- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
50 സീറ്റ് കോൺഗ്രസിനും യുഡിഎഫിന് അധികാരവും കിട്ടിയാൽ ചെന്നിത്തല തന്നെ മുഖ്യമന്ത്രി; നേരിയ ഭൂരിപക്ഷത്തിൽ മുമ്പിലെത്തിയാൽ നിർണ്ണായകം ലീഗ് മനസ്സ്; രണ്ടാമൻ പദവിക്കായി തിരുവഞ്ചൂരും കെ ബാബുവും എ ഗ്രൂപ്പിൽ ചരടു വലി സജീവമാക്കി; സതീശന് ധനകാര്യം കിട്ടുമോ എന്നും ഉറപ്പില്ല; മുരളീധരൻ 'കറുത്ത കുതിരയായാൽ' ഗ്രൂപ്പ് മോഹങ്ങളും പൊളിയും
തിരുവനന്തപുരം: കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയാൽ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ അധികാരത്തിൽ എത്തുമ്പോൾ ധനകാര്യ വകുപ്പോ ആഭ്യന്തരമോ ചോദിച്ചു വാങ്ങാനാണ് എഗ്രൂപ്പ് നീക്കം. ചെന്നിത്തല മുഖ്യമന്ത്രിയായാൽ ഉമ്മൻ ചാണ്ടി മന്ത്രിയാകില്ലെന്നും ഉറപ്പാണ്. അങ്ങനെ വന്നാൽ എ ഗ്രൂപ്പിലെ രണ്ടാമനാകും താക്കോൽ സ്ഥാനം കൊടുക്കുക.
ഇതു സംബന്ധിച്ച് പലവിധ ചർച്ചകൾ സജീവമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് ജയിക്കുമെന്ന് ഉറപ്പാണ്. സീനിയോറിട്ടിയിൽ ഗ്രൂപ്പിലെ രണ്ടാമൻ. എന്നാൽ ഗ്രൂപ്പിലെ നേതാക്കൾക്ക് തിരുവഞ്ചൂരിനോട് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യം മുതലാക്കാനാണ് കെ ബാബുവിന്റെ നീക്കം. തൃപ്പുണ്ണിത്തുറയിൽ ജയം ഉറപ്പാണെന്ന് മനസ്സിലാക്കി കെ ബാബുവും ഗ്രൂപ്പിലെ രണ്ടാമനാകാൻ കരുനീക്കം നടത്തുന്നു. ഈ രണ്ട് സീനിയർ നേതാക്കൾ മാത്രമേ എ ഗ്രൂപ്പിൽ മത്സരിക്കുന്നുള്ളൂ എന്നതും ഇവർക്ക് രണ്ടാമനാകാനുള്ള സാധ്യത കൂട്ടുന്നു. തിരുവഞ്ചൂരിന് രണ്ടാമനാകാൻ സാമുദായിക സമവാക്യങ്ങളും പ്രശ്‌നമാണ്.
നായർ സമുദായാംഗമാണ് ചെന്നിത്തല. ചെന്നിത്തല മുഖ്യമന്ത്രിയാകുമ്പോൾ കോൺഗ്രസിലെ രണ്ടാം പദവിയിൽ മറ്റൊരു നായരെ എങ്ങനെ അവരോധിക്കുമെന്ന ചോദ്യമാണ് സജീവമാകുന്നത്. ഇതിനൊപ്പം ഏത് വകുപ്പ് കിട്ടുമെന്നതും നിർണ്ണായകമാണ്. ധനകാര്യ വകുപ്പ് എ ഗ്രൂപ്പിന് ലഭിച്ചാൽ തിരുവഞ്ചൂരാകും മന്ത്രി. എന്നാൽ ആഭ്യന്തരം കിട്ടിയാൽ അതിന് വേണ്ടി കെ ബാബുവും ചരടു വലികൾ നടത്തും. ഇതിൽ എല്ലാം ഉമ്മൻ ചാണ്ടിയുടെ മനസ്സാകും നിർണ്ണായകം. എ ഗ്രൂപ്പിൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും സ്വാധീനം ഏറെയാണ്. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ടി സിദ്ദിഖ്, ശിവദാസൻ നായർ, എ വിൻസന്റ്, ടോണി ചെമ്മണി എന്നിവരും മന്ത്രിമാരാകാൻ സാധ്യത ഏറെയാണ്.
ധനകാര്യ വകുപ്പ് വിഡി സതീശന് നൽകുമെന്ന ചർച്ചകളും ഉണ്ട്. എന്നാൽ ധനകാര്യ വകുപ്പ് വിഡി സതീശന് കൊടുക്കുന്നതിനോട് മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. അങ്ങനെ വന്നാൽ ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ സതീശനെ ധനകാര്യത്തിൽ നിന്ന് ഒഴിവാക്കും. നേമത്ത് കെ മുരളീധരൻ ജയിച്ചാൽ താക്കോൽ മന്ത്രിസ്ഥാനത്തിൽ അവകാശ വാദം കൂടും. ആഭ്യന്തരമോ ധനകാര്യമോ മുരളിക്ക് കൊടുക്കേണ്ടി വരും. ഗ്രൂപ്പിന് അതീതമായുള്ള മന്ത്രിസ്ഥാനം പരിഗണനയെന്ന വാദവും കെ മുരളീധരൻ സജീവമാക്കും. ഐ ഗ്രൂപ്പിൽ ചെന്നിത്തലയും കെ സി വേണുഗോപാലും ചേർന്നാകും മന്ത്രിമാരിൽ തീരുമാനം എടുക്കുക.
അധികാരത്തിൽ എത്തിയാൽ മന്ത്രിസഭാ രൂപീകരണത്തിൽ എൻഎസ് എസിനേയും മുഖവിലയ്‌ക്കെടുക്കേണ്ടി വരും. അങ്ങനെ വന്നാൽ വി എസ് ശിവകുമാർ വീണ്ടും എംഎൽഎയാവുകയും യുഡിഎഫ് അധികാരത്തിൽ വരികയും ചെയ്താൽ എൻ എസ് എസ് പ്രധാനമായും മുമ്പോട്ട് വയ്ക്കുക ശിവകുമാർ എന്ന മുന്മന്ത്രിയുടെ പേരാകും. ഇങ്ങനെ എല്ലാവിധ പരിഗണനയും കോൺഗ്രസിന് പരിശോധിക്കേണ്ടി വരും. മുന്നണിയിൽ ഘടകക്ഷികൾ കുറവാണ്. അതുകൊണ്ട് തന്നെ മികച്ച ഭൂരിപക്ഷം കിട്ടിയാൽ പുറത്തുള്ള എൻസിപിയെ പോലുള്ളവർക്ക് മന്ത്രിസ്ഥാനം കൊടുക്കേണ്ടി വരില്ല.
എന്നാൽ നേരിയ ഭൂരിപക്ഷത്തിന് അധികാരം കിട്ടിയാൽ എല്ലാം മാറി മറിയും. ഈ ഘട്ടത്തിൽ മുസ്ലിംലീഗ് നിലപാട് പോലും നിർണ്ണായകമാകും. അങ്ങനെ വന്നാൽ ഉമ്മൻ ചാണ്ടിയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ലീഗ് ചരടു വലി നടത്തുമോ എന്നതും സംശയമായി ശേഷിക്കുന്നു. മെയ് രണ്ടിന് അമ്പതിൽ അധികം സീറ്റ് നേടി അധികാരത്തിൽ എത്താനുള്ള കരുത്ത് കോൺഗ്രസിനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ ഐ ഗ്രൂപ്പ് പങ്കുവയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ