തിരുവനന്തപുരം: ഇത്തവണയും പതിവ് തെറ്റിക്കില്ല. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടംബവും ഇത്തവണയും ആദിവാസി സമൂഹത്തോടൊപ്പം പുതുവർഷം ആഘോഷിക്കും. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിക്ക് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയിലാണ് ഇത്തവണ അദ്ദേഹം സന്ദർശിക്കുന്നത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണിത്.

ജനുവരി ഒന്നിന് രാവിലെ 9 മണിക്ക് രമേശ് ചെന്നിത്തലയും സംഘവും എട്ട് കിലോമീറ്ററിലധികം നടന്നായിരിക്കും കോളനിയിലെത്തുക. കാണി വിഭാഗത്തിലുള്ള 512 ആദിവാസി കുടുംബങ്ങളാണ് പുരവിമലയിലുള്ളത്. അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും ദളിത് ഉന്നമനത്തിനായി ഗാന്ധിഗ്രാം പദ്ധതി കെപിസിസി അധ്യക്ഷനായിരിക്കെ ചെന്നിത്തല ആരംഭിച്ചതാണ്. 2011 ഗാന്ധി ജയന്തി ദിവസത്തിൽ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി പിന്നീടുണ്ടായ എല്ലാ പുതുവത്സരങ്ങളും ഓരോ ആദിവാസി ഊരുകളിലുമാണ് ആഘോഷിച്ചത്.

വെറും ആഘോഷം മാത്രമല്ല ,ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി ഊരുകളിലെ പ്രശ്‌നങ്ങളിൽ കാതലായ മാറ്റം വരുത്തുവാനും വികസന പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കാനും ഇതിലൂടെ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. പുതുവത്സരകോടികൾ ആദിവാസികൾക്ക് ചെന്നിത്തല കൈമാറും. ഇടമലകുടിയിൽ അടക്കം ചെന്നിത്തല എത്തിയിരുന്നു.

സർക്കാരിന്റെ വിവിധ ഫണ്ടുകൾ കുടിയുടെ വികസനത്തിനായി സർക്കാർ ചെലവിടുമ്പോഴും ആദ്യവാസികൾക്ക് ലഭിക്കുന്നില്ലെന്ന് ചെന്നിത്തല തിരിച്ചറിയുന്നു. ഇത് നേരിട്ട് മനസ്സിലാക്കുന്നതിനാണ് ഓരോ സന്ദർശനവും. 2012 ഒക്ടോബർ 2 ന് മാളയിലെ ദളിത് കോളനിയിൽ ആയിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തുടർന്ന് 14 ജില്ലകളിലെ 14 പട്ടികജാതി കോളനികൾ സന്ദർശിച്ച് കോളനി നിവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ടു മനസ്സിലാക്കുകയും, കോളനികളുടെ വികസനത്തിന് കോടിക്കണക്കിനു രൂപയുടെ സർക്കാർസഹായം ലഭ്യമാക്കുകയും ചെയ്തു.

വീടുനിർമ്മാണത്തിനും, വിദ്യാഭ്യാസത്തിനും, ചികിത്സയ്ക്കും മറ്റും ഗാന്ധിഗ്രാമം ഫണ്ടിൽനിന്ന് ധനസഹായം അനുവദിച്ചു. നിരവധി പേർക്ക് ജോലി ഉറപ്പാക്കി. ഒട്ടേറെ വികസന - ക്ഷേമപരിപാടികൾ യാഥാർത്ഥ്യമാക്കി.ഗാന്ധിഗ്രാമം പരിപാടി തുടർന്നുകൊണ്ടിരിക്കുകയാണ്. രമേശ് ചെന്നിത്തല കെപിസിസി.പ്രസിഡന്റായിരിക്കുമ്പോഴാണ് ഗാന്ധിഗ്രാമം പരിപാടിക്ക് തുടക്കമിടുന്നത്. 2012 ജൂണിൽ അട്ടപ്പാടി ആദിവാസി ഊരുകളിൽ നടത്തിയ സന്ദർശനമാണ് ഇത്തരമൊരു പരിപാടിക്കു പ്രേരകമായത്.

പ്രതിപക്ഷ നേതാവായിരിക്കെ സജീവമായി തന്നെ ഈ പരിപാടിയുമായി മുമ്പോട്ടു പോയി. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമ്പോഴും ഈ പരിപാടി ചെന്നിത്തല ഉപേക്ഷിച്ചില്ല. അത് തുടരുകയാണ്.