തിരുവനന്തപുരം: പോസ്റ്റ് പോൾ എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്‌ച്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും സത്യത്തോട് പുലബന്ധമില്ലാത്ത വിധത്തിലായിരുന്നു എക്സിറ്റ് പോൾ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അത് അണയാൻ പോകുന്ന ദീപത്തിന്റെ ആളികത്തലാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ-

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച വിജയം നേടും. അഴിമതി ഭരണം അവസാനിപ്പിച്ച് എൽഡിഎഫിനെ തൂത്തെറിയും. കഴിഞ്ഞ അഞ്ച് വർഷകാലം അഴിമതിയും കൊള്ളയും നടത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്‌ച്ചത്തെ വോട്ടെണ്ണൽ. കേരളത്തിലെ ജനങ്ങളുടെ യഥാർത്ഥ വികാരത്തെ പ്രതിഫലിപ്പിക്കാൻ സർവ്വേകൾക്കും എക്സിറ്റ് പോളുകൾക്കും കഴിഞ്ഞിട്ടില്ലായെന്നതാണ്. ഇന്നലെ ഒരു എക്സിറ്റ് പോൾ പ്രകാരം യുഡിഎഫിന് സീറ്റേ ഇല്ലായെന്നാണ് പറയുന്നത്. സത്യത്തോട് പുലബന്ധമല്ലാത്ത സർവ്വേ ഫലമാണ്. അതിനെ തള്ളികളയുന്നു. കേരളത്തിലെ ജനത്തിൽ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസമാണ്.

ഇന്നലെ മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോൾ പരാജിതന്റെ കപട ആത്മവിശ്വാസമാണ് തോന്നിയത്. അദ്ദേഹം മെഷീനിലിരിക്കുന്ന വോട്ട് തങ്ങൾക്കാണെന്ന് പറഞ്ഞ പ്രസ്താവന ആളുകളെ കബളിപ്പിക്കാനാണ്. അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ. യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ഉറപ്പാണ്.'

സംസ്ഥാനത്ത് 72 മുതൽ 79 വരെ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു റിപ്പോർട്ടർ ടിവി-പി മാർക്ക് പോസ്റ്റ് പോൾ സർവ്വേ.

യുഡിഎഫിന് 60 മുതൽ 66 സീറ്റുകൾ വരെയും എൻഡിഎയ്ക്ക് പരമാവധി മൂന്നു സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. സ്വതന്ത്രർ പരമാവധി ഒരു സീറ്റ് നേടുമെന്നും സർവ്വേ പറയുന്നു.

എൽഡിഎഫിന് 42% വോട്ടും യുഡിഎഫിന് 39% വോട്ടും ബിജെപിക്ക് 18 % വോട്ടും ലഭിക്കും. വടക്കാൻ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും 20 മുതൽ 24 സീറ്റുകൾ വരെ ലഭിക്കും. മധ്യ കേരളത്തിൽ എൽഡിഎഫിന് 24 മുതൽ 27 സീറ്റുകൾ വരെയും യുഡിഎഫിന് 20 മുതൽ 22 സീറ്റുകൾ വരെയും ലഭിക്കും. തെക്കൻ കേരളത്തിൽ എൽഡിഎഫിന് 25 മുതൽ 30 വരെയും യുഡിഎഫിന് 19 മുതൽ 22 വരെയും സീറ്റുകൾ ലഭിക്കും.

പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാവണമെന്ന് സർവ്വേയിലെ ഭൂരിപക്ഷ അഭിപ്രായവും. 36% പേരാണ് പിണറായി വിജയൻ തന്നെ അടുത്ത അഞ്ചു വർഷം സംസ്ഥാനത്തെ നയിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാവണമെന്ന് 23% പേരും രമേശ് ചെന്നിത്തലയാവണമെന്ന് 10% പേരും അഭിപ്രായപ്പെട്ടു. വടക്കൻ, മധ്യ കേരളത്തിലുള്ളവരും മുഖ്യമന്ത്രി പിണറായി തന്നെയാവണമെന്ന് അഭിപ്രായപ്പെട്ടത്.