തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പിച്ച് കോൺഗ്രസിനുള്ളിൽ മന്ത്രിപദത്തെ കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സജീവം. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യമുണ്ടെന്ന് എ ഗ്രൂപ്പ് തിരിച്ചറിയുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യാവസ്ഥയിൽ ഭരണ നേതൃത്വം ഏറ്റെടുക്കുന്നതിൽ ചില പ്രശ്‌നമുണ്ട്. ഇതിനൊപ്പം പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണ്. അതുകൊണ്ട് തന്നെ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉണ്ടെന്ന് എ ഗ്രൂപ്പ് തിരിച്ചറിയുന്നു.

അങ്ങനെ ചെന്നിത്തല മുഖ്യമന്ത്രിയായാൽ ആഭ്യന്തരം എ ഗ്രൂപ്പ് ചോദിക്കും. ഉമ്മൻ ചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തലയ്ക്കായിരുന്നു ആഭ്യന്തരം. ഈ ഫോർമുല വീണ്ടും ചർച്ചയാക്കും. എ ഗ്രൂപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാകും ആഭ്യന്തര മന്ത്രിയാകാൻ കൂടുതൽ സാധ്യത. വിഡി സതീഷന് ധനകാര്യവും കൊടുക്കും. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കേണ്ടി വരും. അങ്ങനെ വന്നാൽ മറ്റ് വകുപ്പുകളുടെ കാര്യത്തിൽ മുന്നണിയിൽ ചർച്ച അനിവാര്യതയായി മാറും. നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളൂവെങ്കിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഘടകകക്ഷികൾ കടുംപിടിത്തം പിടിക്കുമെന്ന വിലയിരുത്തലുമുണ്ടാകും. അങ്ങനെ വന്നാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തരവും ഉപമുഖ്യമന്ത്രിസ്ഥാനവും കിട്ടും.

നേമത്ത് കെ മുരളീധരൻ മത്സരിക്കുന്നുണ്ട്. മുരളീധരൻ ജയിച്ചാൽ താക്കോൽ മന്ത്രിസ്ഥാനം മുരളീധരന് നൽകേണ്ടി വരും. ധനകാര്യമോ ആഭ്യന്തരമോ ആകും ചോദിക്കുക. വി എസ് ശിവകുമാർ, ശബരിനാഥൻ, ബിന്ദു കൃഷ്ണ, വിഷ്ണുനാഥ്, എംലിജു, അൻവർ സാദത്ത്, ഡോക്ടർ കെ എസ് മനോജ്, ജോസഫ് വാഴക്കൻ, പത്മജാ വേണുഗോപാൽ, ടി സിദ്ദിഖ്, ഷാഫി പറമ്പിൽ, വിടി ബൽറാം എന്നിങ്ങനെ നീണ്ട നിരയുണ്ട്. മുസ്ലിം ലീഗിന് അഞ്ചും കേരളാ കോൺഗ്രസിന് രണ്ടും ആർ എസ് പിക്ക് ഒരു മന്ത്രി സ്ഥാനവും നൽകേണ്ടി വരും. പരമാവധി 12 പേരെയാകും അധികാരം കിട്ടിയാൽ കോൺഗ്രസിന് മന്ത്രിയാക്കാൻ കഴിയുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 75 മുതൽ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തൽ. ഡിസിസി പ്രസിഡന്റുമാർ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്, ഉറപ്പായും ഭരണം ലഭിക്കുമെന്ന കോൺഗ്രസിന്റെ വിലയിരുത്തൽ. ഓൺലൈനായാണ് യോഗം ചേർന്നത്. ഇരുപതോളം മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ഇതിൽ പകുതിയെങ്കിലും ജയിച്ചാൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് ഏഴു സീറ്റിൽ ജയം ഉറപ്പാണെന്നാണ് ഡിസിസി നൽകിയ കണക്ക്. കൊല്ലം-5, ആലപ്പുഴ-5, പത്തനംതിട്ട-3, കോട്ടയം- 5, എറണാകുളം- 11, ഇടുക്കി- 4, തൃശൂർ- 5, പാലക്കാട്- 5, മലപ്പുറം- 15, കോഴിക്കോട്- 5, വയനാട്- 2, കണ്ണൂർ-4, കാസർകോട്-2 എന്നിങ്ങനെയാണു കോൺഗ്രസ് പ്രതീക്ഷിക്കുന്ന സീറ്റുകൾ. ഈ 78നു പുറമേ മൂന്നു സീറ്റുകൾ കൂടി നേടി 80 കടക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

നേമം, നെടുമങ്ങാട്, കഴക്കൂട്ടം, പത്തനാപുരം, കഴക്കൂട്ടം, ചടയമംഗലം, കാഞ്ഞിരപ്പള്ളി, കളമശേരി, ചേലക്കര, ഒറ്റപ്പാലം, ചിറ്റൂർ, നെന്മാറ തുടങ്ങിയ മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പമാണ് സാധ്യത. വടകരയിലും പാലായിലും യുഡിഎഫ് ജയിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. വിവിധ ഘട്ടങ്ങളിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർക്കിക്കൊണ്ടുവന്ന വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയായെന്നും ഇത് ഗുണമായി മാറിയെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഇരട്ടവോട്ടുകൾ സംബന്ധിച്ച് ഉയർത്തിക്കൊണ്ടുവന്ന വിമർശനങ്ങളും ഇടപെടലുകളും ഒരുപരിധിവരെ കള്ളവോട്ടുകളെ അകറ്റിയെന്നും കോൺഗ്രസ് കരുതുന്നു. സമുദായ സംഘടനകളുടെയും എൻഎസ്എസിന്റെയും സമീപനവും കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. അതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടുന്നത്.

അഞ്ച് മന്ത്രിമാർ ഉൾപ്പെടെ നിരവധി സിറ്റിങ്ങ് എംഎൽഎമാരെ ടേം വ്യവസ്ഥ കണക്കിലെടുത്ത് ഇടതുമുന്നണി മത്സരിപ്പിക്കാതിരുന്നതും യുഡിഎഫിന് ഗുണം ചെയ്‌തെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പല മണ്ഡലങ്ങളിലും മറ്റ് പാർട്ടികളുടെ വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചതായി കണക്കുകൂട്ടുന്നുണ്ട്. ബിജെപിയുടെയും ബിഡിജെഎസിന്റേയും അനുഭാവി വോട്ടുകളും വെൽഫയർ പാർട്ടി ഉൾപ്പെടെയുള്ളവയുടെ വോട്ടുകളും അനുകൂലമായിട്ടുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.