- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൂവറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് നാളിതുവരെയായി പുറത്തുവിടാത്തതും ദുരൂഹം; ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി ഡിസ്റ്റിലറികളും, ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബ്രൂവറി - ഡിസ്റ്റിലറി വിവാദത്തിൽപ്പെട്ട കമ്പനികൾക്ക് വീണ്ടും മദ്യ നിർമ്മാണത്തിന് അനുമതി നൽകാൻ നീക്കം നടക്കുന്നതായുള്ള പത്രവാർത്തകൾ പുറത്തുവന്നിരിക്കയാണ്.
സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥ-ഭരണസംവിധാനവും, പ്രതിപക്ഷപ്പാർട്ടികളും 2018 ലെ മഹാപ്രളത്തിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അവസരത്തിലാണ് ആരെയും അറിയിക്കാതെ രഹസ്യമായി സംസ്ഥാനത്ത് 3 ബ്രൂവറികൾക്കും, ഒരു ഡിസ്റ്റിലറിക്കും സംസ്ഥാനസർക്കാർ ലൈസൻസ് അനുവദിച്ചത്. ബ്രൂവറി/ ഡിസ്റ്റിലറികൾക്ക് ലൈസൻസ് നൽകുന്നതിനായി സംസ്ഥാനം ഇതുവരെ അനുവർത്തിച്ചുപോന്ന നടപടിക്രമങ്ങൾക്ക് കടകവിരുദ്ധമായും, എൽഡിഎഫ് സർക്കാരിന്റെ തന്നെ മദ്യനയം അട്ടിമറിച്ചുമാണ് ഇത്തരമൊരു നടപടി അന്ന് സർക്കാർ കൈക്കൊണ്ടത്.
എന്നാൽ, പ്രതിപക്ഷം ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നതിനെത്തുടർന്ന് സർക്കാർ പ്രസ്തുത തീരുമാനം റദ്ദാക്കിയെങ്കിലും ,ഇതുമായി ബന്ധപ്പെട്ട് ഞാൻ വിജിലൻസ് കോടതിയിൽ നൽകിയ കേസിന്റെ നടപടികൾ ഇപ്പോഴും തുടർന്നുവരികയാണ്. പ്രസ്തുത ക്രമക്കേടിന് ആധാരമായ ഫയലുകളും, കുറിപ്പുകളും എനിക്ക് ലഭ്യമാക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്, ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളും, ക്രമക്കേടുകളും സംഭവിച്ചു എന്നതിന്റെ തെളിവാണ്. ഇതിനിടയിലാണ് അന്ന് ആരോപണവിധേയരായ കമ്പനികൾക്കുതന്നെ ഇപ്പോൾ വീണ്ടും ബ്രൂവറി/ഡിസ്റ്റിലറി ലൈസൻസ് അനുവദിക്കുന്നതിന് സർക്കാർ നീക്കം തുടങ്ങി എന്ന റിപ്പോർട്ടുകൾ വരുന്നത്.
അന്ന് ഉയർന്നിരുന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ, കേരളത്തിൽ നടക്കുന്ന മദ്യത്തിന്റെ ഉൽപാദനം, വിതരണം, ഇതരസംസ്ഥാനകമ്പനികളിൽനിന്നുള്ള മദ്യത്തിന്റെ സമാഹരണം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ സുതാര്യമായ നയങ്ങളും മാർഗ്ഗരീതിയും രൂപപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം താൻ പലതവണ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സംസ്ഥാനത്ത് നിലവിലുള്ള ഡിസ്റ്റിലറി, ബ്രൂവറികളുടെ ഉൽപാദനക്ഷമത, ഉൽപാദനത്തിന്റെ തോത് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് വിലയിരുത്തിയും , വ്യക്തമായ മാനദണ്ഡങ്ങൾ അനുവർത്തിച്ചും മാത്രമേ ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും താൻ ആവശ്യപ്പെട്ടിരുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേരളത്തിലെ നിലവിലുള്ള ഡിസ്റ്റിലറികളുടെ പ്രവർത്തനവും, ഉൽപാദനവും പൂർണ്ണതോതിലാക്കിയാൽത്തന്നെ ഇതരസംസ്ഥാന മദ്യക്കമ്പനികളെയും, ലോബികളെയും ആശ്രയിക്കാതെതന്നെ കേരളത്തിനാവശ്യമായ മദ്യം ലഭ്യമാക്കാനാകുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കാതെ വീണ്ടും 2018 ൽ ആരോപണവിധേയരായ കമ്പനികൾക്കുതന്നെ ബ്രൂവറി/ ഡിസ്റ്റിലറി ലൈസൻസ് അനുവദിക്കാനുള്ള നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളികൂടിയാണ്.
പാലക്കാടുപോലെ അതീവ വരൾച്ചാസാധ്യത നിലനിൽക്കുന്ന ഒരു ജില്ലയിൽ, അതും ഒരു വർഷം അഞ്ച് കോടി ലിറ്റർ ഭൂഗർഭജലം ഉപയോഗിക്കുന്ന പ്ലാന്റുകൾ ബ്രൂവറി/ഡിസ്റ്റിലറികളുടെ ഭാഗമായി സ്ഥാപിക്കാൻ അനുമതി നൽകുന്നത് അവിടത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കും, ജനജീവിതം ദുസ്സഹമാക്കും. പണ്ട് പ്ലാച്ചിമട സമരത്തിന് പിന്തുണ നൽകിയ ഒരു പാർട്ടിയും, മുന്നണിയും നേതൃത്വം നൽകുന്ന സർക്കാർ തന്നെ ഇത്തരമൊരു ജനവിരുദ്ധസമീപനം സ്വീകരിക്കുന്നത് അവിടത്തെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്.
മാത്രമല്ല 2018 ലെ ബ്രൂവറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് നാളിതുവരെയായി പുറത്തുവിടാത്തതും ദുരൂഹമാണ്. പ്രസ്തുത റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും, പ്രസ്തുത റിപ്പോർട്ടിന് അനുസൃതമായുള്ള ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലും, പ്രതിപക്ഷപാർട്ടികളെയും, പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തും അവരെ ബോധ്യപ്പെടുത്തിയും മാത്രമേ ഇതുസംബന്ധിച്ചുള്ള ഏതൊരു തുടർനടപടിയും സ്വീകരിക്കാൻ പാടുള്ളൂ എന്നും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.