തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പി.എസ്.സിയെ നോക്കു കുത്തിയാക്കി താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം കിട്ടിയതോടെ എന്തും ആവാം എന്ന മട്ടിലാണ് സർക്കാർ. നേരത്തെ തന്നെ പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡിട്ട സർക്കാർ ഇപ്പോൾ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ പോലും താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിലെ സർവ്വകലാശാലകളിൽ മൂവായിരത്തോളം പേരെ സ്ഥിരിപ്പെടുത്താൻ പോവുകയാണ് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. കോഴിക്കോട് സർവ്വകലാശാല സിന്റിക്കേറ്റ് കഴിഞ്ഞ ദിവസം 35 താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സിന്റിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

മറ്റു സർവ്വകാലശാലകളിലും ഇത് നടക്കാൻ പോവുകയാണ്. കേരള സർവ്വകലാശാലയിലെ നിയമനത്തട്ടിപ്പിനെത്തുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് സർവ്വകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിട്ടത്. തുടർന്ന് അസിസ്റ്റന്റ് നിയമനവും കംപ്യൂട്ടർ അസിന്റ് നിയമനവും പി.സി.സി വഴി നടത്തുകയുണ്ടായി. അതേ പോലെ മറ്റു തസ്തികകളിലേയും നിയമനങ്ങളും പി.എസ്.സി വഴി നടത്താതെയാണ് താത്ക്കാലികക്കാരെയും ദിവസവേതനക്കാരെയും കൂട്ടത്തോടെ ഇപ്പോൾ സ്ഥിരപ്പെടുത്താൻ പോകുന്നത്. കിലയിൽ കാരാർ ജീവനക്കാരെയും ദിവസവേതനക്കാരെയും സ്ഥിരപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ആഴ്ച ഉത്തരവിറക്കി. മറ്റു സ്ഥാപനങ്ങളിലും നൂറു കണക്കിന് താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താൻ പോവുകയാണ്.

രാത്രി പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്കിലിസ്റ്റുകളിൽ കയറിപ്പറ്റുന്നവരെ വിഢ്ഢികളാക്കിക്കൊണ്ടാണ് സർക്കാർ താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തും ഇപ്പോഴും അനധികൃതമായി പിൻവാതിൽ വഴി കയറിപ്പറ്റിയവരാണ് ഇതിൽ ഏറെയും. നൂറിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടത്താതെ ഈ സർക്കാർ റദ്ദാക്കിയത്. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നിയമം ലഭിക്കാതെ ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനം നൊന്ത് ആത്മഹത്യയിൽ ആഭയം പ്രാപിച്ച കാരക്കോണം സ്വദേശി അനു എന്ന യുവാവ് ഈ സർക്കാരിന്റെ ക്രൂരതയുടെ ഇരയാണ്. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതിരിക്കുകയും തങ്ങൾക്ക് വേണ്ടപ്പെട്ട താത്ക്കാലിക്കാരെ നിയമിക്കുകയും ചെയ്യകയാണ് സർക്കാർ. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് ഉമാദേവിക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്.

മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി വകുപ്പിലും മറ്റും കൺസൾട്ടൻസികൾ വഴി യാതൊരു യോഗ്യതയുമില്ലാത്തവരെ വൻശമ്പളത്തിൽ തിരുകിക്കയറ്റിയത് വിവാദമുണ്ടാക്കിയരുന്നു. അതിന്മേൽ അന്വേഷണവും നടന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അനധികൃത നിയമനങ്ങൾ നടത്താൻ ലൈസൻസ് കിട്ടിയിരിക്കുകായാണെന്നാണ് സർക്കാർ ധരിച്ചരിക്കുന്നത്. അത് അനുവദിക്കാനാവില്ലെന്ന് രമേശ ചെന്നിത്തല പറഞ്ഞു