- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുനഃസംഘടന പാടില്ലെന്ന ആവശ്യം ഹൈക്കമാണ്ട് തള്ളി; രാഷ്ട്രീയകാര്യ സമിതി വിളിക്കാതെ അപമാനിക്കൽ തുടരുന്നു; ജനറൽ സെക്രട്ടറിമാർക്ക് ചുമതല കൊടുത്തപ്പോഴും ആരും ഒന്നും പറഞ്ഞില്ല; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ; ഉമ്മൻ ചാണ്ടി പോകാത്തിടത്ത് ഇനി ചെന്നിത്തലയും എത്തില്ല; കോൺഗ്രസിൽ യുഡിഎഫ് ബഹിഷ്കരണവും ചർച്ചകളിൽ
തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയുടെ യോഗം വിളിക്കാത്ത സാഹചര്യത്തിൽ. കോൺഗ്രസിന് പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. രണ്ടും പേരും കൂടിയാലോചിച്ചാണ് യോഗത്തിന് എത്താത്തതെന്ന വാദം സജീവമാണ്.
സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് ഇരുവരും. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല, രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറൽ സെക്രട്ടറിമാർക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നൽകിയതെന്നുമാണ് വിമർശനം. ഇതോടെ അമർഷം ഇരട്ടിച്ചു. ഈ സാഹചര്യത്തിൽ കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടാനും ശ്രമം.
യുഡിഎഫ് യോഗത്തിന് ഉമ്മൻ ചാണ്ടി എത്താത്തതാണ് ആദ്യം വാർത്തയായത്. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിൽ ഔദ്യോഗിക പക്ഷം സൂചനകൾ നൽകി. എന്നാൽ ചെന്നിത്തലയും വിട്ടു നിന്നതോടെ ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തിയാണ് പ്രകടമാക്കിയതെന്ന് വ്യക്തമായി. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യോജിച്ച തീരുമാനങ്ങളേ എടുക്കൂ എന്നതിന് തെളിവാണ് ഇത്. യുഡിഎഫിലെ ഘടകകക്ഷികളും ഈ വിഷയത്തിൽ ഇടപെടില്ല. കോൺഗ്രസിലെ പ്രശ്‌നങ്ങൾ അവർ പരിഹരിക്കട്ടേ എന്ന നിലപാടിലാണ് മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ.
കോൺഗ്രസ് പുനഃസംഘടനയിൽ തന്റെ പരാതി നേരത്തെ തന്നെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. എ.ഐ.സി.സി നേതൃത്വത്തെ നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പുനഃസംഘടനയിലും, അച്ചടക്ക നടപടികളിലുമുള്ള കടുത്ത അതൃപ്തി ഉമ്മൻ ചാണ്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് യുഡിഎഫ് യോഗ ബഹിഷ്‌കരണം.
രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതിൽ എ.ഐ.സി.സി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റേയും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റേയും ശൈലിയിൽ ഗ്രൂപ്പുകളുടെ കടുത്ത എതിർപ്പറിയിച്ചാണ് ഉമ്മൻ ചാണ്ടി സോണിയഗാന്ധിയെ കണ്ടത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും നടക്കുന്ന പുനഃസംഘടനയെ ഉമ്മൻ ചാണ്ടി ചോദ്യം ചെയ്തുവെന്നാണ് വിവരം. എന്നാൽ ഹൈക്കമാണ്ട് സുധാകരനും സതീശനും ഒപ്പമാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടുകളിലേക്ക് ചെന്നിത്തലയും ചാണ്ടിയും പോകുന്നത്.
അതിനിടെ കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സമരം. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അട്ടപ്പാടി ശിശുമരണത്തിലും സമരം നടത്തും.
സിൽവർലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ ഉൾപ്പടെയുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടിയായി കെ റെയിൽ എംഡി തന്നെ രംഗത്തെത്തിയിരുന്നു. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും പറഞ്ഞു. ഇത് കള്ളമാണെന്ന് യുഡിഎഫും വിലയിരുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ