- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിലെ പ്രത്യേക നിരീക്ഷക പദവി നൽകിയത് എഐസിസിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ സൂചന; സതീശന്റെ പൊട്ടിത്തെറിക്ക് പിന്നിൽ ചെന്നിത്തലയുടെ 'ഡൽഹി' മോഹം തകർക്കൽ; കോൺഗ്രസിലെ പോരിനെ സുവർണ്ണാവസരമാക്കാൻ ഭരണപക്ഷം; ചെന്നിത്തലയും സതീശനും രണ്ടു വഴിയിൽ
തിരുവനന്തപുരം: കോൺഗ്രസിൽ രമേശ് ചെന്നിത്തല വി.ഡി.സതീശൻ പോര് തീവ്രവായി തുടരും. ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൺ സ്വന്തമാക്കുകയാണ് സതീശന്റെ ലക്ഷ്യം. ചെന്നിത്തലയുമായി സഹകരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തയ്യാറാണ്. ഇതിനിടെയാണ് ഐ ഗ്രൂപ്പിൽ പുതിയ പ്രശ്‌നം. ലാകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടു വരുമെന്ന പ്രഖ്യാപനം നടത്തുക വഴി പ്രതിപക്ഷ നേതാവിനെ കൊച്ചാക്കാൻ ചെന്നിത്തല ശ്രമിച്ചെന്നാണു വി.ഡി.സതീശനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്.
തന്റെ പ്രഖ്യാപനത്തിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അതൃപ്തിയിലാണെന്ന വാർത്തയാണ് വന്നതെങ്കിലും കെ.സുധാകരനോടു സംസാരിക്കാൻ മാത്രമേ ചെന്നിത്തല തയാറായുള്ളൂ. അങ്ങനെയൊരു അതൃപ്തി കെപിസിസിക്കില്ലെന്നു സുധാകരൻ വിശദീകരിക്കുകയും ചെയ്തു. കോവിഡിനെ തുടർന്ന് വിശ്രമിക്കുന്ന സതീശൻ വിഷയത്തിൽ നിലപാടും എടുത്തിട്ടില്ല. സുധാകരന്റെ പിന്തുണ ഇല്ലെങ്കിലും ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാണ്ടിനെ സമീപിക്കാനാണ് സതീശന്റെ നീക്കം. തമിഴ്‌നാട്ടിലെ പ്രത്യേക നിരീക്ഷകനായി ചെന്നിത്തലയെ ഹൈക്കമാണ്ട് നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സതീശൻ പോരിന് ഇറങ്ങുന്നത്. എഐസിസി പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് പ്രമുഖ സ്ഥാനം കിട്ടുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് സതീശൻ പടപുറപ്പാടിന് ഇറങ്ങുന്നത്.
ചെന്നിത്തലയെ ഹൈക്കമാണ്ട് അംഗീകരിച്ചതോടെ സതീശൻ പ്രശ്‌നത്തിലാണെന്ന് ചെന്നിത്തല അനുകൂലികൾ പറയുന്നു. ചെന്നിത്തലയ്ക്ക് എഐസിസിയിൽ പദവി കിട്ടിയാൽ ഐ ഗ്രൂപ്പിൽ കൂടുതൽ സ്വാധീന ശക്തിയായി ചെന്നിത്തല മാറും. ഇത് സതീശന് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ഏതായാലും ചെന്നിത്തലയും സതീശനും രണ്ടു വഴിക്കാണെന്നാണ് സൂചന. ഇരു നേതാക്കളും പക്ഷേ ഇന്നലെയും ഫോണിലും സംസാരിച്ചില്ല.
പ്രതിപക്ഷം എന്നത് കൂട്ടായ്മയാണെന്നും പലരും ശബ്ദിക്കുമ്പോഴാണ് അതിനു കരുത്തു വരുന്നതെന്നുമാണ് ചെന്നിത്തലയുടെ ഭാഷ്യം. എന്നാൽ നയപരമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെ മുൻ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നത് അനൗചിത്യമാണെന്നു സതീശനും പറയുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്ക് എപ്പോഴും ഒരു പ്രത്യേക പരിഗണനയുണ്ടെന്നാണ് മറു വിഭാഗത്തിന്റെ വാദം. ഡിസിസി, ബ്ലോക്ക് പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി ഇരു നേതാക്കളും നാളെയോ മറ്റന്നാളോ കണ്ടേക്കും. വെള്ളിയാഴ്ച സഭ ആരംഭിക്കുന്ന സാഹചര്യത്തിൽ ഐ ഗ്രൂപ്പിൽ ഒത്തുതീർപ്പിനും ശ്രമമുണ്ട്.
ജില്ലകളിൽ നിന്നു ഡിസിസി ഭാരവാഹികളുടെ പട്ടിക ലഭിച്ചിട്ടുണ്ടെങ്കിലും അത് കെപിസിസി ഉദ്ദേശിക്കുന്ന എണ്ണത്തിലേക്കു ചുരുക്കുക എളുപ്പമല്ലെന്നു നേതൃത്വത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും മുൻപ് പ്രഖ്യാപിച്ച പ്രകാരം തന്നെ അഴിച്ചു പണി പൂർത്തിയാക്കണമെന്ന തീരുമാനത്തിലാണു കെ.സുധാകരൻ. പ്രതിപക്ഷ നേതാവ് മടങ്ങിയെത്തിയ ശേഷം ജില്ലാതല പട്ടികകൾ ഇരുവരും വിലയിരുത്തി ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരുമായി കൂടി സംസാരിച്ച് അന്തിമമാക്കാനാണു ശ്രമം. ഇതിനിടെയാണ് പുതിയ പ്രശ്‌നം.
കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള മുഖ്യ വരണാധികാരിയായി കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെയും സഹ വരണാധികാരിയായി തമിഴ്‌നാട്ടിൽ നിന്നുള്ള വി.കെ.അറിവഴകനെയും എഐസിസി നിയോഗിച്ചിട്ടുണ്ട്. ഇരുവരും വൈകാതെ കേരളത്തിലെത്തും. എഐസിസിയുടെ ഷെഡ്യൂൾ പ്രകാരം നവംബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് അംഗത്വവിതരണം. ബൂത്ത് മുതൽ ബ്ലോക്ക് വരെയുള്ള കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് ഏപ്രിൽ 16നും മെയ് 31നും ഇടയിൽ നടത്തണം. തിരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ അടുത്തു വരുന്ന സാഹചര്യത്തിൽ ബ്ലോക്ക്, മണ്ഡലം പുനഃസംഘടന ഇനി അനിവാര്യമാണോ എന്ന ചോദ്യം ഗ്രൂപ്പുകൾ ഉയർത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും വേർതിരിച്ചുകണ്ട് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ഭരണപക്ഷം ശ്രമിക്കുും. പ്രതിപക്ഷത്തെ ആധികാരികശബ്ദം ആരുടേത് എന്നതാണ് തർക്കത്തിലൂടെ ഉയരുന്ന ചോദ്യം. ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല ടീമിൽനിന്ന് കെ. സുധാകരൻ-വി.ഡി. സതീശൻ സംഘത്തിലേക്ക് നേതൃസ്ഥാനങ്ങൾ കൈമാറിയതിനെത്തുടർന്നാണ് തർക്കം. ഏതായാലും 'രമേശിനെതിരേ നേതൃത്വം' എന്നനിലയ്ക്ക് വാർത്തകൾ വന്നതോടെ കെ. സുധാകരൻ ഇടപെട്ട് ഇത് നിഷേധിച്ചു. ഔദ്യോഗികമായി വാർത്തകൾ തള്ളിയെങ്കിലും ഉന്നത നേതൃനിരയിലുണ്ടായ വിള്ളൽ നീറിനിൽക്കുകയാണ്.
പൊതുരംഗത്തുനിൽക്കുന്ന താൻ സമാനപ്രശ്‌നങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരുമെന്നു പറഞ്ഞ് ചെന്നിത്തല തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. സുധാകരനിൽനിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നു പറഞ്ഞ് ചെന്നിത്തല അദ്ദേഹവുമായുണ്ടായ അകൽച്ച ഇല്ലാതാക്കി ബന്ധം വിളക്കിച്ചേർത്തുവരുകയാണെന്നാണ് സൂചന.
കോൺഗ്രസിലെ തർക്കങ്ങൾ മുറുകുന്നത് പുനഃസംഘടനയെയും ബാധിക്കും. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ പുനഃസംഘടന നടത്താൻ ഹൈക്കമാൻഡിന്റെ അനുമതിയുണ്ട്. ഇതുസംബന്ധിച്ച ചർച്ച നടന്നുവരുകയാണെങ്കിലും ഒരടി മുന്നോട്ടെങ്കിൽ രണ്ടടി പിന്നോട്ട് എന്ന മട്ടിൽ ചർച്ച നീണ്ടുപോകുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പ് പുനഃസംഘടന നടത്താനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ