കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവർക്കെതിരെ കേസെടുക്കാൻ കേരളത്തിൽ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന്  രമേശ് ചെന്നിത്തല.

കേരളത്തിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുന്നതും, വിജിലൻസിനെ ഉപയോഗിച്ച് ആളുകളെ തട്ടിക്കൊണ്ടുപോകുന്നതും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അധികാര ദുർവിനിയോഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

പൊലീസ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് കേട്ടുകേഴ്‌വി ഇല്ലാത്ത കാര്യമാണ്. വിജിലസുകാർക്ക് ഒരാളെ തട്ടിക്കൊണ്ടുപോകാനോ കസ്റ്റഡിയിൽ വയ്ക്കാനോ ചില പ്രത്യേക കേസുകളിൽ അല്ലാതെ അധികാരമില്ല. സർക്കാർ നടത്തുന്നത് കോടതിയലക്ഷ്യമാണ്. മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയമെന്നും ചെന്നിത്തല പറഞ്ഞു.

ലക്ഷങ്ങൾ ചെലവഴിച്ച് വേണ്ടാത്ത കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കുന്നു.ഖജനാവിലെ തുക ധൂർത്തടിച്ച് തങ്ങളുടെ തൊലി സംരക്ഷിക്കുകയാണ്. സർക്കാരിന്റേത് അപകടകരമായ സമീപനമാണ്. സമഗ്രഅന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.