- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി; കൊള്ളരുതായ്മകൾ ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അദ്ദേഹം; ഇനിയും പുറത്തുവരാത്ത പലതുമുണ്ട്; ആ പേടി കൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബെന്നും പ്രതിപക്ഷം പറഞ്ഞതല്ലെന്നും പരിഹസിച്ച് ചെന്നിത്തല
തിരുവനന്തപുരം: കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. കൊള്ളരുതായ്മകൾ ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അദ്ദേഹം. ഇനിയും പുറത്തുവരാത്ത പലതുമുണ്ട്. ആ പേടി കൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബെന്നും പ്രതിപക്ഷം പറഞ്ഞതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പിആർ ഏജൻസികൾ കോടികൾ വാരി ഒഴുക്കി ഊതിപ്പെരുക്കിയ ഇമേജ് മാത്രമേ പിണറായി സർക്കാരിനുള്ളു എന്നും ചെന്നിത്തല പരിഹസിച്ചു.
'യഥാർത്ഥത്തിൽ കേരളം ഒരു ബോംബിന്റെ പുറത്താണ് ഇപ്പോൾ. കടബോംബാണ് അത്. ചുമക്കാൻ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേൽ ഇടതു സർക്കാർ വലിച്ചു കയറ്റി വച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക് ഒരു തമാശ പറഞ്ഞു. 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്. ഈ മാർച്ച് 30 ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ട ശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അല്പം കടന്നതാണ്.
രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ കഴിയുമെന്നാണ് ധനമന്ത്രി പറയുന്നത്. അതും കൂടി ചേർത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറയുന്നത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേർത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ. കേരളത്തിന്റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരഞ്ഞ വൈഭവമാണ്', ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം:
കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊള്ളരുതായ്മകൾ ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അദ്ദേഹം. അതിൽ ഇനിയും പുറത്തുവരാത്ത പലതുമുണ്ട്. ആ പേടി കൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബ്. അല്ലാതെ പ്രതിപക്ഷം പറഞ്ഞതല്ല.
യഥാർത്ഥത്തിൽ കേരളം ഒരു ബോംബിന്റെ പുറത്താണ് ഇപ്പോൾ. കടബോംബാണ് അത്. ചുമക്കാൻ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേൽ ഇടതു സർക്കാർ വലിച്ചു കയറ്റി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക് ഒരു തമാശ പറഞ്ഞു. 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്. ഈ മാർച്ച് 30 ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ട ശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അല്പം കടന്നതാണ്.
രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ കഴിയുമെന്നാണ് ധനമന്ത്രി പറയുന്നത്. അതും കൂടി ചേർത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറയുന്നത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേർത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ. കേരളത്തിന്റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരഞ്ഞ വൈഭവമാണ്.
കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ കടബാധ്യതയാകട്ടെ 3,21,000 കോടി കവിഞ്ഞിരിക്കുന്നു. ഈ സർക്കാർ മാത്രം വാങ്ങി കൂട്ടിയ കടം 1,63,630 കോടിരൂപയാണ്. കേരളം രൂപപ്പെട്ടശേഷം ഇതുവരെ ഉണ്ടായ സർക്കാരുകളെല്ലാം കൂടി വാങ്ങിക്കൂട്ടിയ കടത്തേക്കാൾ കൂടുതലാണ് അഞ്ചുവർഷം കൊണ്ട് ഈ സർക്കാർ മാത്രം വരുത്തിവച്ച കടം. കൊള്ളപ്പലിശയ്ക്ക് കിഫ്ബി വാങ്ങിക്കൂട്ടിയ കടം ഇതിനു പുറമേയാണ്.
2016 ൽ ഇടതുസർക്കാർ അധികാരമേൽക്കുമ്പോൾ ആളോഹരി കടം 46,078 രൂപയായിരുന്നു. ഇപ്പോഴത് 90,000 രൂപ കഴിഞ്ഞിരിക്കുന്നു. അതായത് ഓരോ കുഞ്ഞും 90,000 രൂപ കടക്കാരനായാണ് ജനിച്ചുവീഴുന്നത്. ആ അവസ്ഥയിലാണ് ഇടതു സർക്കാർ കേരളത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ മാത്രം വാങ്ങിയ കടം 22000 കോടി രൂപയാണ്.
കടം വാങ്ങിക്കൂട്ടിയ ഈ പണമെല്ലാം എവിടെപ്പോയി എന്നു കണ്ടെത്തേണ്ടതുണ്ട്. വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു എന്ന് പറയാൻ കഴിയില്ല. വികസനരംഗത്ത് കഴിഞ്ഞ അഞ്ചുവർഷവും വട്ടപൂജ്യമായിരുന്നു.പുതുതായി ഒരൊറ്റ വൻകിട പദ്ധതി ആരംഭിച്ചു പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. കുറേ റോഡുകൾ ടാർ ചെയ്യുകയും സ്കൂൾ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തുകയുമാണ് ആകെ ചെയ്തത്. അത് എല്ലാ സർക്കാരുകളുടെ കാലത്തും പതിവായി നടന്നു പോകുന്ന കാര്യമാണ്. ഇത്തവണയാകട്ടെ, ഈ പണികൾ കിഫ്ബി വഴിയാണ് നടത്തിയത്. അത് ഈ കണക്കിൽ വരുന്നില്ല. കടം വാങ്ങിയ പണമെല്ലാം ധൂർത്തടിച്ചു കളയുകയാണ് ഈ സർക്കാർ ചെയ്തത്. ധനകാര്യ മിസ് മാനേജ്മെന്റ്, ധൂർത്ത്, അഴിമതി, എന്നിവ കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണ് സർക്കാർ ചെയ്തത്. ലക്കും ലഗാനുമില്ലാതെയാണ് പണം ധൂർത്തടിച്ചത്.
നിയമസഭയിൽ നടന്ന അമ്പരപ്പിക്കുന്ന അനാവശ്യ ചെലവ് പോലെ കോടികളാണ് വെള്ളം പോലെ പല വഴിക്ക് ഒഴുകിപ്പോയത്. സ്പ്രിങ്ളർ പോലുള്ള സർക്കാരിന്റെ വഴിവിട്ട പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ വൻതോതിൽ പണം മുടക്കി വക്കീലന്മാരെ പുറത്തു നിന്ന് കൊണ്ടുവന്നു.സിപിഎമ്മിന്റെ കൊലയാളി സംഘങ്ങളെ സിബിഐ.യിൽനിന്ന് രക്ഷിക്കാനും കോടികളൊഴുക്കി. പരസ്യത്തിനും, പ്രതിഛായ നിർമ്മാണത്തിനും ആഘോഷങ്ങൾക്കും ഒഴുക്കിയ പണത്തിന് കണക്കില്ല. അതിനു പുറമെയാണ് അഴിമതിയും കയ്യിട്ടു വാരലും.
അതേസമയം അവശ്യ കാര്യങ്ങൾക്ക് ഇടതു സർക്കാർ പണം ചെലവാക്കിയതുമില്ല. 2018 ൽ ഈ സർക്കാരിന്റെ തന്നെ തെറ്റുകൾകൊണ്ട് ഉണ്ടായ മഹാപ്രളയത്തിൽ എല്ലാം നശിച്ചവർക്കായി ആവിഷ്ക്കരിച്ചറീ ബിൽഡ് കേരള പദ്ധതിയിൽ ഒന്നും നടന്നില്ല. കഴിഞ്ഞ വർഷം 1000 കോടി രൂപ നീക്കി വെച്ചെങ്കിലും ചില്ലിക്കാശ് ചിലവഴിച്ചില്ല. ഈ വർഷവും 1000 കോടി വക വച്ചിട്ട് ആകെ ചെലവാക്കിയത് 229 കോടി മാത്രം.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആഭ്യന്തര വായ്പയായി സർക്കാർ വാങ്ങിക്കൂട്ടിയ തുകയിൽ 64,500 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ഈ സർക്കാർ തന്നെ നിയമസഭയിൽ നൽകിയ കണക്ക്. വിദേശ വായ്പയായി തിരിച്ചടയ്ക്കേണ്ടിവരുന്നത് 2862 കോടി രൂപ. 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് വാങ്ങിയ മസാല ബോണ്ടിന്റെ 2150 കോടിയും അടുത്ത വർഷങ്ങളിൽ തിരികെ നൽകണം. ഇതിന്റെ പലിശ നൽകി തുടങ്ങിയിട്ടുണ്ട്. ഇതിനകം നൽകിയത് 313.77 കോടി രൂപ
കഴിഞ്ഞ 5 വർഷവും ചെലവ് വർദ്ധിക്കുകയും ധൂർത്തടിക്കുകയും ചെയ്തു എന്നതല്ലാതെ ഉല്പാദനം വർദ്ധിപ്പിക്കാനുള്ള യാതൊന്നും ഈ സർക്കാർ ചെയ്തില്ല.ഇത്രയും പിടിപ്പുകെട്ട മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. പി.ആർ.ഏജൻസികൾ കോടികൾ വാരി ഒഴുക്കി ഊതി പ്പെരുക്കിയ ഇമേജ് മാത്രമേ പിണറായി സർക്കാരിനുള്ളൂ. ഇനിയും ഒരിക്കൽകൂടി ഈ സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിന്റെ സമ്പദ്ഘടന ഒരിക്കലും കര കയറാനാവാത്ത വിധം പൂർണ്ണമായും തകരും.
മറുനാടന് മലയാളി ബ്യൂറോ