- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തിൽ കോൺഗ്രസ് നേതാക്കളുടെ പേര് പറയിക്കാനുള്ള ശ്രമത്തിന് പിന്നിൽ കേസ് അട്ടിമറിക്കാനും മുഖ്യമന്ത്രിയെ രക്ഷിക്കാനുമുള്ള കുബുദ്ധിയെന്ന് ചെന്നിത്തല; കേസ് അട്ടിമറിക്കുന്നതിന് പിണറായി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന് തെളിവാണിതെന്നും കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന് തെളിവാണ് കോൺഗ്രസ് നേതാക്കളുടെ പേര് പറയിക്കാൻ ജയിലിൽ വച്ച് പ്രതികളുടെ മേൽ ഉണ്ടായ സമ്മർദ്ദമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മർദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പി.എസ്. സരിത്ത് കോടതിയിൽ മൊഴി നൽകിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ജയിൽ വകുപ്പും പൊലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല. സ്വർണ്ണക്കടത്തു കേസിലും ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിക്കെതിരായ മൊഴികൾ കോടതിയുടെ മുൻപാകെയുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കു പോലും പ്രതികൾ ആരോപിച്ചിട്ടുണ്ട്.
അപ്പോൾ എന്റെ പേരു കൂടി പറയിച്ചാൽ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താം എന്ന കുബുദ്ധിയാണ് ഇതിന് പിന്നിൽ. ഉന്നത തലങ്ങളിൽ നടന്ന വൻഗൂഢാലോചനയുടെ ഫലമായിട്ടാണ് ജയിലിൽ കഴിയുന്ന പ്രതികൾക്ക് മേൽ ജയിൽ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത്. കൃത്രിമ തെളിവുണ്ടാക്കാനും സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനും ഭരണകൂടം തന്നെ ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെപ്പറ്റി സ്വതന്ത്രമായ അന്വേഷണം വേണം.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിന് പിണറായി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന് തെളിവാണിത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സിപിഎം ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്തു കേസിന്റെ അന്വേഷണം മരവിപ്പിക്കപ്പെട്ടത്. ആ ധാരണ ഇപ്പോൾ പൊളിഞ്ഞോ എന്ന് വ്യക്തമല്ല. ആ ധാരണയ്ക്ക് എന്തു പറ്റിയെന്ന് സിപിഎം നേതാക്കളും ബിജെപി നേതാക്കളും വ്യക്തമാക്കണം.
സ്വർണ്ണക്കടത്തു കേസിൽ എന്റെ പേര് പറയിക്കാൻ നടക്കുന്നവർ ഒരു കാര്യം മറക്കരുത്. ശിവശങ്കരൻ എന്റെ സെക്രട്ടറിയായിട്ടല്ല ജോലി ചെയ്തിരുന്നത്. സ്വപനാ സുരേഷ് എന്റെ കീഴിലുമല്ല ജോലി ചെയ്തിരുന്നത്. വിവാദ നയതന്ത്ര ഉദ്യോഗസ്ഥരെയും കൂട്ടി സ്വപ്നാ സുരേഷ് എന്റെ വീട്ടിലല്ല സ്ഥരിമായി വന്നിരുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കള്ളത്തെളിവുണ്ടാക്കി സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.