തിരുവനന്തപുരം: രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ അവകാശം സംബന്ധിച്ച ചർച്ചകൾ പുതിയ തലത്തിലേക്ക്. കേരള സർവകലാശാലാ വിസിയെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. ഡി ലിറ്റ് സംബന്ധിച്ചു വ്യക്തികൾക്കോ സംഘടനകൾക്കോ സർക്കാരിനോ ശുപാർശ ചെയ്യാൻ വ്യവസ്ഥ ഉണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് ചാൻസലർക്കു മാത്രം ഈ അധികാരമില്ലെന്ന പ്രതിപക്ഷ വാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാജ്ഭവന്റെ വാദം.

ഗവർണ്ണറുടെ നിർദ്ദേശം സിൻഡിക്കറ്റ് പോലും ചേരാതെ കേരള സർവകലാശാല തള്ളിയെന്ന വിവരം പുറത്തായതോടെ ഗവർണർ-സർക്കാർ പോരു മുറുകിയെന്നതാണ് വസ്തുത. രാഷ്ട്രപതിയെ കേരളം അപമാനിച്ചുവെന്ന തരത്തിലും ചർച്ചകളെത്തി. ഇടതു സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ സർവ്വകലാശാലയിൽ നടക്കുന്നുവെന്ന ആരോപണവും ശ്ക്തമായി. ഇതിനിടെയാണ് പ്രതിപക്ഷം ഗവർണ്ണറെ തള്ളി രംഗത്തു വന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആക്ഷേപം ചർച്ചയാക്കിയത്. ഇതിനെ പ്രതിപക്ഷ നേതാവ് ഉയർത്തിക്കാട്ടാൻ തയ്യാറായതുമില്ല. എന്നാൽ രാജ് ഭവന് വീഴ്ച സംഭവിച്ചില്ലെന്നാണ് ഗവർണ്ണറുടെ നിലപാട്.

ചാൻസലറെന്ന നിലയിലുള്ള തന്റെ ശുപാർശ സിൻഡിക്കറ്റ് പരിഗണിക്കാൻ പോലും തയാറാകാതിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വയ്ക്കാൻ വൈസ് ചാൻസലർക്കു ചുമതലയുണ്ട്. ഇക്കാര്യത്തിൽ വിസിക്കു വീഴ്ച സംഭവിച്ചു. ഇതിന് പിന്നിൽ സർക്കാർ ഇടപെടലുണ്ട്. രാഷ്ട്രീയ പരിഗണനകൾ രാഷ്ട്രപതിയുടെ കാര്യത്തിൽ വച്ചത് ശരിയല്ല. എല്ലാ യോഗ്യതയും ഉള്ള വ്യക്തിയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. അദ്ദേഹത്തിന് ഡി ലിറ്റ് നൽകാത്തത് തെറ്റാണെന്ന നിലപാടിലാണ് ഗവർണ്ണർ.

ഏതെങ്കിലും വിശിഷ്ട വ്യക്തിക്കു ഡി ലിറ്റ് നൽകണമെന്ന് ആർക്കും സർവകലാശാലയോട് അഭ്യർത്ഥിക്കാം. ഇത്തരം ശുപാർശകൾ സിൻഡിക്കറ്റ് യോഗത്തിൽ ചർച്ചയ്ക്കു വച്ചു തീരുമാനിക്കേണ്ടതു വിസിയാണ്. ഡി ലിറ്റ് നൽകാൻ സിൻഡിക്കറ്റ് തീരുമാനിച്ചാൽ സെനറ്റ് ചേർന്ന് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കണം. അതിനു ശേഷമാണ് ചാൻസലർ ഇതിന് അനുമതി നൽകുക. തുടർന്നു സമർപ്പണ തീയതി ചാൻസലർ തീരുമാനിക്കും.

രാഷ്ട്രപതിയുടേതു പോലെ ആദരണീയ പദവിയിലുള്ളയാൾക്കു ഡി ലിറ്റ് നൽകാൻ സർവകലാശാലയുടെ പരമാധികാരിയെന്ന നിലയിൽ ശുപാർശ ചെയ്തിട്ടും കാര്യമായ ചർച്ചയില്ലാതെ അതു തള്ളിയത് ചാൻസലർ പദവിയോടുള്ള അവഹേളനമാണെന്നു ഗവർണർ വിലയിരുത്തുന്നു. ഇക്കാര്യം രാഷ്ട്രപതി അറിഞ്ഞാൽ ദേശീയ തലത്തിൽ അപമാനമാകും. അതുകൊണ്ടാണ് ചാൻസലർ സ്ഥാനം ഒഴിയുന്നതായി മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഗവർണർ ഇക്കാര്യം സൂചിപ്പിക്കാതിരുന്നത്.

രാജ്യത്തെ പൗരന്മാരുടെ കടമയും അവർ ആദരിക്കേണ്ട കാര്യങ്ങളും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ദേശീയഗാനം, ദേശീയപതാക, ദേശീയചിഹ്നം എന്നിവ പോലെ തന്നെ ആദരമർഹിക്കുന്നതാണ് രാഷ്ട്രപതിയുടെ പദവിയും. രാഷ്ട്രപതിയെ സർക്കാർ അപമാനിച്ചു എന്ന നിലപാടിലാണു ബിജെപി. ഗവർണറുടെ നിർദ്ദേശം തള്ളിയതിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. രാഷ്ട്രപതിയെ അപമാനിക്കാൻ പ്രതിപക്ഷം സർക്കാരിനു കൂട്ടുനിൽക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.

ഗവർണ്ണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാമെന്ന് കേരളാ സർവ്വകലാശാല ഉറപ്പു നൽകിയുന്നതായി റിപ്പോർട്ടും പുറത്തു വന്നിരുന്നു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് സർവ്വകലാശാല പിന്മാറി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡീ ലിറ്റ് വാങ്ങാൻ വേണ്ടി കൂടിയാണ് കേരള സന്ദർശനത്തിന് എത്തിയപ്പോൾ തിരുവനന്തപുരത്ത് ഒരു ദിവസം തങ്ങിയതെന്നാണ് സൂചന. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ കൂടി വേണ്ടിയാണ് കേരളത്തിലേക്കുള്ള യാത്ര പരിപാടി രാഷ്ട്രപതി നേരത്തെ നിശ്ചയിച്ചത്. കേരള യൂണിവേഴ്സിറ്റി ഒഴിഞ്ഞു മാറിയതോടെയാണ് അപമാനിതനായി രാഷ്ട്രപതി മടങ്ങിയത്. അതുകൊണ്ടാണ് ഒരു ചടങ്ങുമില്ലാതെ ഒരു ദിവസം രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നത്-കേരള കൗമുദി പറയുന്നു. രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കാൻ സമ്മതിച്ച് മടങ്ങിയ വിസി താൽപ്പര്യമില്ലെന്ന് അറിയിക്കുന്ന കത്ത് ഗവർണ്ണർക്ക് കൈമാറി. എന്തുകൊണ്ടാണെന്ന ഗവർണ്ണറുടെ ചോദ്യത്തിന് സർക്കാരിനും മുഖ്യമന്ത്രിക്കും താൽപ്പര്യമില്ലെന്ന് വിസി ഗവർണ്ണറെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കേരള കൗമുദിയുടെ ഈ വാർത്തയനുസരിച്ച് രാഷ്ട്രപതിക്ക് കേരളത്തിൽ അപമാനം നേരിടേണ്ടി വന്നു. ഇതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിതനാക്കിയത്.

ഡിസംബറിലാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ആവശ്യം ഗവർണ്ണർ മുമ്പോട്ട് വച്ചത്. ഇത് തത്വത്തിൽ വിസി അംഗീകരിച്ചു. ഇതോടെ ഇക്കാര്യം രാഷ്ടപതി ഭവനെ ഗവർണ്ണർ അറിയിച്ചു. രാഷ്ട്രപതിയെ നേരിട്ടും അറിയിച്ചു. കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിൽ പ്രൗഡഗംഭീര ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി കൂടി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു. ഇതിന് അനുസരിച്ച് രാഷ്ട്രപതിയുടെ ചടങ്ങുകൾ പുനക്രമീകരിച്ചു. കാസർകോടു നിന്ന് കൊച്ചിയിൽ എത്തിയ സേഷം 23ന് തിരുവനന്തപുരത്ത് എത്തി. പി എൻ പണിക്കർ ഫൗണ്ടേഷന്റെ ചടങ്ങിന് ശേഷം തിരുവനന്തപുരത്ത് തങ്ങാനും തീരുമാനിച്ചു. എന്നാൽ ഡിലിറ്റ് മാത്രം നൽകാനായില്ല.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള പിന്നോക്ക ജാതിയിൽ നിന്നുള്ള വ്യക്തിയാണ് രാം നാഥ് കോവിന്ദ്. പോരാത്തതിന് രാജ്യത്തിന്റെ പ്രഥമ പൗരനും. അത്തരത്തിലൊരു വ്യക്തിത്വത്തിന് ഡി ലിറ്റ് നൽകുന്നതിൽ മറ്റ് ആരോപണങ്ങൾ ഉയരേണ്ട ആവശ്യവുമില്ല. എല്ലാ അർത്ഥത്തിലും അർഹനാണ് അതിന് രാഷ്ട്രപതി. പക്ഷേ ഇതൊന്നും കേരള സർവ്വകലാശാല കണ്ടില്ലെന്ന് നടിച്ചു. ഡി.ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തോട് താൽപര്യമില്ലെന്ന് പ്രതികരിച്ച് കേരള സർവകലാശാല വിവാദങ്ങളിലേക്ക് നീങ്ങി. വൈസ് ചാൻസിലർ ഡോ.വി.പി മഹാദേവൻ പിള്ളയാണ് ഈ തീരുമാനം ഗവർണറെ നേരിട്ടെത്തി അറിയിച്ചത്. മറുപടി രേഖാമൂലം ഗവർണർ വാങ്ങിയതായാണ് സൂചന.

മുൻപ് വി സിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിനുള്ള താൽപര്യം ഗവർണർ അറിയിച്ചത്.സർവകലാശാലയുടെ മറുപടിയെത്തുടർന്ന് നേരത്തെ കാലടി സംസ്‌കൃത സർവകലാശാലയിൽ ചാൻസലർ അംഗീകാരം നൽകിയ ഡി.ലിറ്റ് ബിരുദദാനത്തിനുള്ള തീയതി ഗവർണർ മരവിപ്പിച്ചു. മുൻ വി സി ഡോ.എൻ.പി ഉണ്ണി, നടി ശോഭന, ഡോ.ടി.എം കൃഷ്ണ എന്നിവർക്ക് ഡി.ലിറ്റ് നൽകുന്നതാണ് നീട്ടിവച്ചത്.കേരള സർവകലാശാലയിൽ ഡി.ലിറ്റ് നൽകാൻ വി സി ഡോ. വി.പി മഹാദേവൻ പിള്ളയ്ക്ക് എതിർപ്പില്ലെങ്കിലും രാഷ്ട്രപതിയുടെ രാഷ്ട്രീയ നിലപാടിനോടുള്ള എതിർപ്പുകൊണ്ട് സർക്കാരിനും സിൻഡിക്കേറ്റിനും താൽപര്യമില്ലെന്നാണ് സൂചന.ഇക്കാര്യങ്ങളെക്കുറിച്ചാണ് വി സി ഗവർണറെ അറിയിച്ചിരുന്നത്.

എന്നാൽ ഇക്കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിച്ചതല്ല, യോഗം ചേർന്ന് സർക്കാരിന് രാഷ്ട്രപതിയോട് എതിർപ്പുണ്ടെന്ന് അറിയിക്കുക ഒഴിവാക്കാനായി യോഗം തന്നെ വേണ്ടെന്നുവച്ചിരുന്നു. ഇതിനോട് രാജ്യത്തിന്റെ അഭിമാനം മാനിച്ച് എല്ലാം താൻ തുറന്നുപറയുന്നില്ലെന്ന് ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചാൻസിലർ പദവിയെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലെ അനിശ്ചിതത്വം ഇതിനിടെ ഇപ്പോഴും തുടരുകയാണ്.