- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരൻ പ്രസിഡന്റാക്കുന്നത് തടയാൻ ചരടു വലിക്കുന്നത് കെസി; പഴിമുഴുവൻ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും; കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിസന്നദ്ധത അറിയിച്ചതിനാൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ മുല്ലപ്പള്ളി; മുന്നണി ചെയർമാൻ സ്ഥാനം ചെന്നിത്തലയും രാജിവയ്ക്കും; കോൺഗ്രസിൽ കലാപം തുടരുന്നു
തിരുവനന്തപുരം: യുഡിഎഫ് ചെയർമാൻ സ്ഥാനം രമേശ് ചെന്നിത്തല രാജിവയ്ക്കും. ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ യുഡിഎഫ് ചെയർമാനുമാകും. കെപിസിസി. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ നിന്ന് അദ്ദേഹവും വിട്ടുനിൽക്കും. കെപിസിസി. അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങളിൽ രമേശ് ചെന്നിത്തല അസംതൃപ്തനാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാന്യമായി രാജിവയ്ക്കാനുള്ള അവസരം ചെന്നിത്തലയ്ക്ക് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ചെയർമാൻ സ്ഥാനം ആരോടും ചർച്ചകൾ പോലും ചെയ്യാതെ ചെന്നിത്തല രാജിവയ്ക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന സൂചനയായിരുന്നു ഹൈക്കമാണ്ട് നൽകിയത്. അതിന് ശേഷം ഏകപക്ഷീയമായി തീരുമാനം വന്നു. ഇതിന് പിന്നിൽ കളിച്ചത് കെസി വേണുഗോപാലായിരുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് ചെന്നിത്തല കാണുന്നത്.
മുല്ലപ്പള്ളിക്ക് പകരക്കാരനായി കെ സുധാകരനെ കൊണ്ടു വരണമെന്ന ആഗ്രഹം അണികൾക്കിടയിൽ ശക്തമാണ്. ഇതിനെ എതിർക്കുന്നത് കെസി വേണുഗോപാലാണ്. എന്നാൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് സുധാകരന് പരവയ്ക്കുന്നതെന്ന പൊതു വികാരമാണ് കെസി ഗ്രൂപ്പ് ഉയർത്തുന്നത്. ഇതിലൂടെ സുധാകരൻ മാറുമ്പോൾ അതിന്റെ കുറ്റം ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും തലയിൽ വയ്ക്കാനാണ് ശ്രമം. ഇതെല്ലാം മനസ്സിലാക്കിയാണ് യുഡിഎഫ് കൺവീനർ സ്ഥാനം ചെന്നിത്തല രാജിവയ്ക്കുന്നത്. മുല്ലപ്പള്ളിയും നാണക്കേട് ഒഴിവാക്കാനാണ് രാജി സന്നദ്ധത അറിയിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നതോടെ വലിയ വിമർശനമായിരുന്നു മുല്ലപ്പള്ളിക്കെതിരേ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നത്. അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് നടക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കാനും മുല്ലപ്പള്ളി തീരുമാനിച്ചത്.
തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെപിസിസി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം. കെപിസിസി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്.
ഈ രണ്ടു പേരുകളോടും കെസി വേണുഗോപാലിന് താൽപ്പര്യമില്ല. സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ സുധാകരൻ എത്തില്ലെന്ന് ഉറപ്പിക്കാനാണ് കെസിയുടെ ശ്രമം. 2016നേക്കാൾ സീറ്റ് കുറഞ്ഞ മുസ്‌ളീം ലീഗ്, മലബാറിൽ മാത്രം എംഎൽഎമാരുള്ള പാർട്ടിയായി ഒതുങ്ങി. യു.ഡി.എഫിലേക്കെത്തിയ ശേഷം ഒരു എംഎൽഎയെപ്പോലും ജയിപ്പിച്ചെടുക്കാൻ സാധിക്കാത്തതിന്റെ അമർഷം ആർ.എസ്‌പിക്കുമുണ്ട്.
ജോസ് കെ.മാണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന്റെ അങ്കലാപ്പിലാണ് പി.ജെ.ജോസഫ് വിഭാഗം. ഇതിനെല്ലാം കാരണം മുന്നണിയെ നയിക്കുന്ന കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും അനൈക്യവുമാണെന്ന് ഘടകകക്ഷികൾ ആരോപിക്കും. തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനെതിരെയും വിമർശനം ഉയരും.
മറുനാടന് മലയാളി ബ്യൂറോ