്ച് 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങൾ അടിയന്തിരമായി കുറയ്ക്കണം. കോവിഡ് കാരണം കേരളത്തിലെ വിദ്യാഭ്യാസമേഖലയും വിദ്യാർത്ഥികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കൊല്ലത്തെ അദ്ധ്യയനവർഷം അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. കോവിഡ് മഹാമാരി വിദ്യാഭ്യാസമേഖലയിൽ ഉണ്ടാക്കിയ അനിശ്ചിതത്വം കണക്കിലെടുത്ത് സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസ്സുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെങ്കിലും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിലവിലെ സിലബസ്സിൽ യാതൊരുമാറ്റവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാൽ നിലവിലെ സിലബസ്സ് പൂർണ്ണമായും എങ്ങനെ പൂർത്തീകരിക്കാനവുമെന്നത് സംബന്ധിച്ച് അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ആശങ്കകളുണ്ട്. സിലബസ്സ് പ്രകാരമുള്ള അദ്ധ്യയനം ഇപ്പോൾ തന്നെ കൃത്യമായി നടത്താൻ കഴിയുന്നില്ല. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പ്രായോഗിക പരിമിതികളുണ്ട്. പല വിദ്യാർത്ഥികൾക്കും പാഠ്യഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്.
വ്യത്യസ്ത പഠന നിലവാരവും, ബൗദ്ധിക ശേഷിയും പുലർത്തുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ച് നിലവിലുള്ള സിലബസ്സ് പ്രകാരമുള്ള മുഴുവൻ പാഠ്യവിഷയങ്ങളും എങ്ങനെ സ്വാംശീകരിക്കാനാകുമെന്നും വാർഷികപരീക്ഷകയിൽ സ്വാഭാവിക മികവ് എങ്ങനെ പ്രകടിപ്പിക്കാനാകുമെന്നും ആശങ്കയുണ്ട്. സിലബസ് ലഘൂകരിക്കാതെ വാർഷിക പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളിൽ കടുത്ത മാനസ്സിക സമ്മർദ്ദം ഉണ്ടാക്കും. കോവിഡിന്റെ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളും സിലബസ്സ് ലഘൂകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന സിലബസിൽ, പ്രത്യേകിച്ച്, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങൾ അടിയന്തിരമായി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.