ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിൽ താൻ പൂർണമായും തൃപ്തൻ ആണെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചു.

ഉമ്മൻ ചാണ്ടിയും താനും പാർലമെന്ററി പാർട്ടി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശങ്കപ്രകടിപ്പിച്ചിരുന്നു. ആ കാര്യങ്ങളെല്ലാം രാഹുലിനോട് വിശദീകരിച്ചു. അദ്ദേഹം അതെല്ലാം കേട്ട് പറയാനുള്ള കാര്യങ്ങൾ പറയുകയും വൈകീട്ട് ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിക്കുമെന്ന് പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല അറിയിച്ചു.

താനും ഉമ്മൻ ചാണ്ടിയും എന്നും ഹൈക്കമാന്റിനൊപ്പം നിന്നവരാണ്. കോൺഗ്രസിന്റെ നന്മയ്ക്ക് വേണ്ടി രാഹുൽ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കും. നാളെയും അങ്ങനെയായിരിക്കും. പുതിയ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പൂർണ പിന്തുണ നൽകുമെന്നും രമേശ് പറഞ്ഞു.

ഞങ്ങളുടെ മനസിലുണ്ടായിരുന്ന കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അത് മനസിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു. കേരളത്തിൽ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി രാഹുലിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകും. എഐസിസി ജനറൽ സെക്രട്ടറിയാകുന്ന കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടില്ല. ഒരു സ്ഥാനമില്ലെങ്കിലും പാർട്ടിയിൽ തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

തന്റെ താത്പര്യം കേരളത്തിൽ പ്രവർത്തിക്കാനാണ്. പാർട്ടി പറയുന്ന എവിടെയും പ്രവർത്തിക്കാൻ താൻ തയ്യാറാണ്. കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തോടെ സംസാരിച്ചതോടെ എന്റെ മനസിലെ എല്ലാ പ്രയാസങ്ങളും മാറിയതായും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നാണ് സൂചനകൾ. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നൽകുക. എഐസിസി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. 2004 ൽ ചെന്നിത്തല പ്രവർത്തക സമിതി അംഗമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ചെന്നിത്തല പ്രവർത്തിച്ചിട്ടുണ്ട്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തും പഞ്ചാബും. ഈ സാഹചര്യത്തിലാണ് ഇതിൽ ഏതെങ്കിലും ഒന്നിന്റെ ചുമതല ഏൽപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.